വീണ്ടും റിയല്‍ എസ്റ്റേറ്റ് ബൂം

Posted on: 03 Dec 2012


കെ.വി.രാജേഷ്‌

കഴിഞ്ഞ ജൂണ്‍ -സപ്തംബര്‍ കാലയളവില്‍ കൊച്ചി നഗരത്തില്‍ വീടുകളുടെയും ഫ്ലാറ്റുകളുടെയും വിലയില്‍ 10 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ മറ്റെല്ലാ നഗരങ്ങളേക്കാളും കൂടുതല്‍


കൊച്ചി നഗരത്തില്‍ വീടുകളുടെയും ഫ്ലാറ്റുകളുടെയും വില കുതിക്കുന്നു. കഴിഞ്ഞ ജൂണ്‍ - സപ്തംബര്‍ കാലയളവില്‍ മാത്രം 10 ശതമാനം വിലവര്‍ധനയാണുണ്ടായത്. മാര്‍ച്ചില്‍ അവസാനിച്ച പാദവര്‍ഷത്തില്‍ 12 ശതമാനം കുറവു രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഇന്ത്യയിലെ മെട്രോ നഗരങ്ങളായ ഡല്‍ഹിയും മുംബൈയും ഇതിന് ഏറെ പിന്നിലാണ്. ഡല്‍ഹിയില്‍ 3.8 ശതമാനവും മുംബൈയില്‍ 0.5 ശതമാനവുമാണ് വര്‍ധന.

കൊച്ചിയുടെ അതിവേഗ വളര്‍ച്ചയാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ഈ വിലവര്‍ധനയ്ക്ക് കാരണം. കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, റിഫൈനറി, ഗെയില്‍ വാതക പൈപ്പ്‌ലൈന്‍, നോളജ് സിറ്റി, ഇന്‍ഫോ പാര്‍ക്ക് ഉള്‍പ്പെടെയുള്ള ഐടി പദ്ധതികള്‍ എന്നിങ്ങനെ വന്‍ വികസനമാണ് കൊച്ചിയില്‍ നടന്നുവരുന്നത്. ഇതനുസരിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. കൂടുതല്‍ പേര്‍ ഗ്രാമീണ മേഖലയില്‍നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമായി കൊച്ചിയിലെത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം താമസ സൗകര്യമൊരുക്കുമ്പോള്‍ സ്ഥല ലഭ്യത കുറയുന്നതാണ് വിലകുതിച്ചുകയറാന്‍ കാരണമായിരിക്കുന്നത്.

ബാങ്ക് ലോണുകള്‍ക്ക് പലിശ ഉയര്‍ന്നു നില്‍ക്കുന്നത് മറ്റിടങ്ങളില്‍ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപം കുറയുന്നതിനും ഇത് കാരണമാകുന്നു. മറ്റു പ്രധാന നഗരങ്ങളില്‍ വീടുകളുടെ വിലവര്‍ധന ഇപ്രകാരമാണ്. ജയ്പുരില്‍ ഒന്‍പതു ശതമാനം, അഹമ്മദാബാദ് മൂന്നു ശതമാനം, ഭുവനേശ്വര്‍ 2.3 ശതമാനം, ലഖ്‌നൗ 2.2 ശതമാനം, ചെന്നൈ 0.8 ശതമാനം, പുണെ 0.7 ശതമാനം. 10 ശതമാനം വര്‍ധനയുമായി കൊച്ചി ഈ നഗരങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്ന് നാഷണല്‍ ഹൗസിങ് ബാങ്ക് 11 നഗരങ്ങളില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയുടെ വില സംബന്ധിച്ച് നടത്തിയ പഠനത്തില്‍ പറയുന്നു.

അതേസമയം, സൂറത്ത്, ഇന്‍ഡോര്‍ പോലുള്ള നഗരങ്ങളില്‍ വീടുകളുടെ വില കുറയുകയാണ്. സൂറത്തിലാണ് ഏറ്റവുമധികം മാന്ദ്യം - 4.8 ശതമാനം. ഇന്‍ഡോര്‍ 3.5 ശതമാനം, കൊല്‍ക്കത്ത 2.4 ശതമാനം, വിജയവാഡ 2.4 ശതമാനം, പട്‌ന 1.8 ശതമാനം, ലുധിയാന 1.7 ശതമാനം, ബാംഗ്ലൂര്‍ 1.7 ശതമാനം, ഹൈദരാബാദ് 1.3 ശതമാനം, ഗുവാഹത്തി 0.7 ശതമാനം, ഭോപ്പാല്‍ 0.5 ശതമാനം, ഫരീദാബാദ് 0.4 ശതമാനം എന്നിങ്ങനെയാണ് കുറവ്. ഇവിടങ്ങളില്‍ അനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണിതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രമുഖരായ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റുമാര്‍ തയ്യാറാക്കിയ പട്ടികയനുസരിച്ച് ഇന്ത്യയിലെ നിക്ഷേപ യോഗ്യമായ ഏഴു പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് കൊച്ചി. ആന്ധ്രയിലെ ദ്വാരകാ നഗര്‍, ഗുജറാത്തിലെ ഗോര്‍വ, രാജസ്ഥാനിലെ വൈശാലി നഗര്‍, മഹാരാഷ്ട്രയിലെ മിഹാന്‍, തമിഴ്‌നാട്ടിലെ പീലമേട്, ചണ്ഡീഗഢിലെ സിരാക്പുര്‍ എന്നിവയ്‌ക്കൊപ്പമാണ് കൊച്ചിയിലെ വൈറ്റിലയേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പദ്ധതികള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമായാണ് വൈറ്റിലയെ കാണുന്നത്. വീടുകളുടെ വില ഈ മേഖലയില്‍ 30 ശതമാനം വരെയാണ് വര്‍ധിച്ചിരിക്കുന്നത്. കൊച്ചി മെട്രോ പദ്ധതി കൂടി നടപ്പായാല്‍ ഇവിടെ വിലയില്‍ 40 ശതമാനം മുതല്‍ 50 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് നിര്‍മാണ മേഖലയില്‍ നിന്നുള്ളവര്‍ വിലയിരുത്തുന്നത്. ജിയോജിത് ബിഎന്‍പി പാരിബാസ് പ്രോപ്പര്‍ട്ടി സര്‍വീസസിന്റെ കണക്കു പ്രകാരം മെട്രോ സ്‌റ്റേഷനുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍, പദ്ധതി പൂര്‍ത്തിയാകുന്നതോടെ സ്ഥല/വീട് വില 50 ശതമാനം വരെ ഉയരും.

കൊച്ചിയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി വാര്‍ഷിക റിട്ടേണ്‍ ശരാശരി 16 ശതമാനമാണ്. എന്നാല്‍ ആറു മാസത്തിനിടെ കലൂര്‍ മേഖലയിലും പരിസരത്തും 30 ശതമാനം വില വര്‍ധനയാണുണ്ടായിരിക്കുന്നത്. മെട്രോ സ്‌റ്റേഷനുകള്‍ വരുന്ന കലൂര്‍, ഇടപ്പള്ളി, ആലുവ പോലുള്ള സ്ഥലങ്ങളില്‍ ചതുരശ്ര അടിക്ക് 2500 രൂപ മുതല്‍ 5000 രൂപ വരെയാണ് നിലവിലെ വില. സപ്തംബറിലെ കണക്കനുസരിച്ച് ഐടി മേഖല കേന്ദ്രീകരിച്ചിരിക്കുന്ന കാക്കനാട്ട് അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ചതുരശ്ര അടിക്ക് 3233 രൂപ മുതല്‍ 3476 രൂപ വരെയാണ് വില. വില്ലകള്‍ക്കും വീടുകള്‍ക്കും ഇത് 4025 രൂപ വരെയാകും. 2009-ല്‍ ഇത് യഥാക്രമം 4250 രൂപയും 7000 രൂപയും വരെയായിരുന്നു.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇടപാടുകള്‍ കുറവാണെന്നത് ശരി തന്നെ. ബാങ്ക് പലിശ ഉയര്‍ന്നു നില്‍ക്കുന്നതും വിലക്കയറ്റവുമാണ് വീടുവാങ്ങുന്നവരെ പിന്നോട്ട് വലിച്ചിരിക്കുന്നത്. അടുത്തുതന്നെ പലിശനിരക്കുകള്‍ കുറയുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ ഈ മേഖലയില്‍ വന്‍ കുതിപ്പാകും ഉണ്ടാവുക. അതനുസരിച്ച് വിലയും കുത്തനെ കയറും.

കൊച്ചിയില്‍ ഐടി/ഐടി അനുബന്ധ വ്യവസായങ്ങള്‍ വന്നു തുടങ്ങിയതോടെയാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കുതിപ്പുതുടങ്ങുന്നത്. ഇപ്പോള്‍ കൊച്ചിയില്‍ യാത്ര ഏറെ ദുഷ്‌കരമാണ്. കൊച്ചി മെട്രോ വരുന്നതോടെ മികച്ച യാത്രാ സൗകര്യങ്ങളാണ് കൊച്ചി പ്രതീക്ഷിക്കുന്നത്. ഇത് കൂടുതല്‍ പേരെ കൊച്ചിയിലേക്ക് നിക്ഷേപവും വ്യാപാര-വാണിജ്യ ബന്ധങ്ങളുമായി എത്താന്‍ പ്രേരിപ്പിക്കും. കൊച്ചിയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ കരുത്തു പകരുന്നതാണിതെന്ന് പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു.


Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.