ആര്‍ക്കിടെക്ടിനെ തിരഞ്ഞെടുക്കുമ്പോള്‍

Posted on: 19 Nov 2012

ഭൂമി തെരഞ്ഞെടുക്കല്‍ കഴിഞ്ഞാല്‍ അടുത്തപടി സേവനദാതാക്കളെ തീരുമാനിക്കലാണ്.

A. ആര്‍ക്കിടെക്റ്റിനെ ആദ്യം തീരുമാനിക്കണം.

നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ആര്‍ക്കിടെക്റ്റ് യഥാര്‍ഥ യോഗ്യത (B.Arch)യും കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ റജിസ്‌ട്രേഡും ആണെന്നും ഉറപ്പുവരുത്തുക. അത്തരത്തിലുള്ള ആര്‍ക്കിടെക്റ്റിനു മാത്രമേ പ്രൊഫഷണലായും വഞ്ചിക്കാതെയും നിങ്ങളുടെ മനസ്സിനിണങ്ങിയ വീട് ഡിസൈന്‍ചെയ്ത് സൂപ്രവൈസ്‌ചെയ്ത് പൂര്‍ത്തിയാക്കാന്‍ കഴിയൂ. ആര്‍ക്കിടെക്റ്റിനോട് നിങ്ങളുടെ സ്വപ്‌നഗൃഹത്തെക്കുറിച്ച് വിശദമായി വിവരിക്കാം. വീട്ടിലെ മറ്റ് അംഗങ്ങളുടെയും കൂടി അഭിപ്രായങ്ങള്‍ പറയണം.

എന്തു സേവനങ്ങളാണ് നിങ്ങള്‍ക്കു വേണ്ടതെന്നും അതിന് ഫീസ് എത്രയാണെന്നും ഏതൊക്കെ ഘട്ടങ്ങളിലായിട്ടാണ് നല്‍കേണ്ടതെന്നും ചോദിച്ചു മനസ്സിലാക്കണം. ആര്‍ക്കിടെക്റ്റ് നിങ്ങളുടെ സൈറ്റ് സന്ദര്‍ശിച്ച ശേഷം സ്‌കെച്ച്ഡിസൈനുകള്‍ ഉണ്ടാക്കി കാണിക്കും. നിങ്ങള്‍ ആര്‍ക്കിടെക്റ്റുമായി ആ ഡിസൈനില്‍ ആവശ്യമായതും ആവശ്യമില്ലാത്തതുമായി വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കണം. നിങ്ങള്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍വരുത്തി പുതിയ ഡിസൈന്‍ ആര്‍ക്കിടെക്റ്റ് നിങ്ങള്‍ക്ക് നല്‍കുന്നതായിരിക്കും.

ചിലപ്പോള്‍ ഇത്തരത്തില്‍ രണ്ടോ മൂന്നോ സ്‌കെച്ച് ഡിസൈന്‍ സ്റ്റേജുകളില്‍ മാറ്റങ്ങളും ചര്‍ച്ചകളും വേണ്ടിവന്നേക്കാം. ഇതിനുശേഷമാണ് എലവേഷന്‍, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുന്നത്. ഒരിക്കല്‍ നിങ്ങളുടെ ഇഷ്ടപ്ലാന്‍ തയ്യാറായാല്‍ മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയ്ക്കുവേണ്ടിയുള്ള ഡ്രോയിങ് ഉണ്ടാക്കിത്തരുന്നതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്കോ അല്ലെങ്കില്‍ നിങ്ങളുടെ നിര്‍ദേശപ്രകാരം ആര്‍ക്കിടെക്റ്റിനോ സ്ട്രക്ചറല്‍ എഞ്ചിനീയറെ തീരുമാനിക്കാവുന്നതാണ്.

നിങ്ങള്‍ നേരിട്ട് സ്ട്രക്ചറല്‍ എഞ്ചിനീയറെ ഏല്പിക്കുകയാണെങ്കില്‍ ആര്‍ക്കിടെക്റ്റുമായുള്ള എഞ്ചിനീയറുടെ കോര്‍ഡിനേഷന്‍ ബുദ്ധിമുട്ടാവുന്നതിനാല്‍ കഴിയുന്നതും ആര്‍ക്കിടെക്റ്റിനോടുതന്നെ സ്ട്രക്ചറല്‍ എഞ്ചിനീയറെ ഏര്‍പാടാക്കാന്‍ പറയുകയായിരിക്കും ഉത്തമം. സ്ട്രക്ചറല്‍ ഡീട്ടെയ്ല്‍സ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശദമായ കണ്‍സ്ട്രക്ഷന്‍ ഡ്രോയിങ്ങ്‌സും എസ്റ്റിമേറ്റും ആര്‍ക്കിടെക്റ്റ് നല്‍കുന്നതായിരിക്കും.

B. വാസ്തുവിദഗ്ദ്ധന്‍

വിശ്വാസമുണ്ടെങ്കില്‍ സ്‌കെച്ച് ഡിസൈന്റെ ആദ്യത്തെ ഘട്ടത്തില്‍ത്തന്നെ വാസ്തുവിദഗ്ദ്ധനെ കാണാവുന്നതാണ്. മുറികളുടെ സ്ഥാനവും ഉള്ളളവുകളും കെട്ടിടത്തിന്റെ മൊത്തം ചുറ്റളവും പരിശോധിച്ച് വാസ്തുവിഗദ്ധന്‍ വേണ്ടതായ മാറ്റങ്ങള്‍ നിര്‍ദേശിക്കും. ഇത്തരം മാറ്റങ്ങള്‍ ആര്‍ക്കിടെക്റ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ആ മാറ്റങ്ങള്‍ കൂടി സ്‌കെച്ച് ഡിസൈനില്‍ വരുത്താവുന്നതാണ്.

C. കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ട്

അടുത്തപടി നല്ല കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടറെ കണ്ടുപിടിക്കലാണ്. നിങ്ങള്‍ക്കു പരിചയമുള്ള കോണ്‍ട്രാക്ടര്‍മാര്‍ ഉണ്ടായേക്കാം. പക്ഷേ, മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ എടുത്ത് ന്യായമായ തുകയാണോ എന്നു നോക്കാതെ കോണ്‍ട്രാക്ടര്‍ക്ക് കണ്ണുമടച്ച് പണം നല്‍കുന്നത് ആത്മഹത്യാപരമാണ്. ചിലപ്പോള്‍ ആര്‍ക്കിടെക്റ്റുതന്നെ വീടിന്റെ മൊത്തം പണിയും ചെയ്തു നല്‍കാറുണ്ട്. ഇത്തരത്തിലുള്ള ആര്‍ക്കിടെക്റ്റര്‍മാരെ ലഭ്യമായില്ലെങ്കില്‍ വിവിധ കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ എടുത്ത് വിശദമായി പഠിച്ചതിനുശേഷം ന്യായമായ തുകയ്ക്കും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവൃത്തിപരിചയമുള്ളതുമായ കോണ്‍ട്രാക്ടറെ തെരഞ്ഞെടുക്കാന്‍ ആര്‍ക്കിടെക്റ്റിന്റെ സഹായം ആവശ്യപ്പെടാവുന്നതാണ്.

സ്‌ക്വയര്‍ഫീറ്റ് കണക്കനുസരിച്ച് കോണ്‍ട്രാക്ട് കൊടുക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത്തരം കോണ്‍ട്രാക്ടറുകള്‍ 90 ശതമാനവും വാക്കുതര്‍ക്കങ്ങളില്‍ അവസാനിക്കുകയാണ് പതിവ്. ഓരോ ഐറ്റം തിരിച്ചുള്ള കോണ്‍ട്രാക്ട് ജോലി ഏല്പിക്കുന്നതാണ് ഉത്തമം. അത് ശരിയായരീതിയില്‍ കരാര്‍ വെയ്ച്ചിട്ടുണ്ടെന്നും നിങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്.

ഡ്രോയിങ്ങിന്റെ സര്‍ട്ടിഫിക്കേഷനും അപ്രൂവ്‌ചെയ്ത ക്വട്ടേഷനും ഈ കരാറിന്റെ ഭാഗമായിരിക്കണം. ജോലി പൂര്‍ത്തീകരിക്കേണ്ട തീയതിയും പണമിടപാടുകള്‍ നടത്തേണ്ട തീയതിയും കൃത്യമായി കരാറില്‍ എഴുതിയിരിക്കണം. ഓരോ ഘട്ടത്തിലെ പണി തീരുമ്പോഴും കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും അതതു ഘട്ടങ്ങളിലെ ബില്ലുകള്‍ കൈപ്പറ്റേണ്ടതാണ്. ഇത്തരം ബില്ലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തുകയും ക്വാണ്ടിറ്റിയും ആര്‍ക്കിടെക്റ്റ് കൃത്യമായി അളന്നുപരിശോധിച്ച് അപ്രൂവ്‌ചെയ്യേണ്ടതാണ്.

ആര്‍ക്കിടെക്റ്റ് അപ്രൂവ്‌ചെയ്യാതെ കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണമിടപാടുകള്‍ ചെയ്യരുത്. ആര്‍ക്കിടെക്റ്റിന്റെ ഏതെങ്കിലും തീരുമാനമോ നടപടിയോ നീതിപൂര്‍വമല്ലാതാവുകയും വീടുവെയ്ക്കുന്ന ആള്‍ക്കോ കോണ്‍ട്രാകടര്‍ക്കോ നഷ്ടമോ ബുദ്ധിമുട്ടോ ഉണ്ടാവുകയാണെങ്കില്‍ തെളിവുസഹിതം ന്യൂഡല്‍ഹിയിലുള്ള കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ പരാതിപ്പെട്ടാല്‍ ആര്‍ക്കിടെക്റ്റിന്റെ രജിസ്‌ട്രേഷന്‍ വരെ നഷ്ടപ്പെടാവുന്നതും പിന്നീട് ആര്‍ക്കിടെക്റ്റ് എന്ന പേരില്‍ പ്രാക്ടീസ്‌ചെയ്യാന്‍ പാടില്ലാത്തതും ആകുന്നു. ആര്‍ക്കിടെക്റ്റിന്റെയും സ്ട്രക്ചറല്‍ എഞ്ചിനീയറുടെയും കോണ്‍ട്രാക്ടറുടെയം സേവനങ്ങള്‍ ഉപഭോക്തൃസംരക്ഷണ നിയമത്തിന് വിധേയമാണ്.


Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.