കൂള്‍ ഹോം: കാശും പോവില്ല

Posted on: 16 Nov 2012


സി.ഇ. വാസുദേവശര്‍മ

കാശ് പാഴാക്കാതെ കൂളായിരിക്കാന്‍ ഒരു വീട്. കഷ്ടപ്പെട്ട് വീട് വെച്ചുകഴിഞ്ഞാല്‍ വിയര്‍ത്ത് തളര്‍ന്നുപോകുന്ന ഇക്കാലത്ത് വീട് പണിഞ്ഞ് വിയര്‍ക്കാതെ തണുത്ത മനസ്സുമായി ഇരിക്കാം ഈ വീട്ടില്‍-അതാണ് കൂള്‍ ഹോം.

കൊല്ലം കരിക്കോട് ടി.കെ.എം.എന്‍ജിനീയറിങ് കോളേജ് ആര്‍ക്കിടെക്ചര്‍ അധ്യാപകനായ എ.എസ്. ദിലിയാണ് കേരളത്തിന്റെ പരമ്പരാഗത താപനിയന്ത്രണസങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ചെലവുകുറഞ്ഞ രീതിയില്‍ വീട് പണിയാമെന്ന് തെളിയിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന തന്റെ ഗവേഷണങ്ങളുടെ സാക്ഷാത്കാരമായാണ് മയ്യനാട് കായാവില്‍ വീട്ടിലെ രണ്ടാംനിലയായി പണിത തന്റെ കൂള്‍ ഹോമിനെ ദിലി കാണുന്നത്. മനസ്സില്‍ വര്‍ഷങ്ങളായി വിടര്‍ന്നുനിന്ന ശീതീകരിച്ച ആശയങ്ങളുടെ സാഫല്യമാണിതെന്ന് ദിലി പറയുന്നു.

ആധുനിക ഭവനങ്ങളില്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഉഷ്ണനിയന്ത്രണ ഉപാധികള്‍ക്കാണെന്ന കണ്ടെത്തലാണ് കൂള്‍ ഹോമിനെപ്പറ്റി ചിന്തിക്കാന്‍ പ്രേരണയായത്. ചൂട് ആവാഹിച്ചെടുക്കുന്ന കോണ്‍ക്രീറ്റ് കൂടുകളുണ്ടാക്കി അവയെ തണുപ്പിക്കാന്‍ ഫാനും എയര്‍കണ്ടീഷനും വെച്ച് ഊര്‍ജം പാഴാക്കിക്കളയുന്ന നമ്മുടെ രീതി മാറ്റണമെന്ന ആഗ്രഹവും ഇതിനു പിന്നിലുണ്ട്. കേരളത്തിന്റെ തനത് നിര്‍മാണരീതി അവലംബിച്ച് പണിത ഓടും തട്ടുമുള്ള വീടുകളിലെ ആന്തരിക ശീതീകരണക്ഷമത ആധുനികവീടുകളില്‍ സന്നിവേശിപ്പിക്കുകയാണ് ദിലിയുടെ കൂള്‍ ഹോം സങ്കല്പം. കേരളത്തിലെ പഴയ നാലുകെട്ടുകളിലെ നൈസര്‍ഗിക താപനിയന്ത്രണ സംവിധാനങ്ങള്‍ കാലത്തിനനുസരിച്ച് ആധുനിക നിര്‍മാണ സാമഗ്രികളുപയോഗിച്ചുതന്നെ നടപ്പിലാക്കാന്‍ കൂള്‍ ഹോമിലൂടെ കഴിയുമെന്ന് തെളിഞ്ഞിരിക്കുകയാണ്. ഒപ്പം നിര്‍മാണച്ചെലവ് നാലിലൊന്നായി കുറയ്ക്കാനും സാധിക്കും.

മയ്യനാട്ടെ തന്റെ വീടിന്റെ രണ്ടാംനിലയാണ് കൂള്‍ ഹോം സങ്കല്പം യാഥാര്‍ഥ്യമാക്കാന്‍ ദിലി തിരഞ്ഞെടുത്തത്. 0.35 മില്ലിമീറ്റര്‍ കനമുള്ള സ്റ്റീല്‍ ഷീറ്റുകൊണ്ട് കൂര തീര്‍ക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്തത്. പിന്നീടാണ് വീടുപണി തുടങ്ങിയത്. ഇതുമൂലം വെയിലുകൊള്ളാതെ പണിക്കാര്‍ക്ക് നിര്‍മാണജോലികള്‍ ചെയ്യാനായെന്ന് മാത്രമല്ല, ഭിത്തിയുടെയും മറ്റും ഉറപ്പിന് ഇതു കാരണമാവുകയും ചെയ്തു. ഭിത്തികള്‍ നാലര ഇഞ്ച് കോണ്‍ക്രീറ്റ് ഹോളോ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് പഴയ കെട്ടിടത്തിനു മുകളില്‍ കൂടുതല്‍ ഭാരം കയറാതിരിക്കാനും സ്ഥലം നഷ്ടപ്പെടാതിരിക്കാനും ഉപകരിക്കും. ഈ ഭിത്തികള്‍ ആധുനികരീതിയില്‍ സിമന്റ് പൂശി പുട്ടിയിട്ട് പെയിന്റ് ചെയ്തിരിക്കുകയാണ്. ഭിത്തികള്‍ക്കു മുകളില്‍കൂടി കോണ്‍ക്രീറ്റ് ബെല്‍റ്റുണ്ട്. കോണ്‍ക്രീറ്റ് റൂഫില്ല. അതിനു പകരം ജിപ്‌സം ബോര്‍ഡ് ഉപയോഗിച്ച് നല്ല ഫിനിഷുള്ള ഫാള്‍സ് സീലിങ്ങാണുള്ളത്. അതിനു മുകളില്‍ ഗ്ലാസ് വൂള്‍ വിരിച്ചിരിക്കുകയാണ്. സ്റ്റീല്‍ മേല്‍ക്കൂരയില്‍നിന്നുള്ള ചൂട് സീലിങ്ങിലൂടെ താഴേക്കിറങ്ങാതെ ഈ ഗ്ലാസ് വൂള്‍ സംരക്ഷണം നല്‍കും. ഫാള്‍സ് സീലിങ്ങിനും സ്റ്റീല്‍ ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരയ്ക്കുമിടയില്‍ പുറംഭിത്തിക്കു മുകളില്‍ കാഴ്ചയ്ക്ക് ഭംഗിയുള്ള ഗ്രില്ലുകൊണ്ട് സുരക്ഷിതത്വം നല്‍കുകയാണ് ഇതിലെ നിര്‍മാണരീതി. കൂരയ്ക്കിടയില്‍ തിങ്ങിക്കൂടുന്ന ചൂട് ഈ ഗ്രില്‍ വഴി പുറത്തേക്ക് പോകും. വീടിന്റെ പുറകിലെ വര്‍ക്ക് ഏരിയയില്‍നിന്ന് ഏണി വഴി കയറി ഭിത്തികളെ ചേര്‍ത്തുണ്ടാക്കിയ 'പാല' ത്തിലൂടെ ചെന്ന് ജിപ്‌സം റൂഫിലെ അറ്റകുറ്റപ്പണികള്‍ ചെയ്യാം.

ഫാനുകള്‍ ഭംഗിവസ്തു മാത്രമാണ് ഈ വീട്ടില്‍. അവ ഉപയോഗിക്കാതെതന്നെ തണുപ്പ് മുറികളില്‍ തളംകെട്ടി നില്‍ക്കുന്നു. മാത്രമല്ല പുറത്തെ താപനില കുറയുമ്പോള്‍ വീട്ടിനകത്തെ താപനിലയും കുറയുന്നു. ജനാലകളുടെ ചട്ടക്കൂടുകളും പാളികളും സ്റ്റീലില്‍ നിര്‍മിച്ചിരിക്കുന്നു. ഡ്രോയിങ് റൂമിലും അതോടു ചേര്‍ന്ന കിടപ്പുമുറിയിലും തടിപാകിയ തറയാണ്. മറ്റ് മുറികളില്‍ വിട്രിഫൈഡ് ടൈലും. പുറംവാതിലുകള്‍ പ്രോസസ് ചെയ്ത തടിയില്‍ നിര്‍മിച്ചതാണ്. എല്ലാംകൊണ്ടും അത്യാധുനിക ഫിനിഷുള്ള വീട് ; എന്നാല്‍ നിര്‍മാണരീതികൊണ്ട് ചെലവു കുറഞ്ഞുവെന്ന സവിശേഷതയും. ആര്‍ക്കിടെക്‌ടെന്ന നിലയിലുള്ള അറിവും സാധനങ്ങളുടെ തിരഞ്ഞെടുപ്പിലെയും നിര്‍മാണ ജോലികള്‍ ചെയ്യിക്കുന്നതിലെയും ശ്രദ്ധയുമാണ് സാധാരണ നിരക്കിന്റെ നാലിലൊന്നു ചെലവില്‍ ഇത്തരമൊരു വീട് നിര്‍മിക്കാന്‍ തനിക്കു തുണയായതെന്ന് ദിലി പറയുന്നു.

പഴയ വീടുകള്‍ക്കു മുകളില്‍ തുച്ഛമായ തുക ചെലവിട്ട് വീട് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തന്റെ മാര്‍ഗം പിന്തുടരാമെന്ന് അന്താരാഷ്ട്രതലത്തിലുള്ള പ്രസിദ്ധീകരണങ്ങളില്‍ ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം പറയുന്നു. കൂടാതെ പുതിയ വീട് പണിയുന്നവര്‍ക്കും ഈ രീതി അവലംബിക്കാം.

താഴത്തെ നിലയ്ക്ക് അല്പം ചെലവു കൂടുമെങ്കിലും മുകളിലത്തെ നിലയുടെ കൂള്‍ ഹോം നിര്‍മാണരീതിയിലൂടെ ചെലവില്‍ വന്‍ തുക ലാഭിക്കാനാവും.

ടി.കെ.എം.എന്‍ജിനിയറിങ് കോളേജില്‍ പതിന്നാല് വര്‍ഷമായി അധ്യാപകനായ ദിലിയോടൊപ്പം ഭാര്യ ജസിതയും മക്കളായ ദിയയും റിദയും കൂളായി മയ്യനാട്ടെ കായാവില്‍ വീട്ടില്‍ കഴിയുന്നു.Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.