തടി വാങ്ങാം; 'തടി' കേടാകാതെ

Posted on: 23 Sep 2012വീടിന്റെ പ്ലാന്‍ പൂര്‍ത്തിയായാല്‍ അടുത്തപടി വാതില്‍, ജനല്‍, മേല്‍ക്കൂര, അലമാര എന്നിവയ്ക്കുള്ള തടി തിരഞ്ഞെടുക്കലാണ്. വീടു നിര്‍മാണ ചെലവിന്റെ 10 മുതല്‍ 15 ശതമാനംവരെ തടിക്കായി വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. ശ്രദ്ധിച്ചില്ലെങ്കില്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ഇടപാടാണിത്.

ഈട്, ഉറപ്പ്, ഭംഗി-തടിയുടെ ഗുണം നിര്‍ണയിക്കുന്നത് ഈ മൂന്നു കാര്യങ്ങളാണ്. എല്ലാ തടികളും എല്ലാതരം ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല. നല്ല ഉറപ്പും ഭാരവുമുള്ള തടിയാണ് കട്ടള, ജനല്‍ എന്നിവയ്ക്ക് നല്ലത്. ഉദാഹരണമായി മഹാഗണി, പ്ലാവ്, ആഞ്ഞിലിപോലുള്ള മരങ്ങള്‍. വാതിലിനും അലമാരയ്ക്കുമൊക്കെ തേക്ക്, വീട്ടിപോലുള്ള ഭാരക്കുറവുള്ള മരങ്ങള്‍ നന്നായിരിക്കും.

ഇരുള്‍, മരുത്, പ്ലാവ്, തേക്ക്, മഹാഗണി, വീട്ടി, ആഞ്ഞിലി തുടങ്ങിയ നാടന്‍ മരങ്ങളാണ് കേരളത്തില്‍ സാധാരണ വീടുപണിക്ക് ഉപയോഗിക്കുന്നത്. കൂടാതെ മലേഷ്യന്‍ ഇറക്കുമതി മരങ്ങളും ഇപ്പോള്‍ വാങ്ങാന്‍ കിട്ടും. നാടന്‍ മരങ്ങള്‍ക്ക് വെള്ള (ംമേെമഴല) കൂടുതലാണ്. മലേഷ്യന്‍ മരങ്ങള്‍ക്ക് വെള്ള താരതമ്യേന കുറവാണ്. പക്ഷേ, ഉറപ്പിന്റേയും ഭംഗിയുടേയും കാര്യത്തില്‍ ഇത് നാടന്‍ മരങ്ങള്‍ക്ക് ഒപ്പം വരില്ല.
നിറം, ഡിസൈന്‍ എന്നിവ നോക്കിയാണ് ഏതു തടിയാണെന്നും അതിന്റെ മൂപ്പ് എത്രത്തോളമുണ്ടെന്നും തിരിച്ചറിയുന്നത്. കറപ്പു കലര്‍ന്ന നിറമായിരിക്കും വീട്ടിത്തടിക്ക്. 40 സെ.മീറ്ററില്‍ കൂടുതല്‍ വണ്ണമുള്ള ഒരു ക്യുബിക് അടി വീട്ടിത്തടിയുടെ വില 3000-4000 രൂപവരെയാണ്. വെള്ള കലര്‍ന്ന മഞ്ഞനിറത്തില്‍ വട്ടത്തിലുള്ള ഡിസൈനാണ് തേക്കിന്റെ പ്രത്യേകത. ഒരു ക്യുബിക് അടി തേക്കിന് 3500 രൂപവരെ വിലയുണ്ട്. മൂപ്പുള്ള പ്ലാവുതടിക്ക് നല്ല മഞ്ഞനിറമായിരിക്കും. ഒരു ക്യുബിക് അടി പ്ലാവിന് 1000-1500 രൂപ വിലവരും. പ്ലാവിന് വെള്ളയും ഈര്‍പ്പവും കൂടുതലാണ്. ഏകദേശം 25-35 ശതമാനംവരെ വെള്ളയുണ്ട്. മൂപ്പെത്താത്ത പ്ലാവാണെങ്കില്‍ തടിക്ക് വെള്ളനിറമായിരിക്കും. ഇതിന് ഉറപ്പ് കുറയും. ചിതല്‍ കുത്താനും സാധ്യത കൂടുതലാണ്. അതുകൊണ്ട് പ്ലാവ് വാങ്ങുമ്പോള്‍ ശ്രദ്ധ കൂടുതല്‍ വേണം.

ആഞ്ഞിലിക്ക് ഇളം മഞ്ഞ കലര്‍ന്ന വെള്ള നിറമാണ്. ഒരു ക്യുബിക് അടി ആഞ്ഞിലിക്ക് 1200 രൂപവരെ വിലയുണ്ട്. ആഞ്ഞിലി മൂന്നു തരമുണ്ട്. പാല ആഞ്ഞിലി, ചോള ആഞ്ഞിലി, കല്ലന്‍ ആഞ്ഞിലി (നാടന്‍ ആഞ്ഞിലി). പാല ആഞ്ഞിലിക്ക് വെള്ളനിറം, ഭാരക്കുറവ്, പണി ചെയ്യാന്‍ എളുപ്പം എന്നിവ പ്രത്യേകതയാണ്. ചോള ആഞ്ഞിലിക്കും ഇതേ പ്രത്യേകതകള്‍ ഉണ്ടെങ്കിലും ഭാരം കുറവാണിതിന്. ഉണങ്ങുമ്പോള്‍ ഉള്‍വലിച്ചില്‍ ഉണ്ടാകുമെന്ന ദോഷവുമുണ്ട്. കല്ലന്‍ ആഞ്ഞിലിക്ക് മഞ്ഞനിറമാണ്. ആഞ്ഞിലിയില്‍ ഗുണമേന്മ കൂടിയ ഇനമാണിത്. പക്ഷേ, തടിക്ക് ബലം കൂടുതലുള്ളതുകൊണ്ട് പണി ചെയ്യാന്‍ പ്രയാസമായിരിക്കും. ഒരു ക്യൂബിക് അടി മഹാഗണിക്ക് 1200 രൂപവരെയാണ് വില. പാറക്കെട്ടുകള്‍ക്കിടയില്‍ വളരുന്ന മഹാഗണിയാണ് നല്ലത്. മറ്റുള്ളവയെ അപേക്ഷിച്ച് വെള്ള കുറവായിരിക്കും. മരത്തിന്റെ പുറംതൊലി, പുളിമരത്തിന്റേതുപോലെയുള്ള മരമാണ് നല്ലത്. മഹാഗണി എല്ലായിപ്പോഴും നല്ലതുപോലെ ഉണങ്ങിയതിനുശേഷം മാത്രമേ പണിയാന്‍ എടുക്കാവൂ.
ഓലമരുത്, മഞ്ഞമരുത്, വെള്ളമരുത് എന്നിങ്ങനെ മരുത് മൂന്നു തരമുണ്ട്. വില ക്യുബിക് അടിക്ക് 1500 രൂപവരെയാണ്. വീടുപണിക്ക് മഞ്ഞമരുതാണ് നല്ലത്. മറ്റുള്ളവ പെട്ടെന്ന് വളയും.

മലേഷ്യന്‍ തടികളില്‍ വയലറ്റ്, പടാക്ക്, പിന്‍കോട് (ചെറുതേക്ക്)എന്നിങ്ങനെ വ്യത്യസ്ത തരങ്ങളുണ്ട്. മലേഷ്യന്‍ തടികള്‍ക്ക് നാടന്‍ തടികളേക്കാള്‍ അല്‍പം വില കൂടും. വയലറ്റില്‍ പുറംതൊലി ഒഴുക്കന്‍ മട്ടിലുള്ളത് നന്നല്ല. പെട്ടെന്ന് ചുരുങ്ങും. അതുകൊണ്ട് കൂട്ടിച്ചേര്‍ക്കുന്നിടത്ത് വിടവ് വീഴാന്‍ സാധ്യതയുണ്ട്. പടാക്കിന് വെള്ള കൂടുതലാണ്. നേരിട്ട് വെയില്‍ തട്ടുന്ന സ്ഥലങ്ങളില്‍ പിന്‍കോട് വിണ്ടുകീറാന്‍ സാധ്യതയുണ്ട്. പടാക്കിന് വെയിലു കൊള്ളുമ്പോള്‍ നിറവ്യത്യാസം വരുന്നതായും കാണുന്നു. മലേഷ്യന്‍ തടിക്ക് ക്യുബിക് ഫീറ്റിന് 1000-1300 രൂപവരെയാണ് വില.

തടി വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

കട്ടള, ജനല്‍പ്പടി, ജനല്‍പ്പാളി, വാതില്‍ തുടങ്ങി വീട്ടിലേക്ക് ആവശ്യമായ തടിയുടെ മൊത്തം കണക്കെടുക്കുകയാണ് ആദ്യം വേണ്ടത്. അലമാ രകള്‍ക്കും അത്യാവശ്യം ഫര്‍ണീച്ചറുകള്‍ക്കും വേണ്ട തടിയും ഇതിനൊപ്പം എടുക്കാം. തടി എപ്പോഴും ഒരുമിച്ചെടുക്കുന്നതാണ് ലാഭം. തടിയെക്കുറിച്ച് വിവരമുള്ള ഒരാളുടെ ഒപ്പം മാത്രം തടി തിരഞ്ഞെടുക്കാന്‍ പോവുക. കാരണം മരത്തിന്റെ മൂപ്പ്, വെള്ള എന്നിവ തിരിച്ചറിയാന്‍ അയാള്‍ക്ക് മാത്രമേ കഴിയൂ.

തടി വാങ്ങുന്നത് പല തരത്തിലാകാം. ഡിപ്പോയില്‍ നിന്ന് നേരിട്ട് വാങ്ങാം. അല്ലെങ്കില്‍ മരം വാങ്ങി തടി അറപ്പിച്ചെടുക്കാം. കൂടാതെ റെഡിമെയ്ഡ് വാതില്‍, കട്ടള, ജനല്‍ തുടങ്ങിയവയും വാങ്ങാന്‍ കിട്ടും. മരം വാങ്ങി അറപ്പിച്ചെടുക്കുന്നതാണ് ലാഭം. ഇതിന് സമയനഷ്ടം കൂടുതലാണെന്നു മാത്രം.

ക്യുബിക് ഫീറ്റ് അളവിലാണ് മരത്തിന് വില കണക്കാക്കുക. വണ്ണവും ഗുണവും അനുസരിച്ച് തടിയെ വിവിധ ക്ലാസുകളായി തരംതിരിച്ചിട്ടുണ്ട്. 150 സെ.മീറ്ററില്‍ കൂടുതല്‍ വണ്ണമുള്ള തടിയാണ് ഒന്നാം ക്ലാസ്. തടിയുടെ വണ്ണം കൂടുന്നതിനനുസരിച്ച് വിലയും കൂടും. പക്ഷേ, വണ്ണം കൂടുതലുള്ള തടി വാങ്ങുന്നതാണ് ലാഭകരം. വേസ്റ്റ് പരമാവധി കുറയും. മൂപ്പെത്തിയ മരംതന്നെ തിരഞ്ഞെടുക്കണം. മൂപ്പെത്താത്ത മരത്തിന് ഉറപ്പ് കുറയും. വളവും തിരിവുമുള്ള തടി വാങ്ങുന്നത് നഷ്ടമാണ്. ആവശ്യാനുസരണം അറപ്പിച്ചെടുക്കാന്‍ പ്രയാസമായിരിക്കും എന്നതാണ് കാരണം. തടി നന്നായി തട്ടിനോക്കിയാല്‍ അകംപൊള്ളയാണോ വിണ്ടുകീറിയിട്ടുണ്ടോ എന്നൊക്കെ മനസ്സിലാക്കാന്‍ കഴിയും.

ചിതല്‍ പിടിക്കാത്തതും കുത്തു വീഴാത്തതുമായ തടി വേണം തിരഞ്ഞെടുക്കാന്‍. തടി അറത്തു കഴിഞ്ഞാല്‍ കാറ്റും വെളിച്ചവും കിട്ടുന്ന സ്ഥലത്ത് അടുക്കിവെക്കണം. നന്നായി ഉണങ്ങിയശേഷമേ ഉപയോഗിക്കാവൂ. പക്ഷേ, വെയിലത്തിട്ട് ഉണക്കാന്‍ ശ്രമിക്കരുത്.

സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ തടിയുടെ ചില്ലറ വില്‍പന വനംവകുപ്പും നടത്തുന്നുണ്ട്. പരമാവധി അഞ്ച് ക്യുബിക് മീറ്റര്‍ വരെ തേക്കുതടി ഇപ്രകാരം വാങ്ങാം. മൂന്നു നാല് ക്ലാസുകളില്‍ പെട്ട തടിയാണ് ഇവിടെ ലഭിക്കുക.

ചെലവ് കുറയ്ക്കാന്‍ വഴികള്‍

കട്ടളയ്ക്കും ജനലിനുമൊക്കെ തേക്കും വീട്ടിയും പോലെ വിലകൂടിയ മരങ്ങള്‍ ഉപയോഗിക്കാതെ ഇരുള്‍, മരുത്, പ്ലാവ് എന്നിവ ഉപയോഗിക്കയാണെങ്കില്‍ തടി വാങ്ങുന്നതിന്റെ ചെലവ് മൂന്നിലൊന്നായി കുറയ്ക്കാം. ജനലുകളുടെ ഫ്രെയിമുകള്‍ പിടിപ്പിക്കുമ്പോള്‍ വിലകുറഞ്ഞ അല്‍പം ഭാരം കൂടുതലുള്ള മഹാഗണിപോലുള്ള തടി ഉപയോഗിച്ചാല്‍ മതി.

മരപ്പണിക്ക് മെഷീന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ പണിക്കൂലി വകയിലും നല്ലൊരു ലാഭം ഉണ്ടാകും. വീടുപണി നടക്കുമ്പോള്‍ മരപ്പണി ചെയ്യുന്നത് റേറ്റിനോ, ദിവസക്കൂലിക്കോ എന്ന് ആദ്യമായി ഉറപ്പിക്കണം. റേറ്റിനാണെങ്കില്‍ തുടക്കം മുതല്‍ വീടുപണി തീരുന്നതുവരെയുള്ള റേറ്റ്‌വിവരം, ഐറ്റം തിരിച്ച് എഴുതിവാങ്ങാന്‍ ശ്രമിക്കുക. പണിക്കിടയില്‍ പറയുന്ന റേറ്റുകള്‍ നഷ്ടമുണ്ടാക്കും. റേറ്റില്‍ പറയുന്നതിനനുസരിച്ച് നമുക്കാവശ്യമായ പണികള്‍ മാത്രം തിരഞ്ഞെടുക്കുക. ഓരോ പണിയും തീരുന്നതിനനുസരിച്ച് കണക്ക് തീര്‍ക്കുക. മുന്‍കൂറായി പണം നല്‍കരുത്. അല്‍പം ബാലന്‍സിടുന്നത് നല്ലതാണ്.


Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.