തറയൊരുക്കാന്‍...തയ്യാറെടുക്കണം

Posted on: 23 Sep 2012



വീടുകളുടെ അകത്തളങ്ങളെ ആകര്‍ഷകമാക്കുന്നതില്‍ 'ഫേ്‌ളാറിങ്ങി'ന്റെ പങ്ക് ആരും സമ്മതിക്കും. മുന്‍കാലത്ത് ചാണകം മെഴുകിയ തറയിലും തുടര്‍ന്ന് സിമന്‍റ് തറയിലും കഴിഞ്ഞ മലയാളി ഇന്ന് ഇവ രണ്ടിനോടും വിടപറഞ്ഞുവെന്നു പറഞ്ഞാല്‍ അസത്യമാകില്ല.
വീടുനിര്‍മ്മാണത്തില്‍ വൈവിധ്യത്തിന് ഏറ്റവുമധികം സാധ്യതകളുള്ള ഘട്ടമാണ് തറയൊരുക്കല്‍ അഥവാ ഫേ്‌ളാറിങ്. വീട്ടുകാരന്റെ കീശയുടെ കനത്തിനനുസരിച്ചുവേണം തറ തിരഞ്ഞെടുക്കാന്‍. പലപല വര്‍ണങ്ങളില്‍ മിനുസവും മിഴിവുമുള്ള പലതരം ഓകൈ്‌സഡുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. റെഡ്ഓകൈ്‌സഡ്, ബ്ലാക്ക് ഓകൈ്‌സഡ്, ബ്ലൂ ഓകൈ്‌സഡ് എന്നിങ്ങനെ പലനിറത്തിലും കോംബിനേഷനുകളിലും ഇവ ലഭിക്കുമെങ്കിലും വിദഗ്ദ്ധരായ തൊഴിലാളികളുടെ സേവനം ലഭ്യമല്ലെങ്കില്‍ 'തറയൊരുക്കല്‍' പാളിപ്പോകാനിടയുണ്ട്.

പ്രത്യേക അനുപാതത്തില്‍ മുട്ടയുടെ വെള്ളക്കരുവും സിമന്‍റും അതത് ഓകൈ്‌സഡുകളും മിക്‌സ്‌ചെയ്ത് നന്നായി തേച്ചുപിടിപ്പിച്ച തറ ഭംഗിയില്‍ എന്തിനോടും മത്സരിക്കുമെന്ന് തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ ആര്‍ക്കിടെക്ചര്‍ വിഭാഗം അധ്യാപകന്‍ മനോജ് കിണി സാക്ഷ്യപ്പെടുത്തുന്നു. സ്‌ക്വയര്‍ഫീറ്റിന് ആറുരൂപ മുതല്‍ 10 രൂപ വരെയാണ് ഇത്തരം തറനിര്‍മ്മാണത്തിന്റെ ചെലവ്. സാധാരണക്കാര്‍ക്ക് നിസ്സംശയം തിരഞ്ഞെടുക്കാവുന്ന രീതിയാണിത്.
ഓകൈ്‌സഡ് തറകള്‍ക്കു പുറമേ ടെറാക്കോട്ട ടൈല്‍സ് അഥവാ തറയോടുകളും അധികം ചെലവില്ലാത്ത തറനിര്‍മ്മാണ മാര്‍ഗ്ഗമാണ്. വിവിധ ഡിസൈനുകളിലും രൂപത്തിലും തറയോടുകള്‍ ലഭ്യമാണ്. തറ നന്നായി നിരപ്പുവരുത്തിയതിനു ശേഷം മാത്രമേ തറയോട് പാകാവൂ. അല്ലാത്തപക്ഷം തറയോടിനടിയില്‍ 'വായുയൂപം' രൂപംകൊള്ളാനും തറയോട് പൊട്ടാനും സാധ്യതയുണ്ട്. സ്‌ക്വയര്‍ഫീറ്റിന് 20 രൂപ മുതല്‍ 25 രൂപവരെയാണ് തറയോടുകള്‍ക്ക് ഇപ്പോള്‍ വില.

ഇതിനു പുറമേ സിറാമിക് ടൈല്‍സ്, വിട്രിഫൈഡ് ടൈല്‍സ് എന്നിവയും ഇന്നു ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സാധാരണ സിറാമിക് ടൈല്‍സിന് സ്‌ക്വയര്‍ഫീറ്റിന് 15 രൂപ മുതല്‍ മുകളിലേക്കും പോഴ്‌സലോണ ടൈല്‍സിന് 45 രൂപ മുതല്‍ മുകളിലേക്കും വിട്രിഫൈഡ് ടൈല്‍സിന് 45 രൂപ മുതല്‍ 250 രൂപവരെ നിരക്കിലും ഇപ്പോള്‍ വിലയുണ്ട്. ഒരു മുറിയുടെ മൊത്തം അളവിനു യോജിച്ച വിധത്തില്‍ ഒരു കഷണമായി തന്നെയും ഇന്ന് വിട്രിഫൈഡ് ടൈല്‍സ് ലഭ്യമാണ്.
ഇത്തരം ടൈല്‍സിനു പുറമേയാണ് 'നാച്വറല്‍ സ്റ്റോണ്‍സ്' ഉപയോഗിച്ചുള്ള തറ നിര്‍മ്മാണം. സ്‌ക്വയര്‍ഫീറ്റിന് 30-35 രൂപ നിരക്കുള്ള ജൈസാല്‍മീര്‍ ടൈല്‍സ്, 30 രൂപ നിരക്കുള്ള കടപ്പക്കല്ലുകള്‍, 120-300 രൂപ നിരക്കുള്ള ഗ്രാനൈറ്റ് സ്റ്റോണുകള്‍, 50 രൂപ മുതല്‍ 250 രൂപ വരെ വിലയുള്ള മാര്‍ബിളുകള്‍ എന്നിവയാണ് 'നാച്വറല്‍ സ്റ്റോണ്‍സി'ന്റെ വിഭാഗത്തിലുള്ളത്. എന്നാല്‍ ഇറ്റലിയില്‍ നിന്നും ഇറക്കുമതിചെയ്യുന്ന പ്രത്യേകതരം മാര്‍ബിളുകള്‍ക്ക് ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ പ്രിയം ഏറിവരുന്നതായി സൂചനയുണ്ട്. 350 രൂപ മുതല്‍ 1000 രൂപവരെയാണ് ഇത്തരം ഇറക്കുമതി മാര്‍ബിളിന്റെ സ്‌ക്വയര്‍ഫീറ്റിനുള്ള വില. യഥേഷ്ടം പണമുണ്ടെങ്കിലും ഭവനനിര്‍മ്മാണത്തില്‍ പഴമയ്ക്കും പാരമ്പര്യത്തിനും വലിയ സ്ഥാനം കല്പിക്കുന്നവര്‍ കൂടുതലും തടിയെ ആശ്രയിച്ചാണ് ഇപ്പോള്‍ തറയൊരുക്കുന്നത്. കണ്ണാടിപോലെ കിടക്കുന്ന തറയെന്നത് വൃത്തിയും ശുചിത്വവും വിശദമാക്കാന്‍ മുമ്പുപയോഗിച്ചിരുന്ന ഉപമയാണ്. എന്നാല്‍ ഇന്ന് അത് ഉപമയല്ല യാഥാര്‍ത്ഥ്യമാണ്. പലതരം ഗ്ലാസ് ഫോറിങ്ങുകളാണ് ഈ രംഗത്തെ വിപ്ലവം. വിവിധ ഡിസൈനുകളുള്ളതും പ്രതിബിംബിപ്പിക്കുന്നതുമായ ഗ്ലാസ് തറകള്‍ അത്ര ചെലവേറിയതല്ലെന്ന പ്രത്യേകതയുമുണ്ട്.

ഹരി




Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.