അയലത്തെ വീടുകണ്ട് കൊതിക്കരുത്‌

Posted on: 23 Sep 2012


ഹരിഹരന്‍



''ചോര നീരാക്കി വല്ല വിധേനയും വീട് പൂര്‍ത്തിയാക്കിയപ്പോള്‍ ഒന്നിനും ഒരു സൗകര്യവുമില്ലാത്തപോലെ'' വീടുപണി പൂര്‍ത്തിയാക്കി പാര്‍പ്പുറപ്പിച്ച മിക്കവരില്‍നിന്നും സ്ഥിരം കേള്‍ക്കുന്ന പരാതിയാണിത്.

കീശയ്ക്ക് വേണ്ടത്ര കനമുള്ളവരും ബാങ്കിന്റെ ദയാവായ്പകൊണ്ടുമാത്രം വീട് തീര്‍ത്തവരും ഇത്തരം പരാതിക്കാരിലുണ്ടെന്നതാണ് രസകരം. വീടുവെയ്ക്കും മുമ്പ് ചെറിയ മുന്‍കരുതലെടുത്താല്‍ ഇത് പരിഹരിക്കാവുന്നതേയുള്ളു.

അയലത്തെ വീടിനേക്കാള്‍ വലിപ്പം വേണമെന്ന മനോഭാവം ഉപേക്ഷിക്കണമെന്നുമാത്രം.

നമ്മുടെ കൈവശമുള്ള പണത്തിന് ആനുപാതികമായി നമ്മുടെ ആവശ്യങ്ങളെ ക്രമീകരിക്കണം.

ഓരോ കിടപ്പുമുറിക്കും ബാത്ത്‌റൂം എന്നതിന് പകരം രണ്ട് മുറികള്‍ക്കുമായി ഒരു കോമണ്‍ ബാത്ത്‌റൂം തുടങ്ങിയ വിദ്യകള്‍ ചെലവു കുറയ്ക്കും.

കിടപ്പുമുറി ഒന്ന് കുറച്ചാല്‍ നിര്‍മ്മാണച്ചെലവില്‍ 50,000 - 60,000 രൂപയും ബാത്ത്‌റൂം കോമണാക്കിയാല്‍ ചുരുങ്ങിയത് 20,000 രൂപയും ലാഭിക്കാമെന്ന് കോസ്റ്റ്‌ഫോര്‍ഡ് ജോയിന്‍റ് ഡയറക്ടര്‍ സാജന്‍ പറയുന്നു (വിലയേറിയ ഫിറ്റിങ്‌സുകള്‍ ഉപയോഗിച്ചാല്‍ ഒരു ബാത്ത്‌റൂമിന് തന്നെ ഒരുലക്ഷം മുതല്‍ രണ്ടുലക്ഷം വരെ ചെലവാകുമെന്നത് വേറെ കാര്യം).

വീടിനെക്കുറിച്ച് ഏകദേശ രൂപരേഖ മനസ്സില്‍ തയ്യാറാക്കിയാല്‍ ഒരു ആര്‍ക്കിടെക്ടിനെയോ സിവില്‍ എന്‍ജിനീയറെയോ സമീപിക്കാം. പ്ലാന്‍ വരയ്ക്കുംമുമ്പ് അവരെ നിര്‍ബന്ധമായും 'സൈറ്റ്' കാണിച്ചിരിക്കണം.

സൈറ്റ് കണ്ടശേഷം ഡിസൈന്‍ ചെയ്താല്‍ പണം ലാഭിക്കാം. കരട് പ്ലാന്‍ തയ്യാറാക്കിയശേഷം കുടുംബാംഗങ്ങള്‍ ചര്‍ച്ച ചെയ്യണം. അവരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി അന്തിമ പ്ലാന്‍ തയ്യാറാക്കിയേ വീടുപണി തുടങ്ങാവൂ.

വീടുപണി തുടങ്ങിയശേഷം കഴിയുന്നതും പ്ലാനില്‍ ഒരു മാറ്റവും വരുത്തരുത്. അതിനാല്‍ വേണ്ട മാറ്റങ്ങള്‍ കരട് പ്ലാനില്‍തന്നെ വരുത്തുക.


Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.