നല്ല നാല് വീടുകള്‍

Posted on: 23 Sep 2012


ഷഫീഖ് കടവത്തൂര്‌പാരമ്പര്യവും പുതുമയും കൈകോര്‍ക്കുന്ന വീടുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. വ്യത്യസ്തമായ ഈ വീടുകള്‍ പരിചയപ്പെടാം...'എല്ലാം സൗകര്യങ്ങളുമൊത്ത ഒരു കേരള സ്‌റ്റൈല്‍ വീട്. ആര്‍ക്കും കാണുമ്പോള്‍ ആകര്‍ഷണം തോന്നണം. പിന്നെ പഴയ വീട് പൊളിച്ച് മണ്ണ് ലെവല്‍ ചെയ്തു. ഇന്റീരിയര്‍ മാഗസിനുകള്‍ ധാരാളം വായിച്ചു. വഴിയേ പോവുമ്പോള്‍ കാണുന്നതും ടിവിയിലും സിനിമയിലുമൊക്കെ കാണുന്നതുമായ വീടുകളൊക്കെ കണ്ണ് തുറന്നു ശ്രദ്ധിച്ചു. അതിനു ശേഷമാണ് ആര്‍ക്കിടെക്ട് സുധീറിനെ കാണുന്നത്'', തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്ത് ശ്രീചിത്ര നഗറിലെ ഡോക്ടര്‍മാരായ മുഹമ്മദ് നസീറും ഭാര്യ ഷെറിനും വീടുണ്ടായ കഥ ഇത്രയും പറഞ്ഞ ശേഷം ബാറ്റണ്‍ ആര്‍കിടെക്ട് സുധീറിനു (ആര്‍കിടെക്ട് കണ്‍സോര്‍ഷ്യം, തിരുവനന്തപുരം) കൈമാറുന്നു.

12 സെന്റ് ആണ് സ്ഥലം. ഇവിടെ എത്തിയപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയത് ഇവിടത്തെ സ്‌പേസ് ആണ്. ഈ സ്‌പേസും ലൊക്കേഷനും നോക്കുമ്പോള്‍ ഒരു മോഡേണ്‍ വീടാണ് ഇവിടെ ചേരുക. ഒരു മോഡേണ്‍ വീടിന്റെ ഗുണങ്ങളെപ്പറ്റിയും അവിടെ എങ്ങനെയൊക്കെ സ്‌പേസ് യൂട്ടിലിറ്റി ചെയ്യാമെന്നും ഡോക്ടറെ പറഞ്ഞുമനസിലാക്കിയപ്പോള്‍ അവര്‍ക്കും ഓകെയായി. ഈ വീട് ഇത്രയും ആകര്‍ഷണീയമായത് വീട്ടുകാര്‍ തന്ന പൂര്‍ണസ്വാതന്ത്ര്യം കൊണ്ടാണ്'', സുധീര്‍ അവസാനലാപ്പും പൂര്‍ത്തിയാക്കി.

ഒരു വര്‍ഷം നീണ്ട പ്ലാനിങ്

വീട് മോഡേണാക്കാമെന്നു തീരുമാനിച്ചതോടെ പ്ലാന്‍ വരയായി പിന്നെ. വീട്ടുകാരിരുവരും ഡോക്ടര്‍മാരാണ്. ഇരുവരും തിരുവനന്തപുരത്തെ കിംഗ്‌സ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. മക്കള്‍ എഹ്‌സാന്‍, മൊഹ്‌സിന്‍. വീടുപണി മുഴുവനായും തീര്‍ക്കാന്‍ ഏകദേശം രണ്ടുവര്‍ഷത്തോളമെടുത്തു. നിരവധി പ്ലാനുകള്‍ കണ്ടതിനു ശേഷം ഈ പ്ലാനില്‍ മനസുടക്കിയത്. പിന്നെ ഒന്നും നോക്കാതെ പണി തുടങ്ങുകയായിരുന്നു. കണ്ടംപററി ഡിസൈന്‍. മൂന്ന് നിലകള്‍ വരുന്നു. അതില്‍ ഒന്ന് സെല്ലുലാര്‍ ഫ്ലോറാണ്. ഒറ്റനോട്ടത്തില്‍ രണ്ട് നിലകളേ കാണുകയുള്ളൂ.

നിരവധി ആകര്‍ഷണങ്ങള്‍ നിങ്ങളെ ഈ വീട്ടിനകത്തേക്ക് സ്വാഗതം ചെയ്യും. മാക്‌സിമം സ്‌പേസ് യൂട്ടിലിറ്റി എന്ന രീതി കാര്‍ പോര്‍ച്ചില്‍ തന്നെ തുടങ്ങുന്നു. പോര്‍ച്ചിനു മുകളില്‍ സ്‌കൈലൈറ്റ് നല്‍കി. അതും ഒരു പ്രത്യേകരീതിയില്‍ ചെറിയ ചെറിയ മാളങ്ങളായാണ് ഒരുക്കിയിട്ടുള്ളത്. ഇവിടെ ബോഗൈന്‍വില്ല ചെടികള്‍ താഴേക്കു തൂങ്ങിനില്‍ക്കുന്ന വിധമാണ് അറേഞ്ച്‌മെന്റ്. അതായത്, കാര്‍പോര്‍ച്ചിനു നടുവിലെ മാളങ്ങളിലൂടെ താഴേക്ക് ഇവ വളര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു ഷാന്‍ഡ്‌ലിയര്‍ എഫക്ട് വീടിനു മുന്നില്‍ തെളിയും.

ഇന്റീരിയറിലെ കാഴ്ചകള്‍

ഇന്റീരിയര്‍ ഇതിലും മനോഹരമാണ്. ലിവിങ് റൂമിലും ഡൈനിങ് ഉള്‍പ്പെടുന്ന മെയിന്‍ ഹാളിലുമായി വെളിച്ചത്തിനായി രണ്ട് സ്‌കൈലൈറ്റിനുള്ള പര്‍ഗോളയുണ്ട്. ഇവയില്‍ ഡബിള്‍ ഹൈറ്റിലുള്ള ഡൈനിങ്ങിനു മുകളിലെ സ്‌കൈലൈറ്റാണ് എടുത്തുപറയേണ്ടത്. 24 മണിക്കൂറും വീട് പകല്‍വെളിച്ചം ചൊരിയുന്നതുപോലുണ്ടാവും. 'വേണമെങ്കില്‍ വീടിനെ ഒരു പകല്‍വീടെന്നു വിളിക്കാവുന്നതേയുള്ളൂ', ഡോക്ടര്‍ ചിരിച്ചുകൊണ്ട് പറയുന്നു.

ലിവിങ്ങില്‍ ടി വി വേണ്ട എന്നായിരുന്നു വീട്ടുകാരുടെ നിര്‍ബന്ധം. പകരം ഒന്നാമത്തെ നിലയില്‍ ഹോംതീയേറ്റര്‍ നല്‍കിയിട്ടുണ്ട്. ഇവിടെ ഇത്തിരി സൗന്ദര്യം കൂടട്ടെ എന്നു കരുതി തേക്ക് കൊണ്ടുള്ള ഫ്ലോറിങ്ങും ചെയ്തു.

ഗ്ലാസ് മാജിക്

ഗ്ലാസ് ഏറെ ഭാഗത്ത് ഉപയോഗിച്ചിട്ടുണ്ട്. ലിവിങ്ങിന്റേയും ഡൈനിങ്ങിന്റേയും അടുത്ത് ഒരു പാര്‍ട്ടീഷന്‍ പോലെ ഗ്ലാസ് വാള്‍ നല്‍കി. ഇവിടെ നീഷുകളും വരുന്നു. കാര്‍പോര്‍ച്ചിന്റെ മുകളിലും ഗ്ലാസ് കൊണ്ടുള്ള ഒരു ഓപണ്‍ സ്‌പേസ് ഉണ്ട്. വീട്ടില്‍ ആകമാനം വെളിച്ചം പ്രദാനം ചെയ്യുന്നു ഇത്. ഈ സ്‌റ്റെയറുകള്‍ താഴത്തെ നിലയിലേക്കു വരെ പോവുന്നു. നാലുബെഡ്‌റൂമുകളും ആകര്‍ഷകമായ രീതിയില്‍ തന്നെ ഒരുക്കി. കുട്ടികളുടെ റൂമിന്റെ സ്വാതന്ത്ര്യം അവര്‍ക്കു തന്നെ നല്‍കി. ഇവിടെ ഒരുഭാഗം ടെക്‌സ്ചര്‍ പെയിന്റ് ചെയ്തതും അലങ്കാരവസ്തുക്കള്‍ വച്ചതുമല്ലാം അവരുടെ ഇഷ്ടമായിരുന്നു. വ്യത്യസ്തതീമില്‍ ചെയ്ത മുറികള്‍ ചൂടുവായു പരമാവധി ഒഴിവാക്കുകയും അകം കൂള്‍ ആക്കുകയും ചെയ്യുന്നു.ഇറ്റാലിയന്‍ മാര്‍ബിളുകളാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്.

ലൊക്കേഷന് നൂറ് മാര്‍ക്ക്

വീടായാല്‍ ഇതുപോലുള്ള ഒരു ലൊക്കേഷനില്‍ തന്നെ വേണം. ചെന്നൈയുടേയും മഹാബലിപുരത്തിന്റേയും ഇടയ്ക്കാണ് ബിസിനസുകാരായ രണ്‍ജീതിന്റെയും ഭാര്യ മരിയ ജേക്കബിന്റെയും വീട്. റോഡിനരികിലായി ബീച്ച്. അതിനപ്പുറം കടലിന്റെ സൗന്ദര്യം. ചുറ്റും പക്ഷികളുടേയും അണ്ണാറക്കണ്ണന്‍മാരുടേയും കലപില സ്വരങ്ങള്‍. വീട്ടുമുറ്റത്തും പരിസരങ്ങളിലുമായി നിറഞ്ഞുനില്‍ക്കുന്ന വിവിധ ഫലവൃക്ഷങ്ങള്‍. പിന്നെ സദാ കുളിരായി ഇളംകാറ്റും. നഗരത്തിലെ തിരക്കോ വാഹനങ്ങളുടെ ശബ്ദങ്ങളോ ഒന്നും ഇവിടെ എത്തുന്നില്ല. ശരിക്കും ഒരു നാടോടിക്കഥയിലെ നായികാനായകന്മാര്‍ക്ക് പാര്‍ക്കാനുള്ള കൊട്ടാരവും സദൃശമായ അന്തരീക്ഷവും തന്നെ.


'സാധാരണ വീടെടുക്കുമ്പോള്‍ പരിസത്തുള്ള ധാരാളം മരങ്ങള്‍ വെട്ടിനശിപ്പിക്കുന്ന ഒരു രീതിയുണ്ട്. അതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. വീടുണ്ടാക്കുമ്പോള്‍ പ്രധാനമായും അതിന്റെ എക്കോഫ്രണ്ട്‌ലി പരിസരം കൂടി ഉള്‍പ്പെടുത്തണം. അതാണ് എന്റെ രീതി. വീട്ടുപറമ്പിലെ മരങ്ങളും മറ്റും കണ്ടമാനം വെട്ടിമുറിച്ച് നശിപ്പിക്കാതെ, പ്രകൃതിയെ ദ്രോഹിക്കാതെ പുതിയ പരീക്ഷണങ്ങളും ഐഡിയകളും ഉപയോഗിക്കുക. ഈ വീട് ആയൊരു ഗണത്തില്‍ പെട്ടതാണ്. അതുകൊണ്ട് തന്നെയാണ് ഈ വീട് എന്റെ സെലക്ഷനില്‍ മുന്നില്‍ വരുന്നതും..' വീടിന്റെ നിര്‍മാതാവായ ആര്‍കിടെക്ട് ബെന്നി കുര്യാക്കോസ് (ചെന്നൈ) പറയുന്നു.

ആര്‍കിടെക്ടിന്റെ സ്‌റ്റൈല്‍ എക്കോഫ്രണ്ട്‌ലി ആയിരുന്നുവെങ്കില്‍, അതിനു നൂറു ശതമാനവും പിന്തുണ പ്രഖ്യാപിക്കുന്നതായിരുന്നു വീട്ടുകാരുടെ സ്‌റ്റൈല്‍.

ഇന്റര്‍ലോക്ക് സൗന്ദര്യം

'ഒന്നരവര്‍ഷമായി ഇവിടെ താമസം തുടങ്ങിയിട്ട്. വീടിന് മാര്‍ക്കിടുകയാണെങ്കില്‍ പകുതിയെങ്കിലും ഇവിടത്തെ സ്ഥലത്തിനും കൊടുക്കണം.' വീട്ടുകാരനും മനസു തുറക്കുന്നു. മുഴുവനായും കേരളസ്‌റ്റൈലാണ് വീടെന്നു പറയാന്‍ കഴിയില്ല. വീട്ടിലുപയോഗിച്ച മെറ്റീരിയലുകള്‍ നോക്കുമ്പോഴും സ്ട്രക്ചറിലും കേരളത്തിലേയും മാംഗ്ലൂരിലേയും ചെന്നൈയിലേയും രീതികളാണ് അവലംബിച്ചത്. ഉദാഹരണത്തിന്, കേരളത്തില്‍ വില കുറഞ്ഞ് കിട്ടുന്ന ഇന്റര്‍ലോക്ക് ഇഷ്ടികകള്‍ കൊണ്ടാണ് ഭിത്തി പണിതത്. ആകര്‍ഷകമായ ചുവന്ന നിറത്തില്‍ ഇവ തിളങ്ങിനില്‍ക്കുകയും ചെയ്യുന്നു. കോണ്‍ക്രീറ്റിനെ അധികമൊന്നും അടുപ്പിച്ചതേയില്ല. ഇതുകാരണം പ്രകൃതിയോടു കൂറു പുലര്‍ത്താനും കഴിഞ്ഞതായി രണ്‍ജീതിന്റെ സാക്ഷ്യപത്രം.


നീളമുള്ള വരാന്ത വീട്ടിനകത്തേക്ക് ഇഷ്ടം പോലെ വെളിച്ചവും കാറ്റും കിട്ടാന്‍ സഹായിക്കുന്നു. റൂഫിങ് മാത്രം കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് ചെയ്യുകയും അതിന്റെ മുകളില്‍ ഇഷ്ടിക ഉപയോഗിക്കുകയുമായിരുന്നു. ചെരിഞ്ഞ പ്രതലത്തില്‍ ഓടുകള്‍ കൂടി നല്‍കിയതോടെ വീടിന് പതിവില്ലാത്ത വലിപ്പവും തോന്നിക്കുന്നു. 'ഈ ഡബിള്‍ മേല്‍ക്കൂര ചെന്നൈയിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്ന് കുറച്ചൊന്നുമല്ല, ആശ്വാസം പകരുന്നത്. എയര്‍ കണ്ടീഷണര്‍ വല്ലപ്പോഴും മാത്രമേ ഇവിടെ ഉപയോഗിക്കേണ്ടി വരുന്നുള്ളൂ. ഏതായാലും ഇന്റര്‍ലോക്കിങ് കൊണ്ട് ചെലവും കുറഞ്ഞു, മനസിലുള്ളതുപോലുള്ള പഴയ തറവാടു പോലെ തോന്നിക്കുന്ന ഒരു ഡിസൈനും കിട്ടി'', രണ്‍ജീതിന്റെ സ്വരത്തില്‍ നൂറ്റൊന്നു ശതമാനം സംതൃപ്തി.

പഴയ തറവാടു പോലെ തോന്നിക്കാന്‍ ഇവിടെ പിന്നെയുമുണ്ട് പലതും. എടുത്തുപറയേണ്ടത് വരാന്തയിലെ തൂണുകള്‍ തന്നെ. വരാന്തയും അതിനെ ചുറ്റിനില്‍ക്കുന്ന തൂണുകളും കണ്ടാല്‍ ദേവാസുരം സിനിമയിലെ മംഗലശേരി നീലകണ്ഠന്റെ തറവാട് ആര്‍ക്കെങ്കിലും ഓര്‍മ വരുന്നുണ്ടെങ്കില്‍ അവരെ കുറ്റം പറയാനും ആവില്ല. തികച്ചും സ്വാഭാവികം മാത്രം. മലേഷ്യന്‍ വുഡ് ഉപയോഗിച്ചുള്ളതാണ് ഈ തൂണുകള്‍. ഇവയ്ക്ക് വില തേക്കിനെ അപേക്ഷിച്ച് കുറവാണെങ്കിലും സൗന്ദര്യത്തില്‍ തേക്കോളം നില്‍ക്കും.

സ്വിമ്മിങ്പൂള്‍ ബ്യൂട്ടി

വീട്ടിന് മുന്‍വശത്തെ വരാന്തയും മുന്നിലെ മീന്‍കുളവുമാണ് വീട്ടുകാരനും ആര്‍കിടെക്ടിനുമല്ലാം ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം. ആദ്യം ഇതൊരു സ്വിമ്മിങ് പൂള്‍ ആക്കാനായിരുന്നു വിചാരിച്ചതെന്ന് ആര്‍ക്കിടെക്ട് പറയുന്നു. പിന്നെ തോന്നി, പ്രകൃതിയ്ക്കും പരിസ്ഥിതിയ്ക്കും പോറലേല്‍ക്കാത്ത വിധം മനോഹരമായ ഒരു മീന്‍കുളമാണ് ഇവിടെ ഏറ്റവും യോജിക്കുക. വരാന്തയില്‍ നിന്നും ഇവിടേയ്ക്കുള്ള കാഴ്ച അപാരമാണ്. സ്വര്‍ണമത്‌സ്യമുള്‍പ്പെടെ ഒരുപാട് വ്യത്യസ്തയിനം അലങ്കാരമത്‌സ്യങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഇത്. ''വരാന്തയാണ് ഞങ്ങളുടെ പ്രധാന ചര്‍ച്ചാകേന്ദ്രവും ഇവിടം കാണാന്‍ വരുന്നവര്‍ക്കെല്ലാം ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലവും. പിന്നെ വീടിനെ ചുറ്റിപ്പറ്റിയുള്ള ഈ ലാന്‍ഡ്‌സ്‌കേപ്പ് കൂടി വരുമ്പോള്‍ ഒരു പ്രത്യേകരസമാണ്. ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാണ് ഈ ലാന്‍ഡ്‌സ്‌കേപ്പ് ചെയ്തിരിക്കുന്നത്...'', വീട്ടുകാരിയും ഒപ്പം കൂടി.

ഇന്റീരിയര്‍ കെങ്കേമം

വീടിന്റെ ഇന്റീരിയറും ചെയ്തത് വീട്ടുകാര്‍ തന്നെയാണ്. 'പ്രത്യേകിച്ച് ഇന്റീരിയര്‍ കോഴ്‌സിനൊന്നും പോയിട്ടില്ലെങ്കിലും ചുമ്മാ ഒരു പരീക്ഷണമാവാമെന്ന് വെച്ചു. സ്വന്തം ഐഡിയകള്‍ നല്ലോണം പരീക്ഷിക്കാന്‍ ഇതിലും നല്ലൊരു കാന്‍വാസ് വേറെയില്ലല്ലോ? 'രണ്‍ജീത് ചിരിയോടെ ചോദിക്കുന്നു. 'ധാരാളം യാത്ര ചെയ്യുന്ന കൂട്ടത്തിലാണ് ഞാന്‍. ആ യാത്രയില്‍ കിട്ടുന്ന വീടുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ഇവിടെ ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. വീട്ടിലുപയോഗിച്ച ഫര്‍ണിച്ചറുകളെല്ലാം ഞങ്ങളുടെ വളരെക്കാലത്തെ കളക്ഷനായിരുന്നു.''

ബര്‍മീസ് പിന്‍കാഡോ എന്ന തടി കൊണ്ടുള്ളതാണ് ഇവിടത്തെ ജനലുകളും വാതിലുകളും. സ്‌റ്റെയര്‍കേസ് പടികള്‍ക്ക് മെക്‌സിക്കോയില്‍ നിന്നുള്ള ചിത്രപ്പണികളോടു കൂടിയ ഹാന്റ് മെയിഡ് ടൈലുകളും ഉപയോഗിച്ചു. ഫ്ലോറിങ്ങിന് ചുവപ്പുനിറമുള്ള ടെറാകോട്ട ടൈലുകള്‍ ഉപയോഗിക്കാമെന്ന് കരുതിയെങ്കിലും ചുവരിന്റെ നിറവും അതായതിനാല്‍ വേറെ നിറത്തിലുള്ള ടൈലുകള്‍ നല്‍കി. ചൈനയില്‍ നിന്നുള്ളതാണ് ഫ്ലോറിങ്ങിലെ വിട്രിഫൈഡ് ടൈലുകള്‍. നാലു ബെഡ്‌റൂമുകളാണ്്. കൂടാതെ ഒപ്പം ഒരു മ്യൂസിക് മുറിയും.

പ്രകൃതി വിരുന്നെത്തിയ വീട്

കോഴിക്കോട് ഫറോക്കിലുള്ള കൂട്ടുങ്ങല്‍ വീട്ടിലെത്തുമ്പോള്‍ വീടുപോലെ ഇവിടത്തെ അന്തരീക്ഷവും വീട്ടുകാരുമെല്ലാം നിങ്ങളെ ആകര്‍ഷിക്കും. അറിയപ്പെടുന്ന കമ്യൂണിസ്റ്റുകാരനായിരുന്നു വീട്ടുകാരന്റെ അച്ഛന്‍ ബാലന്‍. മക്കള്‍ക്ക് പേരിടാന്‍ അവലംബിച്ചത് കമ്യൂണിസ്റ്റ് ബംഗാളിലെ അതിപ്രശസ്തരുടെ നാമങ്ങള്‍. ഒരാള്‍ക്ക് സത്യജിത് റോയ്, മറ്റൊരാള്‍ അജയ്‌ഘോഷ്, പിന്നെയൊരാള്‍ ജീവാനന്ദ്.


പേരിടുന്ന കാര്യത്തില്‍ ആധാരമെഴുത്തുകാരനായ മകന്‍ സത്യജിത് റോയും വിട്ടുകൊടുത്തില്ല. രണ്ട് മക്കള്‍ക്കും കൊടുത്തു സമാനമായ പേര്. സൂരജ് റോയ്, സോയ റോയ്. എല്ലാത്തിനും പൂര്‍ണപിന്തുണയുമായി ഭാര്യ സുനിതയും.

കണ്‍കുളിര്‍മയായി തൂണുകള്‍

കയറിവരുമ്പോള്‍ തന്നെ കാണുന്ന തൂണുകളാണ് ഇവിടെ ആദ്യമായി നിങ്ങളെ സ്വാഗതം ചെയ്യുക. ഒന്നും രണ്ടുമല്ല, മൊത്തം ഒന്‍പതോളം കരിങ്കല്‍തൂണുകള്‍ വരാന്തയില്‍ കാണാം. വരാന്ത മാത്രം 120 സ്‌ക്വയര്‍ ഫീറ്റ് വരുന്നു. ''തൂണുകള്‍ കരിങ്കല്ലുകൊണ്ടുള്ളതാണെന്ന് തോന്നുമെങ്കിലും കോണ്‍ക്രീറ്റില്‍ ചെയ്ത് പിന്നെ കരിങ്കല്‍ ഫിനിഷ് നല്‍കുകയായിരുന്നു. വെസ്റ്റ് നെല്ലൂരുള്ള ദേവദാസ് എന്ന ആര്‍ട്ടിസ്റ്റിനാണ് ഈയൊരു ഫിനിഷിനുള്ള ക്രെഡിറ്റ് മുഴുവനും'', വീടിന്റെ ഡിസൈനര്‍ നവീന്‍. സി (െ്രെടയുണ്‍ ആര്‍കിടെക്ട്‌സ്, കോഴിക്കോട്) പറയുന്നു.
അതുപോലെ പിന്നെയുമുണ്ട്, ദേവദാസിനു തന്നെ ക്രെഡിറ്റു കൊടുക്കേണ്ട കാര്യങ്ങള്‍. ''ദാ, മുറ്റത്തു തന്നെയുള്ള കിണറിന്റെ ഉരുളി ഷൈപ്പ് കാണുന്നില്ലേ? അതും അങ്ങേരുടെ തല പുകഞ്ഞതാണ്. ഓണത്തിനു പായസം വെക്കുന്ന പ്രത്യേകതരം ഉരുളിയില്ലേ? അതിന്റെ സ്‌റ്റൈലാ ഇതിന്. ഇവിടെ വരുന്നവരെല്ലാം, ഇതിനടുത്ത് പോയി കൗതുകം കൊണ്ട് ഒരു തൊട്ടിയെങ്കിലും വെള്ളം കോരി കുടിക്കാറുണ്ട്'', വീട്ടുകാരി സുനിത പറയുന്നു.

കോര്‍ട്ട്‌യാര്‍ഡ് പൈസയ്ക്കുണ്ട്!

വരാന്ത കടന്നു വീട്ടില്‍ കയറിയ ഉടന്‍ എത്തുക, ലിവിങ്ങിനു മുന്‍വശത്തായി നില്‍ക്കുന്ന കോര്‍ട്ട്‌യാര്‍ഡിനടുത്താണ്. 10 അടി നീളവും 10 അടി വീതിയുമുണ്ട് കോര്‍ട്‌യാര്‍ഡിന്. ഈ വീട്ടില്‍ ടിക്കറ്റു വെച്ച് പ്രദര്‍ശിപ്പിക്കാവുന്ന സ്ഥലമാണ് ഇതെന്നാണ് സത്യജിത് റോയുടെ അഭിപ്രായം. അത്രയും മനോഹരമാണിവിടം. മഴപ്പെയ്ത്തില്‍ ഇവിടെ വെള്ളം ചിന്നിച്ചിതറും. ഇതു കാണാനും ആസ്വദിക്കാനും ചുറ്റും കരിങ്കല്‍ഫിനിഷിലുള്ള ചാരുപടികളും വച്ചിട്ടുണ്ട്. വെള്ളം ഏതാണ്ട് ഒരടിയോളം നില്‍ക്കും. അതിലും കൂടിയാല്‍ വീട്ടിനകത്തേക്ക് കയറാതെ പുറത്തെത്തിക്കാന്‍ പ്രത്യേകപൈപ്പുകളും കൊടുത്തിട്ടുണ്ട്. ഒരു കുളത്തില്‍ ഇറങ്ങിച്ചെല്ലുന്നതിന്റെ പ്രതീതിയാണ് ഇവിടെ. വരാന്തയിലെ സിറ്റ് ഔട്ടില്‍ നിന്നും നേര്‍കാഴ്ച ഇതിലേക്ക് വീഴുന്നതിനാല്‍ ഇവ നല്‍കുന്ന സൗന്ദര്യം തന്നെ വീടിന്റെ ഹൈലൈറ്റ്. ''ഹൗസ് വാമിങ്ങ് സമയത്തെ താരമായിരുന്നു ഇത്. ഇവിടെ വന്നവര്‍ക്കെല്ലാം ഇത് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. അന്ന് മഴയൊന്നും പെയ്തില്ലെങ്കിലും എല്ലാവരും കൂടിയിരുന്നതിനാല്‍ ഒരു മഴ പെയ്തിരുന്നെങ്കിലെന്ന് ആശിച്ചുപോയി. എന്നാലെന്തു രസമുണ്ടാവും, ആ കാഴ്ച കാണാന്‍!' സത്യജിത് റോയ് ഒരു നിമിഷം കാല്‍പനികനായി.

ഓപ്പണ്‍നെസ് തീം

ഓപ്പണ്‍നെസാണ് ഇവിടത്തെ തീം. ട്രഡീഷണല്‍ വിത് കോര്‍ട്‌യാര്‍ഡ് ആണ് സ്‌റ്റൈല്‍. കോര്‍ട് യാര്‍ഡിനരികിലായി ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും വരുന്നു. ഇവ തമ്മില്‍ വേര്‍തിരിക്കാന്‍ പ്രത്യേകഭിത്തികളൊന്നുമില്ല.
വീട്ടുകാരന്റെ പ്രധാനനിര്‍ബന്ധവുമതായിരുന്നുവെന്ന് ഡിസൈനര്‍ പറയുന്നു. 'എല്ലാം ഓപണായിരിക്കണം. ഡൈനിങ്ങിനോ ലിവിങ്ങിനോ പ്രത്യേകമുറി വേണ്ട. പിന്നെ കാറ്റും വെളിച്ചവുമൊക്കെ നല്ലോണം ഉണ്ടാവുകയും വേണം.'


ഈ നിര്‍ദേശങ്ങള്‍ പരമാവധി പാലിച്ചിട്ടുമുണ്ട്. ലിവിങ്ങില്‍ ആകര്‍ഷണമായി ഒരു ടിവി യൂണിറ്റും ഫ്ലോറിങ്ങിനു ചേര്‍ന്ന വിധത്തിലുള്ള സോഫകളും വരുന്നു. സില്‍ക്ക് ആന്‍ഡ് ബ്ലാക്കിന്റെ കോംബിനേഷനായ റോസ് സില്‍ക്ക് ഗ്രാനൈറ്റാണ് ഇവിടത്തെ ഫ്ലോറിങ്ങിനുപയോഗിച്ചിരിക്കുന്നത്. വായു, വെട്ടം എല്ലാം കൃത്യമായി കിട്ടുന്ന വിധമാണ് മുറികളുടെയെല്ലാം സ്ട്രക്ചര്‍. സംശയമുണ്ടെങ്കില്‍, മുകളിലും താഴെയുമായി ഉള്ള കിടപ്പുമുറികളുമൊന്ന് സന്ദര്‍ശിക്കൂ.

കിച്ചന്റെ കാര്യത്തിലായിരുന്നു വീട്ടുകാരിയുടെ നിര്‍ബന്ധങ്ങള്‍. മഹാഗണിയിലുള്ള കാബിണറ്റുകളും പുക കടന്നുപോകാനായി പ്രത്യേകചിമ്മിനിയും നല്‍കി.

ടീം വര്‍ക്ക്

'ആദ്യം ഇവിടെ പഴയ തറവാടായിരുന്നു. അത് പൊളിച്ചാണ് വീട് പണിതത്. ആദ്യം വരച്ച പ്ലാന്‍ തന്നെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടുകയായിരുന്നു. വീട്ടുകാരുടെ ഇഷ്ടങ്ങള്‍ക്കൊത്ത ഒരു കേരള സ്‌റ്റൈല്‍ വീടാണ്. അതും ഒറ്റപ്ലാനില്‍ ഇഷ്ടപ്പെടുകയും ചെയ്തു. അതുകൊണ്ടാണ് എന്റെ വിവിധ പ്രോജക്ടില്‍ നിന്നും ഇത് മനസില്‍ തങ്ങിനിന്നതും നിര്‍ദേശിച്ചതും. ശരിക്കും ഇതൊരു ടീംവര്‍ക്കിന്റെ വിജയമാണെന്ന് കൂടി ആണെന്നു കൂടി പറയാം.' നവീന്‍ വിശദീകരിക്കുന്നു. ശരിക്കും നിര്‍മാണണണകാലത്ത് വീടൊരു ഹോട്ടല്‍ കൂടിയായിരുന്നു. ജോലിക്കാര്‍ക്കും വീട്ടുകാര്‍ക്കുമുള്ള ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ ഇവിടെ നിന്നായിരുന്നു പാകം ചെയ്തത്. സ്വപ്‌നവീടിന് വിത്തുപാകാന്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നു. ദാ, ഇപ്പോള്‍ ഫലവുമുണ്ടായി. ഇന്ന്, ഇവിടെ ഇഷ്ടപ്പെടാത്ത ഭാഗമേതെന്നു ചോദിക്കുമ്പോള്‍ ചെസ് കളിക്കാര്‍ എടുക്കുന്നത്രയും ആലോചനാസമയം തന്നെ എടുക്കുന്നു വീട്ടുകാരും കാഴ്ചക്കാരുമെല്ലാം.

വീടുപണിയിലെ 'പ്രാദേശികവാദം'

പറഞ്ഞുവരുന്നത് ഒരു ശാസ്ത്രസത്യമല്ല. കരിങ്കല്ലും ചെങ്കല്ലുമൊക്കെ സുലഭമാണ് ചൊവ്വയില്‍. ഇത് പക്ഷേ, കണ്ണൂര്‍ ജില്ലയിലെ ചൊവ്വയുടെ കാര്യമാണ്. ചൊവ്വയിലാണ് 'ആമീസ്'. മതിലിനും പടിപ്പുരയുടെ കവാടത്തിനും തറയൊരുക്കാനുമൊക്കെ വീട്ടുകാരും ആര്‍കിടെക്ടും നല്ലവണ്ണം പ്രാദേശികവാദികളായി. എന്തിനേറെ, മുറ്റത്തെ പേവിങ്ങിനും കാണാം കരിങ്കല്ലു കൊണ്ടുള്ള 'പ്രാദേശികവാദം'.


കണ്ണൂര്‍ മേലെ ചൊവ്വ കുന്നോത്തും ചാലിലെ ഫോറസ്റ്റ് ഓഫീസ് റോഡിലാണ് 'ആമീസ്'. വീട്ടുകാര്‍ എസ് പി സയീദും സഫിയതും. ദുബായില്‍ ചീഫ് അക്കൗണ്ടന്റായിരുന്നു വീട്ടുകാരന്‍. താമസം തുടങ്ങിയിട്ട് ആറു മാസമായതേയുള്ളൂ. വീടുപണി മുഴുവനും പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒന്നരവര്‍ഷത്തോളമെടുത്തു. എങ്കിലും അവസാനനാലുമാസങ്ങളിലാണ് വീടുപണിയുടെ 80 ശതമാനവും പൂര്‍ത്തിയായത്. 'അന്ന്, ഏതാണ്ട് 80 ഓളം പണിക്കാര്‍ വരെ രാവന്തിയോളം അധ്വാനിച്ചായിരുന്നു അവസാനമിനുക്കുപണികള്‍ പൂര്‍ത്തിയാക്കിയത്. ആ ഓര്‍മകളും ടീം വര്‍ക്കും ആണ് ചെയ്ത വീടുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. പിന്നെ വീട്ടുകാരന്റെ നല്ല സപ്പോര്‍ട്ടുമായപ്പോള്‍ എന്റെ മികച്ച പ്ലാനുകളിലൊന്നായി ഇത് മുന്നില്‍ നില്‍ക്കുന്നു'', ആര്‍കിടെക്ട് ടി.വി.മധുകുമാര്‍ (എം കുമാര്‍ ആര്‍കിടെക്ട്‌സ്, കണ്ണൂര്‍) ഓര്‍മ്മിക്കുന്നു.

''എന്തായാലും അന്നത്തെ ആ അധ്വാനത്തിന് ഫലം കിട്ടീന്നു തന്നെ പറയാം. ഇപ്പോഴും ഇതുവഴി പോവുന്ന ആരും ഒരു പ്രാവശ്യമെങ്കിലും വീടൊന്നു നോക്കുന്നത് ഞാന്‍ തന്നെ എത്രയോ പ്രാവശ്യം കണ്ടിട്ട്ണ്ട്'', വീട്ടുകാരി സഫിയത് പറയുന്നു. വീടിന്റെ മുന്‍വശത്തു നിന്നുള്ള കാഴ്ച ക്യാമറയില്‍ പകര്‍ത്താന്‍ പ്രയാസമാണ്. മുന്‍വശത്ത് റോഡ്. അതു കഴിഞ്ഞ് വെള്ളം നിറഞ്ഞുനില്‍ക്കുന്ന വയല്‍. ഇടയ്ക്ക് മരങ്ങള്‍. പിന്നെ സ്ഥലത്തിന്റെ പ്രത്യേക സ്ട്രക്ചര്‍ കാരണം മുറ്റത്തേക്ക് വരുന്തോറും ചെരിവു കൂടുകയും ചെയ്യുന്നു.

'വീട്ന്നു പറയുമ്പോള്‍ വിശാലമായിരിക്കണം. അടക്കവും ഒതുക്കവുമുള്ളതാവണം. മുറികളിലേക്കു കയറുമ്പോള്‍ ഒരു ഇരുട്ടുമുറിയിലേക്ക് കയറ്ന്ന ഫീലിങ് ഉണ്ടാവരുത്.' സയീദിന്റെ നിര്‍ബന്ധം ഇത്രയുമായിരുന്നു. റോഡരികിലായതിനാല്‍ വീട്ടിലേയ്ക്കു കയറാന്‍ പ്രധാനഗേറ്റിനു പുറമേ ഒരു പടിപ്പുര കൂടി നല്‍കി. ഇതിനു പുറമേ അകത്തെ കോര്‍ട്‌യാര്‍ഡ് ഉള്‍പ്പെടെ ചില പ്രത്യേകതകള്‍ കൂടിയുണ്ടെങ്കിലും വീടിന്റെ ഏറ്റവും വലിയ പ്രത്യേകതയായി നിങ്ങള്‍ ഈ വിശാലത തന്നെ എഴുതണമെന്ന് വീട്ടുകാരന്റെ 'സജഷന്‍'.

അഞ്ചു മക്കളാണ്. ഷമീര്‍, സാദിഖ്, ശബ്‌ന, ഷഹീര്‍, ഷക്കീര്‍. അഞ്ചുപേരും അഞ്ചു വഴിക്കും. എങ്കിലും വീട്ടില്‍ അഞ്ചുപേരും ഒന്നിച്ച് കൂടുമ്പോള്‍ ഒരു കുറവും വരരുത്. അതുകൊണ്ട് അഞ്ചും ഒന്നും കൂട്ടി ആറ് ബെഡ്‌റൂം ഇരിക്കട്ടെ എന്നു കരുതി.

വീട്ടിനുള്ളിലെത്തിയാലുടന്‍ കാണുന്ന മനോഹരമായ ലിവിങ്ങും അതിനോടു ചേര്‍ന്നു വരുന്ന കോര്‍ട്‌യര്‍ഡുമാണ് ൈഹലൈറ്റ്. സ്വാഭാവിക ലൈറ്റിങ്ങിന് പ്രാധാന്യം കിട്ടും വിധമാണ് ഇവ ഒരുക്കിയതെന്ന് ആര്‍കിടെക്ട് വിശദീകരിക്കുന്നു. 'മുകളില്‍ സ്‌കൈലൈറ്റും നല്‍കി. അന്തരീക്ഷഊഷ്മാവും വെളിച്ചവും ഇതുവഴി തുലനം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. കോര്‍ട്‌യാര്‍ഡിലാണെങ്കില്‍ നാച്ചുറല്‍ സ്‌റ്റോണും മറ്റും നല്‍കി സ്വാഭാവികത വരുത്താന്‍ ശ്രമിച്ചു. ഇവിടെ ചെയ്തതില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ കോര്‍ട്‌യാര്‍ഡും ലിവിങ്ങും ഉള്‍പ്പെടുന്ന സ്‌പേയ്‌സാണ്. സോഫ്റ്റ് ഫര്‍ണിഷിങ്ങാണ് ലിവിങ്ങില്‍. കൊത്തുപണികളും അമിത ആഡംബരവും ഇല്ലാത്ത സോഫകളും മറ്റും ദുബായില്‍ നിന്നും കൊണ്ടുവരികയായിരുന്നു. എല്ലാം ഇറ്റാലിയന്‍ സ്‌പെഷ്യല്‍.'

രണ്ട്‌വശത്തു നിന്നും കയറാന്‍ പാകത്തില്‍ പടികളുള്ള സ്‌റ്റെയര്‍കേസിന്റെ മുകളിലും സ്‌കൈലൈറ്റിനുള്ള വക കൊടുത്തിട്ടുണ്ട്. സൂര്യവെളിച്ചത്തില്‍ ഇതിനു താഴെ ഗ്രാനൈറ്റ് നിലത്ത് മഞ്ഞവര്‍ണത്തില്‍ പ്രതിഫലിക്കുമ്പോള്‍ ഒരു ഷാന്‍ഡ്‌ലിയര്‍ വിളക്ക് വാങ്ങാതൊത്തതായി വീട്ടുകാരന്റെ ആത്മഗതം.


'എല്‍' ഷേപ്പാണ് വീടിന്. ബെഡ്‌റൂമുകള്‍ താഴത്തെ നിലയിലും മുകളിലെ നിലയിലുമായി എല്‍ ഷേപ്പിന്റെ ഒരു കോണില്‍ വരുന്നു. ഓരോന്നിനും വ്യത്യസ്ത തീമും കളര്‍ പാറ്റേണും നല്‍കി. ഒരു ചുമര് ടെക്‌സ്ചര്‍ പെയിന്റ് ചെയ്ത് മനോഹരമാക്കി. ക്രോസ് വെന്റിലേഷന്‍ കൊടുത്തു. വിശാലത മുറിയിലെ വായുസഞ്ചാരത്തെ സ്വാധീനിക്കുന്നുമുണ്ട്.

ലേഡീസ് സ്‌പെഷ്യല്‍

ഫാമിലി ലിവിങ്ങിനടുത്തായി പ്രധാന ഡൈനിങ് ഏരിയക്കു പുറമേ, ഒരു ലേഡീസ് ഡൈനിങ്ങുമുണ്ട്. വീട്ടുകാരി സഫിയതിനും ടീമിനും വേണ്ടിയുള്ള സ്ഥലം. വെളിച്ചം പകുതി കടത്തിവിടുന്ന ഒരു ഗ്ലാസ് വാതിലും ഇവിടെ വരുന്നു. അടുക്കളയില്‍ നിന്നും നേരിട്ട് ഇവിടെ പ്രവേശിക്കാം. ഇതിനെ തൊട്ടുള്ള വാതില്‍ ലിവിങ് റൂമിലേക്ക് തുറക്കുന്നു. നൂറു ശതമാനവും സ്വകാര്യത നല്‍കുന്ന ഇവിടം സ്ത്രീകള്‍ക്ക് ഒരു എന്റര്‍ടെയിന്‍മെന്റ് ഏരിയ കൂടിയാണ്. 'ഞങ്ങള്‍ സ്ത്രീകള്‍ ഇവിടെയാണ് സ്ഥിരമായി കൂടുക. ആരെങ്കിലും അതിഥികളായി വന്നാല്‍ പുരുഷന്‍മാരുടെ കൂടെ ഇരുന്ന് അവരുടെ വല്യ വര്‍ത്തമാനങ്ങള്‍ കേട്ട് വെറുതെയിരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ ഞങ്ങള്‍ക്ക് മാത്രമുള്ള സ്വകാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ഇങ്ങനെ ഒരു മുറി? ഇവിട്ന്നു നോക്കിയാലും ആ കോര്‍ട്‌യാര്‍ഡും ഡൈനിങ്ങ് ഏരിയയുമല്ലാം കാണാം.' സഫിയതിന്റെ ന്യായവാദത്തില്‍ ഒബ്ജക്ഷന്‍ രേഖപ്പെടുത്താന്‍ തല്‍ക്കാലം ഞാനില്ലെന്ന മട്ടില്‍ സയീദ് ചിരിയിലൊതുങ്ങി.

30 വര്‍ഷമെങ്കിലും വാറന്റിയുള്ള ജര്‍മന്‍ നിര്‍മിത ലീക്കേജ് പ്രൂഫ് ആക്റ്റുവ ക്ലേ ടൈലുകളാണ് റൂഫിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. ഇതു തന്നെ പടിപ്പുരയ്ക്കു മുകളിലും കാണാം. വീടിന് രാജകീയത വരുത്താന്‍ ഇവയ്ക്ക് കഴിയുന്നുമുണ്ട്.''സ്റ്റയര്‍ കേസും മറ്റു മരപ്പണിയുമെല്ലാം തേക്കിലായിരുന്നു. തൃശൂര്ന്നുള്ള മരപ്പണിക്കാരാണ് അന്ന് വന്നത്. ഏതായാലും തേക്കിന്റെ രാജകീയത ഒന്നു വേറെത്തന്നെയാണല്ലോ..'', വീട്ടുകാരിരുവരും പറയുന്നു.


Stories in this Section
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.