മലയാള സിനിമയിലെ കാരണവര്‍ക്ക് 97

posted on:

31 Jul 2013


മലയാള സിനിമയിലെ കാരണവര്‍ ടി.ഇ. വാസുദേവന് ജൂലായ് 16-ന് 97 തികയുന്നു. 'ജയ് മാരുതി വാസുദേവന്‍' എന്ന പേരില്‍ പ്രശസ്തനായ ടി.ഇ. മലയാള സിനിമയ്ക്ക് 50 ഓളം ചലച്ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള പഴയ തലമുറയിലെ പ്രശസ്തനായ നിര്‍മാതാവാണ്.
ലോ ബജറ്റ് ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. കഥകള്‍ക്ക് വ്യത്യസ്തതയും ഉണ്ടായിരുന്നു.

വാസുദേവന്‍ വി. ദേവന്‍ എന്ന പേരില്‍ അദ്ദേഹം സംഭാവന ചെയ്ത കഥകളാണ് റെയില്‍വേ ബാക്ക്ഗ്രൗണ്ടില്‍ എടുത്ത കൊച്ചിന്‍ എക്‌സ്പ്രസ്, ബസ് ബാക്ക്ഗ്രൗണ്ടില്‍ എടുത്ത കണ്ണൂര്‍ ഡീലക്‌സ്, പത്തേമാരി ബാക്ക്ഗ്രൗണ്ടില്‍ എടുത്ത ഡെയ്ഞ്ചര്‍ ബിസ്‌കറ്റ് എന്നിവ. ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, ഭാര്യമാര്‍ സൂക്ഷിക്കുക, പാടുന്ന പുഴ, കാവ്യമേള, മറുനാട്ടില്‍ ഒരു മലയാളി, ഫുട്‌ബോള്‍ ചാമ്പ്യന്‍, എഴുതാത്ത കഥ, പ്രിയംവദ തുടങ്ങിയവ വാസുദേവന്‍ നിര്‍മിച്ച ഹിറ്റ് ചിത്രങ്ങളാണ്.

സേതുമാധവന്‍ സംവിധാനം ചെയ്ത സ്ഥാനാര്‍ഥി സാറാമ്മ, രാമു കാര്യാട്ട് സംവിധാനം ചെയ്ത മായ, ശശികുമാര്‍ സംവിധാനം ചെയ്ത എല്ലാം നിനക്കുവേണ്ടി, ഹരിഹരന്‍ സംവിധാനം ചെയ്ത മധുരപ്പതിനേഴ്, കുടുംബം ഒരു ശ്രീകോവില്‍, കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത മൈലാഞ്ചി, മണിയറ, മണിത്താലി, കാലം മാറി കഥ മാറി- മൊത്തത്തില്‍ അമ്പതോളം ചിത്രങ്ങള്‍.

പിന്നീട് പ്രശസ്തരായ നിരവധി തിരക്കഥാകൃത്തുക്കളെയും സംവിധായകരെയും സംഗീതസംവിധായകരെയും മലയാളത്തില്‍ അവതരിപ്പിച്ച നിര്‍മാതാവാണ് ടി.ഇ. എസ്.എല്‍ പുരം സദാനന്ദന്‍ അദ്ദേഹത്തിന്റെ 18 ചിത്രങ്ങള്‍ക്കും മൊയ്തു പടിയത്ത് ആറു ചിത്രങ്ങള്‍ക്കും പൊന്‍കുന്നം വര്‍ക്കി നാലു ചിത്രങ്ങള്‍ക്കും മുട്ടത്തുവര്‍ക്കി രണ്ടു ചിത്രങ്ങള്‍ക്കും വേണ്ടി രചന നടത്തിയിട്ടുണ്ട്. ആര്‍.എസ്. കുറുപ്പ്, ഉറൂബ്, തോപ്പില്‍ ഭാസി, ചെമ്പില്‍ ജോണ്‍, ജി. വിവേകാനന്ദന്‍, കെ. സുരേന്ദ്രന്‍, ഡോ. ബാലകൃഷ്ണന്‍, കാനം ഇ.ജെ., സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, പി.ആര്‍. ചന്ദ്രന്‍, ജഗതി എന്‍.കെ. ആചാരി, മുഹമ്മദ് മാനി, കുരിയന്‍ തുടങ്ങി യവരും ടി.ഇ.യ്ക്കുവേണ്ടി കഥകള്‍ എഴുതിയിട്ടുണ്ട്.

രാമു കാര്യാട്ട്, പി. ഭാസ്‌കരന്‍, എം. കൃഷ്ണന്‍ നായര്‍, കെ.എസ്. സേതുമാധവന്‍, എ.ബി. രാജ്, എം.എസ്. മണി, ശശികുമാര്‍, ഹരിഹരന്‍, എസ്.എസ്. രാജന്‍ തുടങ്ങി 15-ഓളം സംവിധായകര്‍ ടി.ഇ.യുടെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാസുദേവന്റെ 30-ല്‍ പരം ചിത്രങ്ങള്‍ക്ക് ദക്ഷിണാമൂര്‍ത്തിസംഗീതസംവിധാനം നിര്‍വഹിച്ചു. ഇതൊരു റെക്കോഡാണ്. എ.ടി. ഉമ്മര്‍, ബാബുരാജ്, കെ. രാഘവന്‍, എം.ബി. ശ്രീനിവാസന്‍, എല്‍.പി.ആര്‍. വര്‍മ തുടങ്ങിയവരും ടി.ഇ.യുടെ ചിത്രങ്ങളില്‍ സംഗീതസംവിധായകരായിരുന്നു. 19 ചിത്രങ്ങള്‍ക്ക് ശ്രീകുമാരന്‍ തമ്പിയും 15 ചിത്രങ്ങള്‍ക്ക് പി. ഭാസ്‌കരനും 12 ചിത്രങ്ങള്‍ക്ക് അഭയദേവും 3 ചിത്രങ്ങള്‍ക്ക് വയലാര്‍ രാമവര്‍മയും പാട്ടുകളെഴുതി.

കഴിഞ്ഞ തലമുറയിലെ നടീനടന്മാരില്‍ ആരുംതന്നെ വാസുദേവന്റെ ചിത്രങ്ങളില്‍ അഭിനയിക്കാത്തവരായി ഇല്ല. 1988-ല്‍ സിനിമയുടെ പ്ലാറ്റിനം ജൂബിലി കൊണ്ടാടിയ സമയത്ത് രാഷ്ട്രം ആദരിച്ച 75 പ്രമുഖ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു വാസുദേവന്‍.