ചിത്രയുടെ സ്‌നേഹനന്ദന

ബൈജു പി. സെന്‍

 

posted on:

29 Jul 2013


കേരളത്തിന്റെ വാനമ്പാടിക്ക് 50 വയസ്സ്. ഭാഷാ ഭേദങ്ങളില്ലാത്ത ഗാനങ്ങളിലൂടെ നമ്മുടെ ഹൃദയത്തില്‍ കൂടുകൂട്ടിയ ചിന്നക്കുയില്‍. ഗോള്‍ഡന്‍ ജൂബിലിയുടെ ആഘോഷങ്ങളില്ലാതെ ചിത്ര ഇന്ന് സ്‌നേഹനന്ദന ചാരിറ്റബിള്‍ ട്രസ്റ്റിനൊപ്പമാണ്. മകള്‍ നന്ദനയുടെ ഓര്‍മ്മയ്ക്കായി രൂപവത്കരിച്ച ട്രസ്റ്റ് സംഗീത രംഗത്ത് അവശത അനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് കൈത്താങ്ങാവുന്നു. ഒരു വര്‍ഷംകൊണ്ട് 50 ലക്ഷം സ്വരൂപിച്ച ഈ കാരുണ്യക്കൂട്ടായ്മയില്‍ മുഴുകുകയാണ് ചിത്ര. പിറന്നാള്‍പോലും മറന്ന്...

''ചിത്ര എന്ന പേര് കേള്‍ക്കുമ്പോള്‍ എല്ലാവരും സംഗീതം ഓര്‍ക്കും. എന്നെ വളര്‍ത്തിയവരില്‍ ഒരുപാട് മ്യുസിഷ്യന്മാരുണ്ട്. അവരുടെ സംഗീതത്തിന്റെ ശ്രുതിയിലൂടെയാണ് ഞാന്‍ നിങ്ങളിലേക്ക് എത്തിയത്. ജീവിത സായാഹ്നത്തില്‍ മരുന്നു വാങ്ങാനും ഭക്ഷണം കഴിക്കാനും പാടുപെടുന്നവര്‍. അവര്‍ക്കൊരു സഹായമാകാനാണ് 'സ്‌നേഹനന്ദന ചാരിറ്റബിള്‍ ട്രസ്റ്റ്' രൂപവത്കരിച്ചത്. എ.സി.വി.യുടെ സഹായത്തോടെയാണ് അത് മുന്നോട്ട് കൊണ്ടുപോകുന്നത്.

എല്ലാം ഒരു നിയോഗം പോലെ

ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ പ്രോഗ്രാമിനിടയ്ക്കാണ് സംഗീതത്തില്‍ 30 വര്‍ഷം പിന്നിട്ട എന്നെ ആദരിക്കുന്ന ഒരു പ്രോഗ്രാം സംഘടിപ്പിക്കാനായി എ.സി.വി. ടീം സമീപിച്ചത്. അത് കേട്ടപ്പോള്‍ത്തന്നെ ഞാന്‍ നിരസിച്ചു. കാരണം വരുന്നവര്‍ എല്ലാം എന്നെ നിര്‍ത്തി മഹത്ത്വം വര്‍ണിക്കുന്നത് കേള്‍ക്കാനുള്ള തൊലിക്കട്ടി എനിക്കില്ല. വല്ലാത്ത ചമ്മലാണത്. പിന്നീടാണ് ആ പരിപാടി കഷ്ടപ്പെടുന്ന മ്യുസിഷ്യന്മാരെ സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കാനുള്ള ട്രസ്റ്റ് രൂപവത്കരിക്കാനാണെന്ന് മനസ്സിലായത്. അതുകൊണ്ട് ഞാന്‍ അവര്‍ക്കൊപ്പം നിന്നു. അങ്ങനെയാണ് എ.സി.വി. സ്‌നേഹ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപവത്കൃതമായത്.

ട്രസ്റ്റ് രൂപവത്കരിച്ച് രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ നന്ദനമോള്‍ പോയി. പാട്ടുകള്‍ ജീവനായിരുന്ന കുട്ടിയായിരുന്നു നന്ദന. പ്രോഗ്രാമിനായി മോളെയും കൊണ്ടുപോയാല്‍ അവള്‍ സ്‌ട്രോളറില്‍ കിടന്ന് ഉറങ്ങും. ഞാന്‍ റെക്കോഡിങ് സ്റ്റുഡിയോയില്‍ കയറിയാല്‍ പാടി തീരുന്നതുവരെ അവള്‍ എന്നെ കാത്തിരിക്കും. ചിലപ്പോള്‍ ഉറങ്ങിപ്പോയിട്ടുണ്ടാകും. മോളു പോയപ്പോള്‍ തളര്‍ന്നുപോയ എന്നെ വീണ്ടും പിടിച്ചുയര്‍ത്തിയത് സംഗീതമായിരുന്നു. എന്റെ നന്ദനയുടെ ഓര്‍മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍. അങ്ങനെയാണ് എന്റെയും ഭര്‍ത്താവിന്റെയും അപേക്ഷപ്രകാരം സ്‌നേഹ ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌നേഹനന്ദന ചാരിറ്റബിള്‍ ട്രസ്റ്റായി മാറിയത്.

സ്‌നേഹനന്ദന ഒരു സ്‌നേഹ സാന്ത്വനം

പിറന്നതുമുതല്‍ ഏറെ പ്രത്യേകതയുള്ള കുട്ടിയായിരുന്നു നന്ദന. ഞങ്ങള്‍ കാണാത്ത പല വിസ്മയങ്ങളും ഞങ്ങളുടെ കുടുംബസുഹൃത്തുക്കള്‍ അവളില്‍ കണ്ടു. അവളുടെ അടുത്ത് ആരൊക്കെ വന്നു പോയിട്ടുണ്ടോ അവരൊക്കെ ഇന്ന് നല്ല നിലയില്‍ എത്തിയിട്ടുണ്ട്. ഞങ്ങളുള്‍പ്പെടെ... തിരുപ്പൂരിലെ സമ്പത്ത്കുമാര്‍ എന്ന വ്യവസായി എല്ലാവര്‍ഷവും എന്റെ വീട്ടില്‍ വന്ന് മകളെക്കൊണ്ട് തേങ്ങയില്‍ നെയ്‌നിറപ്പിച്ച് ശബരിമലയില്‍ കൊണ്ടുപോകുമായിരുന്നു. അവളുടെ പിറന്നാളുകള്‍മാത്രമായിരുന്നു ഞങ്ങളുടെ ആഘോഷങ്ങള്‍. ഞാന്‍ ആഗ്രഹിക്കാത്തത് പലതും ദൈവം വാരിക്കോരിത്തന്നു. ഞാന്‍ ആഗ്രഹിച്ചതാവട്ടെ ദൈവം തിരിച്ചെടുത്തു.

ആ പൊന്നുമോളുടെ വിയോഗം താങ്ങാവുന്നതിനുമപ്പുറത്തായിരുന്നു. പത്ത് വര്‍ഷത്തെ കാത്തിരിപ്പില്‍ ഞാന്‍ തൊഴാത്ത അമ്പലങ്ങളില്ല. കയറാത്ത ആസ്പത്രികളില്ല. അത്രയും കാത്തിരുന്ന് എനിക്ക് കിട്ടിയ മുത്ത്. കണ്ട് കൊതിതീരും മുമ്പേ തിരിച്ചുപോയി. മകളുടെ ഓര്‍മയ്ക്കായി എന്തെങ്കിലും ചെയ്യണം. ഞങ്ങളുടെ കാലശേഷവും അത് നിലനില്‍ക്കണം. അതിന്റെ ഗുണം സംഗീതലോകത്തിനാകണം. ഈ തീരുമാനങ്ങള്‍ക്ക് ഏറ്റവും ഉചിതം സ്‌നേഹനന്ദന ചാരിറ്റബിള്‍ ട്രസ്റ്റാണെന്നുതന്നെ ഞങ്ങള്‍ തിരിച്ചറിഞ്ഞു.

ചാരിറ്റബിള്‍ ട്രസ്റ്റ് രൂപവത്കരിച്ച് മാസങ്ങള്‍ക്കകം പല വിസ്മയങ്ങളും ഉണ്ടായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ കൈയില്‍നിന്ന് 9 ലക്ഷം രൂപ കൈപ്പറ്റിയ സുഹൃത്ത് അത് തിരിച്ചുതന്നു. ഞങ്ങള്‍ ആരോടും ഒന്നും ചോദിച്ചില്ല. പലരും കൈയിലുള്ളത് സഹായിച്ചു. സ്റ്റാര്‍ സിങ്ങര്‍ പ്രോഗ്രാം കാണാനെത്തിയ ഒരു മുത്തശ്ശി സ്വരുക്കൂട്ടിയ പതിനായിരം രൂപ എന്റെ കൈയില്‍ വെച്ചുതന്നു. അങ്ങനെ പലരില്‍ നിന്നായി 15 ലക്ഷം കിട്ടി. 35 ലക്ഷം രൂപ ഞാനും ട്രസ്റ്റിലിട്ടു. ഇപ്പോള്‍ തിരഞ്ഞെടുത്ത 8 പേര്‍ക്ക് മാസത്തില്‍ 3000 രൂപ വീതം പെന്‍ഷന്‍ ഞങ്ങള്‍ കൊടുക്കുന്നുണ്ട്. നാലുപേര്‍കൂടി പരിഗണനയില്‍ ഉണ്ട്. ട്രസ്റ്റിന്റെ പൂര്‍ണവിവരം ്ര്ര.്രമര്വീൃവസമൃമൃലമൃമറിുീറ.ര്ൗ സന്ദര്‍ശിച്ചാല്‍ കാണാം.

ഇനി ജീവിതം അവര്‍ക്കുവേണ്ടി

സംഗീതലോകത്തിന് വേണ്ടിയാണ് ഇനിയുള്ള നാളുകള്‍. എന്റെ ആഗ്രഹത്തിനൊപ്പം നിരവധി പേരുണ്ട്. സഹായം അര്‍ഹതപ്പെട്ടവര്‍ക്കായിരിക്കണമെന്നാഗ്രഹിക്കുന്നവര്‍. സ്‌നേഹനന്ദന ട്രസ്റ്റിന് കിട്ടുന്ന അപേക്ഷകരില്‍ അര്‍ഹതപ്പെട്ടവരെ തിരഞ്ഞെടുക്കുന്നത് ട്രസ്റ്റാണ്. ചാനല്‍ കമ്മിറ്റിയും മ്യൂസിക്ക് ഫ്രട്ടേണിറ്റിയും അപേക്ഷകരെക്കുറിച്ച് അന്വേഷിക്കും. ചെന്നൈയിലെ സിനി മ്യൂസിക് യൂണിയന്‍ ഫോര്‍വേഡ് ചെയ്യുന്ന അപേക്ഷയും പരിഗണിക്കും. അര്‍ഹതപ്പെട്ട കരങ്ങളില്‍ സഹായമെത്തിക്കാനാണ് ശ്രമം. ട്രസ്റ്റിലേക്ക് ഫണ്ട് സ്വരൂപിക്കാന്‍ ഒരു മ്യൂസിക്ക് ടൂറും പ്ലാന്‍ ചെയ്യുന്നുണ്ട്.

മകള്‍ പോയസമയത്ത് ഒരപരിചിതന്‍ ഞങ്ങളുടെ വീട്ടിലെത്തി. ദുഃഖം മാറാന്‍ അന്നദാനം നടത്താന്‍ പറഞ്ഞു. മകളുടെ ഓര്‍മയ്ക്കായി വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം അന്നദാനം ഞങ്ങള്‍ നടത്താറുണ്ട്. ഒരര്‍ഥത്തില്‍ ഈ സഹായവും ഒരന്നദാനമാണല്ലോ...

ചിത്രയുടെ പ്രിയപ്പെട്ട 10 ഗാനങ്ങള്‍

1 വരുവാനില്ലാരും...
2,വാര്‍മുകിലേ...
3 കാറ്റേ നീ...
4,രാജഹംസമേ...
5 ആയിരം കണ്ണുമായ്...
6 പൂമാനമേ...
7മഞ്ഞള്‍ പ്രസാദവും...
8 മാലേയം...
9 ഔവരു പൂക്കളുമേ...
10കാര്‍മുകില്‍വര്‍ണന്റെ...