തട്ടിക്കൂട്ടും വെട്ടിക്കൂട്ടും പെരുവഴിയില്‍!

posted on:

05 Jun 2013


കഴിഞ്ഞ വര്‍ഷം 126 മലയാള ചിത്രങ്ങളാണ് തിയേറ്ററുകളിലെത്തിയത്. ഈ വര്‍ഷം ആദ്യത്തെ നാലു മാസത്തില്‍ത്തന്നെ 58 സിനിമകള്‍ റിലീസായി. തിയേറ്ററുകള്‍ കിട്ടാതെ നിര്‍മ്മാണം പൂര്‍ത്തിയായ അനവധി ചിത്രങ്ങള്‍ കാത്തുകെട്ടി കിടക്കുന്ന സ്ഥിതിയുമാണ്.
എണ്ണത്തിലെ ഈ വര്‍ദ്ധനവ്, സിനിമാരംഗത്തിന് നല്‍കിയിട്ടുള്ള പുത്തനുണര്‍വ്വ് തെല്ലൊന്നുമല്ല. പുതുതലമുറ സിനിമകള്‍ പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിച്ച അനുകൂലാഭിപ്രായം, ഡിജിറ്റല്‍ സാങ്കേതികത മൂലം നിര്‍മ്മാണച്ചെലവിലുണ്ടായ കുറവ് എന്നിവയാണ് സിനിമാ നിര്‍മ്മാണത്തിലെ ഈ വര്‍ദ്ധനവിനു കാരണമായത്. ഒപ്പം ചാനലുകളില്‍ നിന്നു കിട്ടുന്ന സാറ്റലൈറ്റ് റേറ്റിന്റെ പിന്തുണയും ഒരു പ്രധാന ഘടകമായിത്തീര്‍ന്നു.

ചാനലുകളുടെ എണ്ണം വര്‍ദ്ധിക്കുകയും അവര്‍ സിനിമകള്‍ക്കു വേണ്ടി മത്സരബുദ്ധ്യാ രംഗത്തു വരികയും ചെയ്തതാണ് സിനിമയ്ക്ക് അനുഗ്രഹമായി മാറിയത്. പല സിനിമകളും തിയേറ്ററിലെത്തും മുന്‍പേ തന്നെ നിര്‍മ്മാതാവിന് ലാഭകരമാവുന്ന അവസ്ഥയുണ്ടായി. ഇത് ധാരാളം പുതിയ നിര്‍മ്മാതാക്കളെ സിനിമാരംഗത്തേക്ക് അടുപ്പിച്ചു. പുതുമുഖ ചിത്രങ്ങളുടെ കുത്തൊഴുക്കുണ്ടായി.

സാറ്റലൈറ്റ് റെറ്റ് എന്ന ചക്കരക്കുടം കണ്ട് നിര്‍മ്മിക്കപ്പെട്ട സിനിമകള്‍ പലതും തിയേറ്ററുകളില്‍ ഒരാഴ്ച പോലും തികച്ചില്ല. ഒരു ദിവസം കളിച്ച ചിത്രങ്ങളും ഒറ്റ ഷോയില്‍ ഒതുങ്ങിയവയും ഒറ്റ തിയേറ്ററില്‍ മാത്രം റിലീസ് ചെയ്തവയും ഇക്കൂട്ടത്തിലുണ്ട്. തിയേറ്ററിലേക്ക് തിരിച്ചു വരാന്‍ തുടങ്ങിയ പ്രേക്ഷകരെ ആട്ടിപ്പായിക്കാന്‍ മാത്രം അസഹനീയമായ ചിത്രങ്ങളായിരുന്നു ഇവയില്‍ മഹാഭൂരിപക്ഷവും.
എന്തായാലും 'സാറ്റലൈറ്റ് റൈറ്റി'ന്റെ പേരിലുള്ള സിനിമാക്കളികള്‍ക്ക് പൊടുന്നനേ ഒരു തട വീണിരിക്കുകയാണ്. നിലവാരമില്ലാത്ത ചിത്രങ്ങളുടെ റൈറ്റ് വാങ്ങേണ്ടെന്ന് ചാനലുകള്‍ കൂട്ടായി തീരുമാനിച്ചതോടെ, റിലീസ് ചെയ്തതും അല്ലാത്തതുമായ അമ്പതിലേറെ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് ഇരുട്ടടി കിട്ടിയ സ്ഥിതിയാണ്.

വെട്ടിക്കൂട്ട് ചിത്രങ്ങള്‍ കാണാന്‍ തിയേറ്ററില്‍ മാത്രമല്ല ചാനലിലും ആളെക്കിട്ടില്ല എന്നു ബോധ്യമായതാണ് പെട്ടെന്നു തന്നെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ ചാനല്‍ അധികാരികളെ നിര്‍ബന്ധിതരാക്കിയത്. കാണാന്‍ ആളില്ലാത്ത ചിത്രത്തിന് ആരാണ് പരസ്യം നല്‍കുക?
അതേസമയം തിയേറ്ററില്‍ പരാജയപ്പെടുന്ന പല ചിത്രങ്ങളും ചാനലില്‍ ഹിറ്റായി മാറാറുമുണ്ട്. എം.മോഹന്‍ സംവിധാനം ചെയ്ത '916' ആണ് ഇതിനുള്ള സമീപകാല ഉദാഹരണം.

സിനിമയില്‍ ന്യൂജനറേഷന്റെ മറവിലെ 'പിള്ളേരുകളി'ക്ക് ചാനലുകളുടെ ഈ തീരുമാനം വലിയൊരളവോളം ശമനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.