കാഴ്ചയിലെ നല്ലനേരം

posted on:

19 May 2013

കാപ്പിക്കപ്പുകളിലാണ് എന്നും അവരുടെ സ്വപ്നങ്ങള്‍ ആവിപറത്തിയത്. ആലുവയിലെ 'ഗോപൂസി'ലിരുന്ന് അല്‍ഫോണ്‍സ് ആനന്ദിനോട് 'നീ ക്യാമറയും ഞാന്‍ സംവിധാനവു'മെന്ന് പറയുമ്പോള്‍ 'ഞാനാകുമല്ലേ നായകന്‍' എന്നു ചോദിച്ച് കേട്ടിരിക്കാന്‍ നിവിന്‍പോളിയെന്ന കൂട്ടുകാരനുമുണ്ടായിരുന്നു. നല്ലനേരം വന്നപ്പോള്‍ അവര്‍ ആഗ്രഹിച്ചത് സംഭവിച്ചു. അപ്പോള്‍ ചെന്നൈയിലെ ഒരു കോഫീഷോപ്പില്‍ വച്ച് അല്‍ഫോണ്‍സ് ആനന്ദിനോടും നിവിനോടും പറഞ്ഞത് ഇതായിരുന്നു: 'റെഡ്ജയന്റിന്റെ ലോഗോയോടെയാകും ഈ സിനിമ തമിഴ്‌നാട്ടില്‍ കളിക്കുക...' ആത്മവിശ്വാസം എന്ന വാക്കിലെ ആദ്യ അക്ഷരത്തെ പേരില്‍ സൂക്ഷിക്കുന്ന ചെറുപ്പക്കാര്‍ അവിടെയും ജയിച്ചു. തമിഴ്‌നാട്ടില്‍ ഉദയനിധി സ്റ്റാലിന്‍ എന്ന താരപുത്രന്റെ റെഡ്ജയിന്റ് കമ്പനിയും മലയാളത്തില്‍ ലാല്‍ജോസിന്റെ എല്‍.ജെ.ഫിലിംസും അവരുടെ സിനിമ വിതരണത്തിനെടുത്തു. 'നേരം' എന്ന പേരോടെ അത് കേരളത്തിലെയും തമിഴ്‌നാട്ടിലെയും തീയേറ്ററുകള്‍ നിറഞ്ഞോടുകയാണിപ്പോള്‍

ആദ്യസിനിമയെ നെഞ്ചോട് ചേര്‍ത്ത്


ഊട്ടി ലൗഡെയ്ല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത,് രജനീകാന്തിന്റെയും കമലഹാസന്റെയും സിനിമകള്‍ കണ്ട് തമിഴ് സിനിമകളോട് ഇഷ്ടം തോന്നിയ പയ്യന്‍. വളര്‍ന്നപ്പോഴേക്കും അല്‍ഫോണ്‍സ് പുത്രന്റെ മനസ്സില്‍ സംവിധാനമോഹം പൂത്തു തുടങ്ങിയിരുന്നു. ചെന്നെയിലെ എസ്.എ.ഇ. കോളേജില്‍ നിന്ന് ഡിജിറ്റല്‍ ഫിലിം മേക്കിങ് കോഴ്‌സ് കഴിഞ്ഞ് മ്യൂസിക് വീഡിയോ ആല്‍ബങ്ങളുടെ സംവിധായകനായി.
വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച് അല്‍ഫോണ്‍സ് സംവിധാനം ചെയ്ത 'എലി' എന്ന ഷോര്‍ട്ട് ഫിലിമാണ് 'നേര'ത്തിലേക്ക് വഴി തുറന്നത്. 'എലി' കണ്ട തമിഴിലെ ഒരു പ്രൊഡക്ഷന്‍ ഹൗസ് സിനിമ സംവിധാനം ചെയ്യാന്‍ അവസരം നല്കുകയായിരുന്നു. മുമ്പ് 'യുവ' എന്ന ആല്‍ബത്തില്‍ നിവിന്‍ പോളി -നസ്രിയ എന്നിവരെ ജോഡിയാക്കി 'നെഞ്ചോട് ചേര്‍ത്ത്' എന്ന മ്യൂസിക് ആല്‍ബം ചെയ്തതിനാല്‍ നായികാനായകന്‍മാരെ അനേഷിച്ച് മറ്റെങ്ങും പോകേണ്ടി വന്നില്ല.

സ്വന്തം ജീവിതത്തില്‍ നടന്നിട്ടുള്ള കുറേ സംഭവങ്ങള്‍ക്കൊപ്പം ഭാവനയും ചേര്‍ത്തപ്പോഴാണ് നേരത്തിന്റെ പിറവിയെന്ന് അല്‍ഫോണ്‍സ് പറയുന്നു. ''വിദേശസിനിമകളുള്‍പ്പെടെ ഒത്തിരി ചിത്രങ്ങള്‍ ഞാന്‍ കാണാറുണ്ട്. അവയൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ, ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എന്റേതായ എന്തെങ്കിലും കാര്യങ്ങള്‍ കൊണ്ടു വരണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. എഡിറ്റിങ് കുറച്ച് അറിയാവുന്നതു കൊണ്ട് ആവശ്യത്തിനുള്ള കാര്യങ്ങള്‍ മാത്രമേ ചിത്രീകരിച്ചിരുന്നുള്ളൂ. എഡിറ്റിങ് ടൈം ഇട്ടിട്ടാണ് ചെയ്തത്. അതിനാല്‍ സിനിമകള്‍ക്കുണ്ടാവേണ്ട താളം 70 ശതമാനം അങ്ങനെ കിട്ടി.''

അല്‍ഫോണ്‍സ് ആദ്യം തമിഴിലാണ് നേരത്തിന്റെ തിരക്കഥ എഴുതിയത്. അതിനുശേഷം, ഇതൊരു എക്‌സ്‌പെരിമെന്റല്‍ സബജക്ടാണ് മലയാളത്തിലും ചെയ്യാമോയെന്ന് പ്രൊഡ്യൂസേഴ്‌സിനോട് ചോദിക്കുകയായിരുന്നു. തമിഴിലെ സംഭാഷണങ്ങള്‍ അതേ പോലെ തര്‍ജമ ചെയ്താല്‍ മലയാളത്തില്‍ ആസ്വദിക്കാന്‍ പ്രയാസമായിരിക്കും എന്നതിനാല്‍ സംഭാഷണങ്ങളും കഥാപാത്രങ്ങളും കുറേ മാറ്റിയെഴുതി. ഏറെക്കുറെ രണ്ടു സിനിമ എടുക്കുന്ന രീതിയും അധ്വാനവും വേണ്ടിവന്നു എന്ന് അല്‍ഫോണ്‍സ്.

''2005-ല്‍ വിനയന്‍ ബോയ്ഫ്രണ്ട് സംവിധാനം ചെയ്യുമ്പോള്‍ അതിന്റെ ക്യാമറാമാനായിരുന്ന ജിബു ജേക്കബ്ബിന്റെ അസിസ്റ്റന്റ് ക്യാമറാമാനായിരുന്നു ഞാന്‍. മലയാളസിനിമയുമായുള്ള എനിക്കുള്ള ബന്ധം അതുമാത്രമായിരുന്നു. ആലുവക്കാരനാണെങ്കിലും ആദ്യകാലം മുതല്‍ തമിഴ് നാട്ടില്‍ പഠിച്ചു വളര്‍ന്നതു കൊണ്ട് എന്റെ പ്രവര്‍ത്തന മേഖല ചെന്നൈയാവുകയായിരുന്നു.''

ആദ്യസിനിമ നാലുവര്‍ഷമെടുത്ത് എഴുതി പൂര്‍ത്തിയാക്കിയ അല്‍ഫോണ്‍സ് മലയാളത്തിലും തമിഴിലും കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യണം എന്ന ആഗ്രഹത്തിലാണ്. ''പക്ഷേ, നല്ലൊരു വിഷയം കിട്ടുമ്പോള്‍ മാത്രമേ എഴുതിത്തുടങ്ങൂ. അതു വരെ ഞാന്‍ നേരത്തെ നെഞ്ചോടു ചേര്‍ക്കുകയാണ്.''

ടി.എസ്. പ്രതീഷ്


കഥ പറയുന്ന ക്യാമറ


മനോഹരമായ വിഷ്വലുകളില്‍ 'നേരം' ഒരു കാഴ്ചയനുഭവം കൂടിയാക്കി മാറ്റിയ ചെറുപ്പക്കാരന് വെറും 22 വയസ്സാണ് പ്രായം. ഇന്ന് മലയാളസിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ ഛായാഗ്രാഹകന്‍. ആലുവാക്കാരന്‍ ആനന്ദ് സി. ചന്ദ്രന്‍.

രാജഗിരി സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടകത്തിലൂടെ കര്‍ട്ടനുയര്‍ത്തിയതാണ് ആനന്ദിന്റെ കലാജീവിതം. അല്‍ഫോണ്‍സും നിവിനുമുള്‍പ്പെടുന്ന ആലുവയിലെ സുഹൃദ്‌സംഘമാണ് സിനിമയിലേക്ക് കൈകാട്ടിവിളിച്ചത്. അല്‍ഫോണ്‍സ് പറഞ്ഞതുകേട്ട് ഇംഗ്ലീഷ് സിനിമകള്‍ കണ്ടുതുടങ്ങിയ ആനന്ദ് 11-ാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ നോക്കിയയുടെ എന്‍ 72-വില്‍ ഷൂട്ട് ചെയ്തുതുടങ്ങി. ആനന്ദിന്റെ ആനന്ദങ്ങളെ മറ്റെന്തിനേക്കാള്‍ വിലമതിക്കുന്ന അച്ഛനുമമ്മയും ഡി.എസ്.എല്‍.ആര്‍. ക്യാമറ വാങ്ങിനല്കിയതോടെ കാഴ്ചകള്‍ കൂടുതല്‍ വിസ്തൃതമായി. പ്ലസ് ടു കഴിഞ്ഞ ശേഷം തമിഴ്‌നാട്ടിലെ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ ബി.എസ്.സി ഫിലിം ടെക്‌നോളജി ചെയ്തു.

ഇതിനിടയില്‍ അല്‍ഫോണ്‍സും ചെന്നൈയിലെത്തിയിരുന്നു. ചെന്നൈയെന്ന വരണ്ട നഗരത്തിലും അവരുടെ സൗഹൃദം ഹൃസ്വചിത്രങ്ങളിലൂടെ തളിര്‍ത്തു. 'എലി'യുടെ ക്യാമറ ആനന്ദായിരുന്നു. ഗണേഷ് രാജ് സംവിധായകനായ 'ഒരുകുട്ടിചോദ്യം' ആയിരുന്നു മറ്റൊരു സംരംഭം. അന്നേ അല്‍ഫോണ്‍സിന്റെ മനസ്സില്‍ 'നേര'മുണ്ട്. നിര്‍മാതാവിനെ കിട്ടിയതോടെ അവര്‍ കാപ്പിക്കപ്പുകള്‍ പലതുകുടിച്ചുവറ്റിച്ചു.

ആദ്യം ഫിലിമില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ എനിക്ക് പേടിയാണെന്നു പറഞ്ഞ് മാറി നിന്ന ആനന്ദ് ഡിജിറ്റലിലേക്ക് നേരം മാറിയപ്പോള്‍ സധൈര്യം ക്യാമറയെടുത്തു.
 1 2 NEXT