ന്യൂജനറേഷന്‍കാലത്തെ കിത്തു

വിത്സന്‍ വര്‍ഗീസ്‌

 

posted on:

23 Dec 2012


സിനിമ ഒരു കലാരൂപം മാത്രമാണെങ്കില്‍ അതില്‍ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ജോര്‍ജ് കിത്തു. സിനിമ വ്യവസായമാകുമ്പോള്‍ കട പൂട്ടിപ്പോയ ഒരു കച്ചവടക്കാരന്‍. സി.ഡി. പ്രകാശനച്ചടങ്ങില്‍ ഇദ്ദേഹത്തെ കാണില്ല. ചാനല്‍ അഭിമുഖങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുമില്ല. സ്വയം മാര്‍ക്കറ്റിംഗിന്റെ ഇക്കാലത്ത് അതുകൊണ്ടു തന്നെ കിത്തു ന്യൂ ജനറേഷന്‍ സംവിധായകനല്ലാതാവുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ജോര്‍ജ് കിത്തു സംവിധാനം നിര്‍വഹിച്ച 'ആകസ്മികം' എന്ന ചിത്രം തിയേറ്ററിലെത്തുകയാണ്. പഴയ തലമുറക്കാരനായ കിത്തുവിന്റെ പുതു തലമുറ ചിത്രമല്ല ഇത്; പുതിയ തലമുറയെക്കുറിച്ചുള്ള ചിത്രമാണ്.

നാലു പതിറ്റാണ്ടു മുമ്പ്, സിനിമ ഇന്നത്തേതുപോലെ ജനകീയമല്ലാതിരുന്ന നാളുകളിലും അദ്ദേഹത്തിന്റെ ഉള്ളില്‍ നിറയെ സിനിമയായിരുന്നു. അങ്ങനെയാണ് 1973ല്‍ അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംവിധാനം പഠിക്കാന്‍ പ്രവേശനം നേടുന്നത്. 1976-ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയത് ഒന്നാം റാങ്കോടെ. മികച്ച ഡിപ്ലോമ ഫിലിമിനുള്ള അവാര്‍ഡ് (ദി കേജ്), മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് (യുവര്‍ ഗോഡ് ഈസ് മൈ ഗോഡ്) എന്നിവ കിത്തുവിന് തന്നെയായിരുന്നു. മികച്ച വിദ്യാര്‍ഥിക്കുള്ള എന്‍ഡോവ്‌മെന്റും വാങ്ങിയാണ് കിത്തു ഇന്‍സ്റ്റിറ്റിയൂട്ട് വിടുന്നത്. സംവിധായകന്‍ അജയന്‍, നടന്‍ രവീന്ദ്രന്‍, മണിയന്‍പിള്ള രാജു എന്നിവര്‍ ഒരുമിച്ചുണ്ടായിരുന്നു അടയാറില്‍. അവിടത്തെ ആക്ടിങ് സ്‌കൂളില്‍ അന്ന് മറ്റൊരു സിനിമാ ഭ്രാന്തനുണ്ടായിരുന്നു. കിത്തുവിന്റെ സുഹൃത്ത് ശിവാജി റാവു; ഇപ്പോഴത്തെ രജനീകാന്ത്.

അടയാറിലെ മികവ് കിത്തുവിനെ ഭരതന്റെ അടുത്തെത്തിച്ചു. കലാസംവിധായകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അന്ന് ഭരതന്‍. അങ്ങനെ 'ആരവ'ത്തില്‍ കിത്തു അസോസിയേറ്റ് സംവിധായകനായി. ഭരതന്‍-കിത്തു കൂട്ടുകെട്ട് ഇണങ്ങിയും പിണങ്ങിയും പതിറ്റാണ്ടിലേറെ നീണ്ടു.

ആരവം, തകര, ചാമരം, ലോറി, മര്‍മരം, ഓര്‍മയ്ക്കായി, സന്ധ്യമയങ്ങും നേരം, ഈണം, കാറ്റത്തെ കിളിക്കൂട്, മാളൂട്ടി, താഴ്‌വാരം, അമരം, കേളി... കിത്തു അസോസിയേറ്റായ ഭരതന്‍ചിത്രങ്ങളുടെ പട്ടിക നീളുന്നു.

പ്രതാപ് പോത്തന്റെ ഋതുഭേദം, ഡെയ്‌സി, കെ.എസ്. സേതുമാധവന്റെ ആരോരുമറിയാതെ, ഭരത്‌ഗോപിയുടെ ഉത്സവപ്പിറ്റേന്ന് തുടങ്ങിയ സിനിമകള്‍ക്കു പിന്നിലും കിത്തുവുണ്ടായിരുന്നു. കിരീടം ഉണ്ണി നിര്‍മിച്ച 'ആധാര'മാണ് കിത്തുവിനെ സ്വതന്ത്ര സംവിധായകനാക്കിയത്.
1992-ല്‍ ലോഹിതദാസിന്റെ തിരക്കഥയില്‍ ഈ സിനിമയിലൂടെ നടന്‍ മുരളി ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. കിത്തു അങ്ങനെ മികച്ച നവാഗത സംവിധായകനുമായി.

ജോണ്‍പോള്‍ എഴുതിയ സവിധം, സമാഗമം, ബി. ജയചന്ദ്രന്‍ തിരക്കഥ ഒരുക്കിയ ഇന്ദ്രിയം, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി എഴുതിയ ശ്രീരാഗം തുടങ്ങിയ സിനിമകളും ഇദ്ദേഹം സംവിധാനം ചെയ്തു. പിന്നെ ഒരു നീണ്ട ഇടവേളയായിരുന്നു. ഒടുവില്‍ വളരെ 'ആകസ്മി'കമായി ആകസ്മികത്തിലെത്തുകയായിരുന്നു.

നടന്‍ ജയസൂര്യയാണ് സുഭാഷ് ചന്ദ്രന്റെ 'ഗുപ്തം ഒരു തിരക്കഥ'യെക്കുറിച്ച് ഛായാഗ്രാഹകന്‍ എം.സി. സുകുമാരന്‍ വഴി കിത്തുവിനോട് പറയുന്നത്. ഇതേസമയത്ത് മോനു പഴേടത്ത് എന്ന നിര്‍മാതാവും സുഹൃത്ത് പ്രവീണ്‍ അറയ്ക്കലും കിത്തുവിനെ കാണാനെത്തി. അങ്ങനെ മോനു നിര്‍മാതാവും പ്രവീണ്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായി 'ആകസ്മികം' പൂര്‍ണമാവുകയായിരുന്നു.

സുഭാഷ് ചന്ദ്രന്റെ തിരക്കഥ സാമൂഹിക ജീവിതത്തോടും യാഥാര്‍ഥ്യങ്ങളോടും നീതിപുലര്‍ത്തുന്ന ഒന്നാണെന്ന് ജോര്‍ജ് കിത്തു പറയുന്നു.വര്‍ത്തമാനകാലത്ത് ഫ്ലാറ്റ് എന്ന കൂട്ടിലേക്ക് പരിമിതപ്പെട്ടുപോയ ഒരു വീട്ടുടമയുടെ ജീവിതമാണ് ആകസ്മികം വരച്ചുകാട്ടുന്നത്. വീട്ടിലായാലും ഫ്ലാറ്റിലായാലും ലിഫ്റ്റിലായാലും റോഡിലായാലും ചെറിയ ആണ്‍കുട്ടികളടക്കമുള്ള മലയാളിപുരുഷത്വം സ്ത്രീകളോട് പുലര്‍ത്തിപ്പോരുന്ന മനോഭാവം ആകസ്മികത്തില്‍ നിറയുന്നു.പ്രണയത്തെയും രതിയെയും തിരിച്ചറിയാനാവാതെ കുഴങ്ങുന്ന ന്യൂജനറേഷന്റെ വിഹ്വലതകളും ആകസ്മികത്തിലുണ്ട്.

പതിനഞ്ചുകാരന്റെ അമ്മയും ഗര്‍ഭിണിയുമായ കഥാപാത്രത്തെ ശ്വേതാമേനോനാണ് വെള്ളിത്തിരയിലെത്തിക്കുന്നത്. സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ശോഭാ മോഹന്‍, അശ്വിന്‍, ദേവന്‍, മധുപാല്‍, നിഖിത തുടങ്ങിയവരും വേഷമിടുന്നു. പത്രപ്രവര്‍ത്തകനായ അനില്‍കുമാര്‍ പിള്ളയാണ് പാട്ടുകളെഴുതിയിരിക്കുന്നത്. പുതിയ തിരക്കഥാകൃത്തിനെയും ഗാനരചയിതാവിനെയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്ന് കിത്തു പറയുന്നു. അനില്‍ ഗോപാലനാണ് സംഗീതം.

''ആകസ്മികത്തെക്കുറിച്ച് അവകാശവാദങ്ങളില്ല. നന്നായി ചിത്രീകരിച്ച ഒരു ചെറിയ സിനിമ. ഓരോ മലയാളിയോടും ഇതിലെ കഥാപാത്രങ്ങള്‍ക്ക് സാമ്യമുണ്ട്. അത് ഒട്ടും യാദൃച്ഛികവുമല്ല''- കിത്തു പറയുന്നു.