ക്യാമറക്കണ്ണിലൂടെ വാത്സല്യപൂര്‍വം...

ഡി. ഷൈജുമോന്‍

 

posted on:

18 Dec 2012


മഞ്ഞ ഫോക്‌സ്‌വാഗണ്‍ ബീറ്റിലിന്റെ ഡോര്‍ തുറന്നിറങ്ങി മകന്‍ മുന്നോട്ട് നടന്നുവന്നു... മൂവി ക്യാമറയിലൂടെ അത് കണ്ടുനില്‍ക്കുമ്പോള്‍ അമ്മയുടെ മുഖത്ത് ആയിരം സൂര്യനുദിച്ചു... ചുറ്റും കൈയടി... ആരവങ്ങള്‍ക്കു മീതെ സംവിധായകന്റെ ശബ്ദം: ''ഫസ്റ്റ് ഷോട്ട് ഓക്കെ...'' ബോളിവുഡില്‍ തരംഗമായ 'ബോഡിഗാര്‍ഡി'ന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ ചലച്ചിത്രമായ 'ലേഡീസ് ആന്‍ഡ് ജെന്റില്‍മാ'ന്റെ ആദ്യ ഷോട്ടാണ് അപൂര്‍വമായൊരു സംഗമവേദിയായത്. മലയാളത്തിലെ പഴയകാല നായിക ജയഭാരതിയും മകന്‍ കൃഷും ആയിരുന്നു കൊച്ചിയില്‍ പാലാരിവട്ടം ബൈപ്പാസിലെ ചിത്രീകരണ സ്ഥലത്ത് ജനക്കൂട്ടത്തിന്റെ ശ്രദ്ധാകേന്ദ്രമായത്.

കൃഷ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് 'ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍'. കൃഷിന്റെ ശരത് എന്ന കഥാപാത്രം ഓഫീസിലേക്ക് കാറില്‍ വന്നിറങ്ങുന്ന സീനാണ് ആദ്യ ഷോട്ടായി ചിത്രീകരിച്ചത്. സിനിമയുടെ സ്വിച്ചോണ്‍ നിര്‍വഹിച്ച് മകനെ ആദ്യമായി മൂവി ക്യാമറയില്‍ പകര്‍ത്തിയത് സ്വന്തം അമ്മ ജയഭാരതി തന്നെ. ചിത്രത്തിലെ നായക കഥാപാത്രമായ ചന്ദ്രബോസിനെ അവതരിപ്പിക്കുന്ന മോഹന്‍ലാല്‍ ഫസ്റ്റ് ഷോട്ടിന് ക്ലാപ്പടിച്ചു.

ഐ.ടി. ജീവിതം പ്രമേയമാകുന്ന ചിത്രത്തിന് വേണ്ടി ബൈപ്പാസിലെ ചിത്രീകരണ സ്ഥലത്ത് ഒരു താത്കാലിക ഐ.ടി. ഓഫീസിന്റെ സെറ്റ് ഇട്ടിരിക്കയാണ്. കൊച്ചിയിലും പരിസരത്തുമായി 60 ഓളം ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാവുമെന്ന് സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു. ഒരു വിദേശരാജ്യത്തും ഷൂട്ടിങ് ഉണ്ട്.

സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്വതഃസിദ്ധമായ നര്‍മത്തില്‍ അദ്ദേഹം റോഡിനപ്പുറത്തെ പരസ്യബോര്‍ഡിലെ മോഹന്‍ലാലിന്റെ ചിത്രത്തിലേക്കും പരസ്യവാചകത്തിലേക്കും കൈചൂണ്ടി. അതിലിങ്ങനെ എഴുതിയിരുന്നു: ''പടം തുടങ്ങി...''