ഹോളിവുഡിനെ വെറുത്ത് സിനിമയെ സ്‌നേഹിച്ച് മക്മല്‍ ബഫ്

posted on:

16 Dec 2012

കൊച്ചി: പ്രാദേശിക ഭാഷാ ചിത്രങ്ങളെ കൂട്ടക്കൊല ചെയ്യുകയാണ് ഹോളിവുഡെന്ന് പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മൊഹ്‌സിന്‍ മക്മല്‍ ബഫ്. സിനിമയെന്നത് ഹോളിവുഡിന്റെ മാത്രം കുത്തകയെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സ്വന്തം രാജ്യം തനിക്കും തന്റെ സിനിമയ്ക്കും ഏര്‍പ്പെടുത്തിയ നിരോധനം അതിജീവിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. എന്നെങ്കിലും സ്വന്തം മണ്ണില്‍ ചവിട്ടിനിന്നൊരു സിനിമ... സ്വപ്നത്തിലേക്കുള്ള ആ യാത്ര അത്ര ദൂരെയല്ലെന്നാണ്, കാണ്ഡഹാര്‍ പോലെ യാഥാര്‍ത്ഥ്യത്തോട് ഏറെ അടുത്തു നില്‍ക്കുന്ന സിനിമകളുടെ ശില്‍പ്പിയുടെ പ്രതീക്ഷ.

''എന്റെ ചിത്രങ്ങള്‍ക്ക് ഇറാനില്‍ 30 ലക്ഷം കാഴ്ചക്കാരെങ്കിലുമുണ്ട്. അവര്‍ എനിക്ക് തരുന്ന ഊര്‍ജം വിവരാണാതീതമാണ്. എന്നെങ്കിലും എന്റെ രാജ്യം യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ വഴിയിലേക്കെത്തുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ''. കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി എത്തിയതാണ് മക്മല്‍ ബഫ്. ഒപ്പം ഭാര്യയും സിനിമാ സംവിധായികയും എഴുത്തുകാരിയുമായ മര്‍സിയ മെഷ്‌കിനിയുമുണ്ട്.

''200 ലേറെ രാജ്യങ്ങളുള്ളതില്‍ ഒരു രാജ്യം മാത്രം സിനിമയുടെ കുത്തക കൈവശപ്പെടുത്തുന്നത് എങ്ങനെ അംഗീകരിക്കാനാകും?'' -ഹോളിവുഡിനെ വിമര്‍ശിച്ച് അദ്ദേഹം ചോദിക്കുന്നു. ഹോളിവുഡ് പ്രാദേശിക ഭാഷാ ചിത്രങ്ങളെ കൊന്നൊടുക്കി എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ഈജിപ്താണ്. 150 ചിത്രങ്ങള്‍ വരെ ഈജിപ്തില്‍ നിന്നും ഒരു വര്‍ഷം പുറത്തിറങ്ങിയിരുന്നു. ഹോളിവുഡിന്റെ വരവോടെ ഇത് എട്ടെണ്ണമായി കുറഞ്ഞു. മറ്റ് രാജ്യങ്ങള്‍ക്കെതിരെയുള്ള ജനാധിപത്യ ധ്വംസനമായി ഇത് കണക്കാക്കാം.