മലയാളിയുടെ പുത്തന്‍ ഓസ്‌കര്‍ മേല്‍വിലാസം

ബിബിന്‍ ബാബു

 

posted on:

12 Dec 2012


കുറച്ചുനാളുകളായി ഓസ്‌കറെന്നാല്‍ മലയാളിക്ക് റസൂല്‍ പൂക്കൂട്ടിയായിരുന്നു. രണ്ട് വര്‍ഷത്തിനുശേഷം വീണ്ടും കേരളത്തിന്റെ പുതിയ ഓസ്‌കര്‍ മേല്‍വിലാസമാകാന്‍ ഒരാള്‍ കൂടി അക്കാദമി പുരസ്‌കാരത്തിലേക്കുള്ള വഴിയില്‍... മണ്‍സൂണ്‍ മഴയുടെ ഭാവപകര്‍ച്ചകള്‍ സംഗീതത്തിലൂടെ പെയ്യിച്ച പാലക്കാട്ടുകാരന്‍ ശ്രീവത്സന്‍ ജെ. മേനോന്‍. കര്‍ണാടക സംഗീതവഴിയിലെ പുതുതലമുറക്കാരന്‍. 2013 -ല്‍ പുറത്തിറങ്ങാനിരിക്കുന്ന 'സെന്റ് ഡ്രാക്കുള' എന്ന ഇംഗ്ലീഷ് ചിത്രത്തിലെ ഇദ്ദേഹത്തിന്റെ പുതിയ പാട്ടുകള്‍ക്കും പശ്ചാത്തല സംഗീതത്തിനും ഓസ്‌കര്‍ നോമിനേഷനുള്ള 104 ചിത്രങ്ങളുടെ പട്ടികയില്‍ ഇടം ലഭിച്ചിരിക്കുകയാണ്.

മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫസര്‍ കൂടിയായ ഇദ്ദേഹം സംഗീതവഴിയില്‍ കൈപിടിച്ച ഗുരുക്കന്മാരുടെ അനുഗ്രഹമായി കണ്ട് ഓസ്‌കര്‍ തിളക്കത്തിന്റെ സ്വപ്നങ്ങളിലാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട വേദനയുടെ ക്യാമറക്കാഴ്ച ഒരുക്കിയ 'ടി.ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി' യിലും 'ലാപ്‌ടോപ്പി' ലും ഇദ്ദേഹത്തിന്റെ സംഗീതം മലയാള സിനിമാലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. എം.ടി.യുടെ 'വാനപ്രസ്ഥം' കൃതിക്ക് സംഗീതാവിഷ്‌കാരം ഒരുക്കിയും നടി ശോഭനയുടെ 'കൃഷ്ണ' എന്ന നൃത്താവിഷ്‌കാരത്തിന് സംഗീതമൊരുക്കിയും ശ്രദ്ധേയനായ ഇദ്ദേഹം തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിനരികെയുള്ള വീട്ടില്‍ പുതിയ സംഗീതവഴികളുമായി മനസ്സു തുറക്കുന്നു...

പാലക്കാട് കുനിശ്ശേരിയിലുള്ള വീടിന് മുന്നിലെ 'ജയസംഗീത വിദ്യാലയ' ത്തില്‍ തുടങ്ങുന്നു ശ്രീവത്സന്റെ ഓര്‍മകള്‍. അഞ്ചാം വയസ്സ് മുതല്‍ രാജലക്ഷ്മി കൃഷ്ണന്‍ എന്ന പാട്ടുടീച്ചറിന്റെ ശിക്ഷണത്തില്‍ തുടങ്ങിയ സംഗീത സപര്യക്ക് മുപ്പത്തേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ഓസ്‌കറിന്റെ തിളക്കമെത്തുമ്പോള്‍ ആനന്ദത്തിന് അതിരില്ലെന്ന് ഇദ്ദേഹം പറയുന്നു.

സംഗീതഗുരുവായി നെയ്യാറ്റിന്‍കര വാസുദേവന്‍ എന്ന സംഗീതാചാര്യനെ കിട്ടിയില്ലായിരുന്നെങ്കില്‍ ശ്രീവത്സന്‍ എന്ന സംഗീതജ്ഞന്‍ ഉണ്ടാകുമായിരുന്നില്ലെന്ന് ഇദ്ദേഹം വിനയാന്വിതനാകുന്നു. ലോകം ആരാധിക്കുന്ന സംഗീതജ്ഞനായ എ.ആര്‍. റഹ്മാനോടൊപ്പം തന്റെ പേരും കേള്‍ക്കാനായത് ഏറെ ആസ്വദിക്കുന്നുവെന്ന് മലയാളിയുടെ സ്വകാര്യ അഭിമാനമാകാനൊരുങ്ങുന്ന ശ്രീവത്സന്റെ വാക്കുകള്‍.
ഹൈസ്‌കൂള്‍, പ്രീഡിഗ്രി കാലം ബാഡ്മിന്റണ്‍ ഹരമായി കൊണ്ടുനടന്നൊരാള്‍, സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ താരമായി തിളങ്ങിയ കുട്ടിക്കാലം, വിപ്ലവ ചിന്തയുണരുന്ന കോളേജ് കാലം വെള്ളയാനി നാടക തിയേറ്ററിനൊപ്പം കൂട്ടുകൂടിയ നാളുകള്‍, ബെസ്റ്റ് ആക്ടര്‍ അവാര്‍ഡുകള്‍ കൈപ്പിടിയിലൊതുക്കിയിരുന്നൊരു ചെറുപ്പക്കാരന്‍. കുട്ടിക്കാലം മുതല്‍ കൂട്ടിനുണ്ടായിരുന്ന സംഗീതം നെയ്യാറ്റിന്‍കര വാസുദേവന്‍ എന്ന മഹാ സംഗീതവൃക്ഷത്തെ പരിചയപ്പെട്ടത് മുതല്‍ ചില്ലകളില്‍ കൂടുകൂട്ടുകയായിരുന്നു -ഇദ്ദേഹം പറയുന്നു.

18 വര്‍ഷം കൂടെയുണ്ടായിരുന്ന മഹാപാണ്ഡിത്യം 2008 -ല്‍ ഓര്‍മയായെങ്കിലും ഒപ്പം ചെയ്ത കച്ചേരികളുടെയും മറ്റും അനുഗ്രഹമാണ് അക്കാദമി അവാര്‍ഡിനരികെയെങ്കിലും എത്താനായതെന്ന് ഇദ്ദേഹത്തിന്റെ വാക്കുകള്‍. ഗുരുവിന്റെ മറ്റു ശിഷ്യന്മാരുമായുള്ള ചങ്ങാത്തവും ഏറെ വളര്‍ത്തുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനകാലത്ത് ലോകസംഗീതം അടുത്തറിയാനിടയായതും ഗുണകരമായെന്നദ്ദേഹം പറയുന്നു.

കാര്‍ഷിക ശാസ്ത്രജ്ഞന്‍, കര്‍ണാടക സംഗീതജ്ഞന്‍, കമ്പോസര്‍, തിയേറ്റര്‍ ആക്ടര്‍, ബാഡ്മിന്റണ്‍ താരം... അങ്ങനെയൊരു ബഹുമുഖ പ്രതിഭതന്നെയായ ഇദ്ദേഹത്തിന്റെ നേട്ടത്തില്‍ സുഹൃത്തുക്കളും നാട്ടുകാരും ഏറെ സന്തോഷത്തില്‍ ഒപ്പം കൂടുകയാണ്. രൂപേഷ് പോള്‍ എന്ന സംവിധായകന്നാണ് ഇദ്ദേഹം ഏറെ നന്ദി പറയുന്നത്. ശ്രീവത്സന്‍ ഈണം പകര്‍ന്ന 'മണ്‍സൂണ്‍ അനുരാഗ' എന്ന ആല്‍ബത്തില്‍ ഇഷ്ടംകൂടിയാണ് രൂപേഷ് പോള്‍ 'ലാപ്‌ടോപ്പി'ലേക്ക് വിളിച്ചത്. തുടര്‍ന്ന് രൂപേഷിന്റെ തന്നെ 'സെന്റ് ഡ്രാക്കുള' യിലേക്ക്.വരാനിരിക്കുന്ന 'കാമസൂത്ര' യിലും ശ്രീവത്സന്‍ തന്നെയാണ് സംഗീതം. ''ഡാം 999' ന്റെ സംവിധായകനായ സോഹന്‍ റോയിയാണ് 'സെന്റ് ഡ്രാക്കുള' യുടെ നിര്‍മാതാവ്.

മുപ്പുത് കൊല്ലമായി ശാസ്ത്രീയസംഗീത വഴിയിലുള്ള ശ്രീവത്സന്‍ തീമാറ്റിക് ആല്‍ബങ്ങളൊരുക്കിയാണ് ശ്രദ്ധേയനായത്. ഗായിക ചിത്രയുമായി ചേര്‍ന്ന് ഇരയിമ്മന്‍ കൃതികളുടെ ആല്‍ബം ഇറക്കുന്നതിന്റെ പണിപ്പുരയിലാണിപ്പോള്‍. പണ്ടത്തെ അപേക്ഷിച്ച് സിനിമകളില്‍ പാട്ടുകള്‍ക്ക് പ്രാധാന്യം കുറവാണെന്ന്, ബാബുരാജിന്റെയും വിദ്യാസാഗറിന്റെയും ഗാനങ്ങളെ പ്രണയിക്കുന്ന ഇദ്ദേഹം പറയുന്നു. ജോലിയുമായി കൊച്ചിയിലെത്തിയിട്ട് പതിനഞ്ച് വര്‍ഷമാകുമ്പോള്‍ സംഗീതവും ജോലിയും ഏറെ ആസ്വദിച്ച് ചെയ്യുകയാണെന്നിദ്ദേഹം പറയുന്നു.

കാര്‍ഷിക സര്‍വകലാശാലയില്‍ പ്രൊഫസറായ ഇന്ദുവാണ് ഭാര്യ. മക്കള്‍: സുഭദ്ര, നാരായണന്‍ തുടങ്ങിയവരും ഇദ്ദേഹത്തോടൊപ്പം സംഗീതവഴിയിലുണ്ട്. ഒന്നരക്കൊല്ലത്തെ അദ്ധ്വാനം ഫലപ്രാപ്തിയിലെത്തുമ്പോള്‍ ഏറെ അഭിമാനമുണ്ടെന്നിദ്ദേഹം പറയുന്നു. ഇന്ത്യന്‍-വെസ്റ്റേണ്‍ മിക്‌സ് മ്യൂസിക് ഉപയോഗിച്ചാണ് 'സെന്റ് ഡ്രാക്കുള' ഒരുക്കിയതെന്ന് ഇദ്ദേഹം. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ബോംബെ, തൃശ്ശൂര്‍ തുടങ്ങിയ ഇടങ്ങളിലായിരുന്നു സ്റ്റുഡിയോ ജോലികള്‍.

പാട്ട് കൃതിക്കനുസരിച്ച് ചെയ്യാമെങ്കിലും പശ്ചാത്തല സംഗീതം തികഞ്ഞ വെല്ലുവിളിയാണെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. നവരാത്രി മണ്ഡപങ്ങളിലെ രാത്രികച്ചേരികളും സംഗീതവഴിയില്‍ അനുഗ്രഹമായതായി കാണുന്നുവെന്ന് ഇദ്ദേഹം. മദ്രാസ് മ്യൂസിക് അക്കാദമിയില്‍ സംഗീതവുമായി പോകാനൊരുങ്ങുകയാണ്, നിരവധി അന്താരാഷ്ട്ര സംഗീതജ്ഞരുമായി വേദി പങ്കിട്ട ശ്രീവത്സന്‍ ജെ. മേനോന്‍.