തട്ടത്തിന്‍ മറ നീക്കി വിനീതിന്റെ പ്രണയം

ടി.എസ്.പ്രതീഷ്‌

 

posted on:

07 Aug 2012


പ്രണയത്തിരകള്‍ കടന്ന് അവര്‍ ഒന്നായി. വിനോദും ആയിഷയും. 'തട്ടത്തിന്‍മറയത്ത്' കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സില്‍ അവരുടെ പുതിയ ജീവിതം എങ്ങനെയായിരിക്കുമെന്ന സൂചന നല്‍കിയാണ് ചിത്രം പൂര്‍ണമാകുന്നത്. വിനോദിന്റെയും ആയിഷയുടെയും പ്രണയത്തെ മനോഹരമായി അവതരിപ്പിച്ച വിനീത് ശ്രീനിവാസന്‍ താന്‍ ഏറെ നാളായി മനസ്സിലൊളിപ്പിച്ച, കൂട്ടുകാര്‍ക്കുമാത്രം അറിയാവുന്ന പ്രണയം വീട്ടുകാരെ അറിയിച്ച് വിവാഹിതനാകാന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം ഒക്‌ടോബറിലോ നവംബറിലോ വിവാഹം നടക്കും. വിനീത് ചെന്നൈയില്‍ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട പെണ്‍കുട്ടിയാണ് ജീവിതസഖിയാകുന്നത്.

''ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ കുടുംബാംഗമാണ് അവള്‍. എന്റെ എഞ്ചിനീയറിങ് പഠനകാലത്താണ് അവളെ കൂടുതല്‍ അടുത്തറിയുന്നത്'', തന്റെ നല്ല പാതിയാകുന്നവളെക്കുറിച്ച് വിനീത്.

പ്രണയത്തിന്റെ ഉദാത്തഭാവങ്ങളിലൂടെ കഥ പറഞ്ഞ 'തട്ടത്തിന്‍മറയത്ത്' റിലീസ് ദിനത്തില്‍ അമ്മയ്‌ക്കൊപ്പമാണ് വിനീത് കണ്ടത്. ''എറണാകുളം പത്മ തിയേറ്ററില്‍നിന്ന് സിനിമ കാണുമ്പോള്‍ അമ്മ(വിമല)യുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു ഞാന്‍. പടം നന്നായിട്ടുണ്ടെന്ന് അമ്മ പറഞ്ഞപ്പോഴാണ് സമാധാനമായത്. കാരണം 'ചാപ്പാകുരിശ്' അമ്മ കണ്ട സമയത്ത് കുറെ ഭാഗങ്ങള്‍ സ്‌ക്രീനില്‍നിന്നും മുഖംതിരിച്ചാണ് കണ്ടത്. ശബ്ദം കേട്ടുവെന്നു പറയാം. ചിത്രത്തില്‍ ഞാന്‍ അടിവാങ്ങുന്ന സീനൊന്നും അമ്മയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, പടം ഓവറോള്‍ അമ്മയ്ക്ക് ഇഷ്ടമായിരുന്നു. പടം ഇഷ്ടമായിട്ടില്ലെങ്കില്‍ ചിലപ്പോള്‍ നീ ഇങ്ങനെയുള്ള പടം ചെയ്യരുതെന്നൊക്കെ പറഞ്ഞുകളയും'', വിനീത് പൊട്ടിച്ചിരിക്കുന്നു.


വിനീതിന്റെ പ്രതിശ്രുതവധു 'തട്ടത്തിന്‍മറയത്ത്' കണ്ടുവോ?

കണ്ടു. അവള്‍ക്ക് പടം നന്നായി ഇഷ്ടമായി. 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്' ചെയ്തതിനേക്കാള്‍ ഡയറക്ടര്‍ എന്ന നിലയില്‍ എനിക്ക് ഇംപ്രൂവ്‌മെന്റ് വന്നിട്ടുണ്ടെന്ന് പറഞ്ഞു. പടം കണ്ടിട്ട് വളരെ ഹാപ്പിയായി എന്നു പറഞ്ഞപ്പോള്‍ എനിക്കും ഹാപ്പി.

സംഗീതസാന്ദ്രമായ പ്രണയകഥയായി 'തട്ടത്തിന്‍മറയത്ത്' ഒരുക്കുമ്പോള്‍ വിനീതിന്റെ പ്രണയാനുഭവങ്ങള്‍ ഒരുപാട് സഹായിച്ചിട്ടുണ്ടാവില്ലേ?

എന്റെ പ്രണയാനുഭവങ്ങള്‍ സഹായിച്ചിട്ടുണ്ടാകാം. ഉണ്ടായിരിക്കും അല്ലേ?... ഉണ്ടാകണമല്ലോ... ആറേഴു വര്‍ഷത്തെ പ്രണയപരിചയമുണ്ടല്ലോ.
വിനീത് പുതിയ ജീവിതത്തിലേക്ക് അല്ലെങ്കില്‍ ഭര്‍ത്താവിന്റെ റോളിലേക്ക് കടക്കുകയാണ്. പുതിയ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍.
കുറെ നല്ല പ്രതീക്ഷകളുണ്ട്. കുറെ നാളായി ചെന്നൈയില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച്, അങ്ങോട്ടുമിങ്ങോട്ടും ഓടിയുള്ള ജീവിതം. നമ്മുടെ കാര്യങ്ങളൊക്കെ നോക്കാന്‍ ഒരാളുണ്ടാകുമ്പോള്‍ കുറച്ചുകൂടി സൗകര്യമായിരിക്കും എന്ന് വിചാരിക്കുകയാണ്. നല്ലതായിരിക്കും. മുന്നോട്ടുള്ള ജീവിതത്തെ നമ്മള്‍ എപ്പോഴും പോസിറ്റീവായി കാണണമല്ലോ. ഇപ്പോള്‍ നമ്മള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും കുറച്ചുകൂടി നന്നായി ഇനി ചെയ്യാന്‍ പറ്റുമെന്നാണ് വിശ്വാസം.

വിനീതിനെ ചെന്നൈയിലെ സ്ഥി രതാമസക്കാരനാക്കിയതിന് താങ്കളുടെ പ്രണയത്തിനും ഒരു പങ്കില്ലേ?

ചെന്നൈ എനിക്ക് ഇഷ്ടപ്പെട്ട നഗരമാണ്. പിന്നെ അവിടുത്തെ എന്റെ ജീവിതത്തിനിടയില്‍ ഒരുപാട് കാര്യങ്ങള്‍ വരുമ്പോള്‍ അതിലൊന്നായി അവളും വന്നു. തത്കാലം അവളുടെ പേരും മറ്റു വിവരങ്ങളും പറയാന്‍ മനസ്സ് അനവദിക്കുന്നില്ല. കാരണം ഞാന്‍ ഒരാള്‍ക്ക് കൊടുത്ത വാക്കിന് വില കല്പിക്കേണ്ട ബാധ്യതയുണ്ട്.

അച്ഛന്‍ (ശ്രീനിവാസന്‍) നിര്‍മാണ പങ്കാളികൂടിയായ 'തട്ടത്തിന്‍മറയത്ത്' കുടുംബാംഗങ്ങളെല്ലാവരും കണ്ടുവോ?

അച്ഛന്‍ 'തട്ടത്തിന്‍മറയത്ത്' കണ്ടിട്ടില്ല. അനുജന്‍ ധ്യാന്‍ചന്ദും അമ്മാവന്‍ എം. മോഹനും കോഴിക്കോട് അപ്‌സരയില്‍നിന്നാണ് കണ്ടത്. അവര്‍ക്കൊക്കെ സിനിമ നന്നായി ഇഷ്ടമായി. എന്റെ കുടുംബാംഗങ്ങള്‍ക്കെല്ലാം ചിത്രം ഇഷ്ടമായെന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം.

'തട്ടത്തിന്‍മറയത്ത്' എന്ന സിനിമയ്ക്കുള്ള ആദ്യചിന്ത എങ്ങനെയായിരുന്നു?

ഞാന്‍ കഥയായി അങ്ങനെ ആലോചിച്ചതൊന്നുമല്ല. ഒരു ലൗസ്റ്റോറി ചെയ്താല്‍ കൊള്ളാമെന്നുണ്ടായിരുന്നു. ഇന്ത്യാ ടുഡേയില്‍ എം. ജെ. അക്ബര്‍ എഴുതിയ ഇന്ത്യന്‍ ഡ്രീം എന്ന ചെറുകഥ വായിച്ചപ്പോഴാണ് ഒരു ലൗസ്റ്റോറിതന്നെ അടുത്ത സിനിമയായി ചെയ്യാമെന്നു തോന്നിയത്. എന്റെ സെക്കന്‍ഡ് സിനിമ ഒരു ഫീല്‍ഗുഡ് സിനിമയാകണമെന്ന ഒരു ആഗ്രഹമുണ്ടായിരുന്നു. വിനോദ്, ആയിഷ എന്നിങ്ങനെ രണ്ടു പേരുകളാണ് ആദ്യം മനസ്സില്‍ വന്നത്. ഹിന്ദു-മുസ്‌ലിം പേരുകള്‍. വിനോദ് എന്ന പേര് എല്ലാവര്‍ക്കും പരിചിതമായ പേരാണ്. അതുപോലെ ആയിഷയും. നമുക്ക് വിനോദിനെ അന്വേഷിച്ച് വളരെ ദൂരെ പോകേണ്ട ആവശ്യമില്ല. നമ്മുടെ ഏറ്റവും അടുത്തുണ്ടാവും.
 1 2 3 NEXT