ബെസ്റ്റ് ആക്ടര്‍

വി.ജെ. റാഫി

 

posted on:

27 Jul 2012


സിനിമയോട് ഇഷ്ടവും നടനാകണമെന്ന മോഹവുമായി രാപകലുകള്‍ അലയുന്ന ചെറുപ്പക്കാര്‍ക്ക് ബെസ്റ്റ് ആക്ടര്‍ എന്ന മെഗാസ്റ്റാര്‍ സിനിമയെ മറക്കാനാവില്ല; അതിലെ മോഹനന്‍ മാഷിനെയും.നടനാകാന്‍ ജോലി വേണ്ടെന്നുവച്ച് കുടുംബം വിട്ടിറങ്ങി, സിനിമയെന്ന യാഥാര്‍ത്ഥ്യത്തിലെത്താന്‍ ആ കഥാപാത്രം നേരിട്ട വെല്ലുവിളികള്‍ കുറച്ചൊന്നുമല്ല. മമ്മുട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേ ഹൗസ് ആദ്യമായി നിര്‍മ്മാണരംഗത്തെത്തുന്ന ജവാന്‍ ഓഫ് വെള്ളിമല എന്ന പുതിയ സിനിമയിലെ ഡാം ഗാര്‍ഡിന്റെ വേഷത്തിലെത്തുകയാണ് നടന്‍ ജോജു. ഒട്ടേറെ സിനിമകളില്‍ പല വേഷങ്ങള്‍ ചെയ്തുവെങ്കിലും അണക്കെട്ടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന മമ്മുട്ടി നായകനാവുന്ന സിനിമയില്‍ ഡാം തൊഴിലാളിയുടെ മുഴുനീള വേഷമാണ്. ഒന്നര പതിറ്റാണ്ട് പിന്നിട്ട സിനിമാ സപര്യയില്‍ വഴിത്തിരിവായതും ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയായിരുന്നു. ജോജു എന്ന അഭിനേതാവിന്റെ ജീവിതം ബെസ്റ്റ് ആക്ടറില്‍ മമ്മുട്ടി ചെയ്ത മോഹനന്‍ മാഷിന്റേതിന് സമാനമായിരുന്നു. ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തില്‍ മോഹനന്‍ മാഷ് അഭിനയിക്കാന്‍ ചാന്‍സ് അന്വേഷിച്ചെത്തുന്ന ഡയറക്ടറുടെ റോള്‍ ചെയ്തത് ജോജുവായിരുന്നു.

ആ സിനിമയില്‍ ഒരാള്‍ ചാന്‍സ് തേടി തനിക്കരികിലെത്തുന്നുവെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ നേരെ മറിച്ചും. പക്ഷേ ജോജുവിനെ ഭാഗ്യം കൈവിട്ടില്ല. ബെസ്റ്റ് ആക്ടറിന്റെ സെറ്റില്‍ ജോജുവിന്റെ അഭിനയം കണ്ട് മലയാളത്തിന്റെ മഹാനടന്‍ ജോജുവിനെ നേരിട്ട് അഭിനന്ദിച്ചു. ജോജു അഭിനയിച്ച ചിത്രങ്ങള്‍ ഒരുപാടുണ്ടായിരുന്നെങ്കിലും രക്ഷപ്പെടാന്‍ വൈകിയതിലുള്ള ഖേദവും മമ്മുട്ടി അറിയിച്ചു.

അധികം വൈകാതെ ജോജുവിന് മമ്മുക്കയുടെ വിളിയെത്തി. അദ്ദേഹം നിര്‍മ്മാതാവാകുന്ന ആദ്യചിത്രത്തില്‍ മികച്ച കാരക്ടര്‍ വേഷം ലഭിച്ച ജോജുവിന് ഇപ്പോള്‍ കൈനിറയെ വേഷങ്ങള്‍... ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ റണ്‍ ബേബി റണ്‍, വി.കെ. പ്രകാശിന്റെ ട്രിവാന്‍ഡ്രം ലോഡ്ജ്, മൈ ഫാന്‍ രാമു തുടങ്ങി അടുത്ത് റിലീസ് ചെയ്യുന്ന അഞ്ചു ചിത്രങ്ങളില്‍ മികച്ച വേഷങ്ങളാണുള്ളത്.

ഇതുവരെ ചെയ്ത നെഗറ്റീവ് കഥാപാത്രങ്ങളില്‍ നിന്നുള്ള ചുവടുമാറ്റം ജോജുവിന് ഏറെ സഹായകമായത് ജവാന്‍ ഓഫ് വെള്ളിമലയിലൂടെയാണ്. രഞ്ജിത്ത്, ലാല്‍ജോസ്, അനൂപ് മേനോന്‍, വിനയന്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ പല ചിത്രങ്ങളിലും ജോജു അഭിനയിച്ചിട്ടുണ്ട്. ഓര്‍ഡിനറി, ബ്യൂട്ടിഫുള്‍, സെവന്‍സ്, മല്ലൂസിങ്, ഇന്ത്യന്‍ റുപ്പി എന്നിവയാണ് ഒടുവില്‍ പുറത്തിറങ്ങിയവ.

'പട്ടാള'ത്തിലും 'മുല്ല'യിലും ചെറിയ റോളുകളായിരുന്നുവെങ്കിലും സെറ്റില്‍ കൂടിനിന്നവരോട് ജോജുവിനെ ചൂണ്ടി ലാല്‍ജോസ് പറഞ്ഞു, അതുപോലെ നാച്വറല്‍ ആയി ചെയ്യണം. ലാലുവിന്റെയും മമ്മുക്കയുടെയും കമന്റുകള്‍ ജോജുവിന്റെ മനസ്സില്‍ ഒരു നിധിക്കു സമാനമാണ്. മമ്മുട്ടിക്കൊപ്പം കുറെ ചിത്രങ്ങളിലുണ്ടെങ്കിലും ബെസ്റ്റ് ആക്ടര്‍ ഒരു പ്രത്യേക വഴിത്തിരിവായി. ആ സെറ്റില്‍ മമ്മുക്കയുടെ കാരവനിലേക്കു ക്ഷണിച്ചു; ഒരുപാട് സംസാരിച്ചു. ആ സൗഹൃദമാകാം വെള്ളിമലയിലെ ജവാനിലേയ്ക്ക് വഴിതെളിയിച്ചത്. ഈ പടത്തിന് വേണ്ടത് ഗുണ്ടയെയല്ല മികച്ച കഥാപാത്രത്തെയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ക്ഷണം.

മാളയിലെ കാക്കുളശ്ശേരി ഗ്രാമത്തിലെ സിനിമാമോഹിയായ പയ്യന്റെ ജീവിതത്തിന് മോഹനന്‍ മാഷെന്ന കഥാപാത്രവുമായി ഏറെ സാമ്യം തോന്നിയതിനാലാകാം ആ സെറ്റിലുണ്ടായ പരിചയം വെള്ളിമലയിലേക്ക് എത്തിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പഠനം കഴിഞ്ഞ് ഹോട്ടല്‍ മാനേജ് മെന്റ് കോഴ്‌സും പൂര്‍ത്തിയാക്കി വീട്ടുകാര്‍ ഗോവയിലേക്ക് ജോലിക്ക് പറഞ്ഞയച്ച ജോജു റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ചെന്നൈ മെയില്‍ വന്നുനില്‍ക്കുന്നു.
 1 2 NEXT