നന്ദു: രഞ്ജിത്ത് തിരിച്ചറിഞ്ഞ താരം

അശ്വതി കൃഷ്ണ

 

posted on:

22 Jun 2012

ടാലന്റ് ഹണ്ടിലൂടെ താരങ്ങളെ കണ്ടെത്തുന്ന കൗതുകം നിറഞ്ഞ മത്സരങ്ങള്‍ ഇന്ന് പുതുമയല്ല. എന്നാല്‍ മലയാളസിനിമയില്‍ കഴിഞ്ഞ 26വര്‍ഷമായി ഉണ്ടായിട്ടും വേണ്ടവിധം ഉപയോഗിക്കപ്പെടാതെപോയ ഒരു താരത്തിന്റെ ഉദയത്തിന് 'സ്പിരിറ്റ്' സാക്ഷ്യം വഹിച്ചിരിക്കുകയാണ്.നന്ദു എന്ന അഭിനേതാവിന്റെ അത്യുജ്ജ്വല പ്രകടനത്തെ പ്രകീര്‍ത്തിക്കുകയാണ് സിനിമ കണ്ട ഏവരും. എന്തിനേറെ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു ചാനല്‍ ടോക്കില്‍ സാക്ഷാല്‍ ലാലേട്ടന്‍ തന്നെ നന്ദുവിന്റെ അഭിനയവിസ്മയത്തെക്കുറിച്ച് വാചാലനായി. ദേശീയ അവാര്‍ഡുവരെ കിട്ടാന്‍ യോഗ്യനായ നടന്‍ എന്നാണ് ലാലേട്ടന്റെ വിലയിരുത്തല്‍.

വേണുനാഗവള്ളിയുടെ 'സര്‍വകലാശാല'യിലൂടെ 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമയില്‍ എത്തിയതാണ് നന്ദു. അവിടുന്നിങ്ങോട്ട് ചെറിയ ചെറിയ നിരവധി കഥാപാത്രങ്ങള്‍. അതില്‍ ബട്ടര്‍ഫ്ലൈസ്, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങി ബ്യൂട്ടിഫുള്‍ വരെയുള്ള ചിത്രങ്ങളിലെ ഏതാനും കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ തിരിച്ചറിയും എന്നതൊഴിച്ചാല്‍ ഈ കലാകാരനെ ഉപയോഗപ്പെടുത്താന്‍ മലയാളസിനിമ മറന്നു. ഒടുവില്‍ രഞ്ജിത്ത്, 'സ്പിരിറ്റി'ലെ പ്ലംബര്‍ മണിയന്‍ എന്ന കഥാപാത്രം നല്‍കി നന്ദുവിന് പുതിയ മാനം നല്‍കിയിരിക്കുകയാണ്. ചിത്രത്തില്‍ മുഴുക്കുടിയനും ആഭാസനുമായ കഥാപാത്രത്തെയാണ് നന്ദു അന്വര്‍ഥമാക്കിയത്. ഈ കഥാപാത്രം നന്ദു ആകണം എന്ന രഞ്ജിത്തിന്റെ ദൃഢനിശ്ചയമാണ് അവസരമൊരുക്കിയത്.

''സത്യത്തില്‍ രഞ്ജിത് എന്ന സംവിധായകനോടാണ് ഞാന്‍ നന്ദി പറയുന്നത്. പ്ലംബര്‍ മണിയന്റെ തൊണ്ണൂറ്റി ഒന്‍പത് ശതമാനവും ഞാന്‍ നല്‍കിയത് രഞ്ജിയേട്ടന്റെ നിര്‍ദേശപ്രകാരമാണ്''- നന്ദു പറയുന്നു. ''തന്റേത് എന്നു പറയാന്‍ രണ്ട് കോണ്‍ട്രിബ്യൂഷന്‍സാണ് ആ കഥാപാത്രത്തിനുള്ളത്. ഒന്ന് മണിയന്‍ സ്‌കൂട്ടറില്‍ ചെരിഞ്ഞിരുന്നാണ് ഓടിക്കുക, രണ്ട് വെറുതെ കോളര്‍ പിടിച്ചു വലിക്കും. ആ കഥാപാത്രം ഹിറ്റായപ്പോള്‍ എന്നെ തേടിയെത്തുന്ന അഭിനന്ദനങ്ങള്‍ ഇപ്പോഴും നിലച്ചിട്ടില്ല. നേരത്തേ രഞ്ജിയേട്ടന്റെ തന്നെ 'തിരക്കഥ'യില്‍ നല്ലൊരു വേഷം ചെയ്തിരുന്നു.

മൂര്‍ത്തി എന്ന ആ കഥാപാത്രവും എനിക്ക് കിട്ടിയ നല്ല വേഷമായിരുന്നു. രഞ്ജിത്തിന്റെ 'നന്ദനം' എന്ന സിനിമ കണ്ടതോടെ അദ്ദേഹത്തിന്റെ ഒരു സിനിമയിലെങ്കിലും ഭാഗമാവുക എന്നത് എന്റെ മോഹമായിരുന്നു. ഇപ്പോള്‍ അതേ സംവിധായകന്‍ തന്നെ എനിക്ക് മികച്ച നടന്‍ എന്ന വലിയ സ്ഥാനവും നേടിത്തന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ 'നാലുപെണ്ണുങ്ങള്‍' എന്ന ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്‌തെങ്കിലും സിനിമ ജനത്തിലേക്ക് എത്തിയില്ല. പക്ഷേ, വിദേശമേളകളിലൊക്കെ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ തന്റെ കഥാപാത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം പലരും പറഞ്ഞതായി അടൂര്‍ സാര്‍ പറഞ്ഞിരുന്നു. അവാര്‍ഡിനേക്കാള്‍ സന്തോഷമാണ് നമ്മള്‍ ചെയ്യുന്ന കഥാപാത്രം മറ്റുള്ളവര്‍ ഏറ്റെടുക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത്.''

വരുംകാലങ്ങളില്‍ സിനിമയില്‍ തന്നെത്തേടി മികച്ച വേഷങ്ങള്‍ ഇനിയും വരുമെന്ന പ്രതീക്ഷയിലാണ് നന്ദു. സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ ബാബുരാജും ഇന്ത്യന്‍ റുപ്പിയിലൂടെ ടിനിടോമും ബ്യൂട്ടിഫുള്ളിലൂടെ തസ്‌നിഖാനും തങ്ങളിലെ അഭിനേതാക്കളിലെ ആരും കാണാത്തതും തിരിച്ചറിയാത്തതുമായ സാധ്യതകള്‍ വെളിച്ചത്ത് കൊണ്ടുവന്നു. അതേ നിരയിലേക്കാണ് നന്ദുവിന്റെയും പ്രവേശം. അത്യാവശ്യം പാടാനും കഴിവുള്ള ഈ നടന് നാളെ സിനിമയില്‍ ഒരു പാട്ടുപാടി അഭിനയിച്ചാല്‍ കൊള്ളാമെന്ന മോഹവും മനസ്സിലുണ്ട്; അത്യാഗ്രഹമില്ല.