മലയാള സിനിമ മാറുന്നു

 

ബി. ജയചന്ദ്രന്‍

 

19 Feb 2012

 

മലയാളിയുടെ സിനിമാസങ്കല്പങ്ങള്‍ മാറിമറിയുകയാണ്. കെട്ടുകാഴ്ചകള്‍ക്ക്
മലയാള സിനിമയില്‍ ഇനി ഇടമില്ല. പ്രേക്ഷകര്‍ മാറിക്കഴിഞ്ഞു. സിനിമ
സംവിധായകനിലേക്ക് തന്നെ തിരിച്ചെത്തുന്നു


കേരളത്തില്‍ സിനിമാശാലകളുടെ ഒറ്റപ്പെട്ട മരണവും കൂട്ടമരണവും കഴിഞ്ഞു. മള്‍ട്ടിപ്ലക്‌സുകളായി പ്രദര്‍ശനശാലകള്‍ പുനര്‍ജനിക്കുകയാണിപ്പോള്‍. ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കി, പ്ലാറ്റിനം ഗ്രേഡ് ലഭിക്കാന്‍ തിയേറ്ററുകള്‍ കാത്തുകിടക്കുന്നു. മലയാളസിനിമയുടെ പ്രദര്‍ശനരംഗത്തെ പുതിയ വ്യാവസായിക മുഖമാണിത്. മള്‍ട്ടിപ്ലക്‌സുകളില്‍ സിനിമ കാണാനെത്തുന്ന പ്രേക്ഷകരാണ് ഇന്ന് മലയാള സിനിമയുടെ യഥാര്‍ഥ വിധികര്‍ത്താക്കള്‍.

വൈഡ് റിലീസ്, 'ചൂടോടെ' സിനിമ കാണാനും ഒട്ടും വൈകാതെ അതിന്റെ വിധി എഴുതാനും പ്രേക്ഷകന് അവസരം നല്‍കുന്നു. ആദ്യപ്രദര്‍ശനത്തിന്റെ ഇടവേള സമയത്തുതന്നെ മൊബൈലുകളില്‍ നിന്നും മൊബൈലുകളിലേക്ക് സന്ദേശം പായുകയായി. 'എക്‌സിറ്റ് പോളി'ലൂടെ രാഷ്ട്രീയചിത്രം വരയ്ക്കുന്നതുപോലെ ആദ്യപ്രദര്‍ശനം കഴിയുമ്പോള്‍ ഒരു സിനിമയുടെ ഫലപ്രഖ്യാപനവും നടക്കുന്നു. പിന്നീട് ഇന്റര്‍നെറ്റിന്റെ ഊഴമാണ്. നെറ്റിലെ വിവിധ സിനിമാപ്രതലങ്ങളില്‍ ആധികാരിക വിലയിരുത്തലുകള്‍ പ്രത്യക്ഷപ്പെടുന്നു.

അങ്ങനെ മാറ്റിനിക്കും ഫസ്റ്റ്‌ഷോയ്ക്കും സെക്കന്‍ഡ് ഷോയ്ക്കും തിയേറ്ററിനു മുന്നിലെ 'ക്യൂ' ചിലപ്പോള്‍ വലുതാകും, ചെറുതാകും. 'ക്യൂ' തന്നെ അപ്രത്യക്ഷമായെന്നും വരും. ഇതാണ് സമകാലീന മലയാളസിനിമയുടെ ബാലന്‍സ് ഷീറ്റ്. അതെ, മലയാള സിനിമാപ്രേക്ഷകര്‍ മാറിക്കഴിഞ്ഞു; സിനിമയും മാറുകയാണ് കുറേശ്ശെയെങ്കിലും. മാറാന്‍ തയ്യാറാകാത്ത സിനിമകളെ ഒഴിഞ്ഞ തിയേറ്ററുകളില്‍ ആത്മഹത്യചെയ്യാന്‍ വിട്ടിട്ട് പ്രേക്ഷകര്‍ മാറിനില്‍ക്കുന്നു. മാറ്റത്തിന്റെ ചെറിയ തീപ്പൊരിയെങ്കിലും കാണിക്കുന്ന ചിത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിച്ച് ആഘോഷിക്കുന്നു. ഈ ചുവരെഴുത്ത് എന്നാണ് പ്രത്യക്ഷപ്പെട്ടത്?

താരപ്രഭ മങ്ങുന്നുവോ?


താരസാന്നിധ്യം ആദ്യപ്രദര്‍ശനത്തിന് ആളെ കൂട്ടുമെങ്കിലും പിന്നീട് ചിത്രത്തിന്റെ മേന്മകൊണ്ടു മാത്രമേ തിയേറ്ററിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയൂ. സിനിമയുടെ സാമ്പത്തിക വിജയത്തിന് താരത്തിന്റെ അനിവാര്യത മലയാളം തള്ളിക്കളയുന്നത് ആദ്യമല്ല. എങ്കിലും അടുത്തകാലത്തായി അതൊരു ശക്തമായ താക്കീതായി മാറുകയാണ്. അതേസമയം 'ന്യൂ ജനറേഷന്‍' സംവിധായകരുടെ താരസാന്നിധ്യമില്ലാത്ത ചിത്രങ്ങള്‍ വന്‍തോതില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും ചെയ്യുന്നു. ഉള്ളടക്കത്തെക്കുറിച്ച് കാണികള്‍ കൂടുതലായി ചിന്തിക്കുന്നു എന്ന സൂചനയാണിത്. പൊള്ളയായ കെട്ടുകാഴ്ചകള്‍ ഇനി വിലപ്പോവില്ല. അവയ്ക്ക് 'ക്യാപ്പിറ്റല്‍ പണിഷ്‌മെന്റാ'ണ് പ്രേക്ഷകന്റെ കോടതിയില്‍.

രഞ്ജിത്തിന്റെ പ്രായശ്ചിത്തം


സിനിമയുടെ രുചിഭേദത്തെ മാറ്റിമറിച്ച പ്രതിഭയാണ് രഞ്ജിത്ത്. സിനിമയെയും പ്രേക്ഷകനെയും താരങ്ങളെയും ഒരുപാട് വഴിതെറ്റിച്ച രഞ്ജിത്ത്, 'കയ്യൊപ്പിലൂ'ടെയും 'കേരളകഫേ'യിലൂടെയും സ്വയം ഒരു തിരുത്തല്‍ ശക്തിയായി മാറി. നന്മയുള്ളതും നല്ലതും ചെറുതുമായ പ്രമേയങ്ങള്‍ മുത്തുകള്‍പോലെ കോര്‍ത്ത 'കേരള കഫേ' കച്ചവട സിനിമയുടെ ചിട്ടവട്ടങ്ങളെ പാടേ തകര്‍ത്തുകളഞ്ഞു; മാത്രമല്ല, സിനിമ സംവിധായകന്റെ കലയാണെന്നത് മറക്കരുതെന്ന പാഠവും അത് നല്‍കി. രഞ്ജിത്ത് തുറന്നുവിട്ട ഭൂതം നല്‍കിയ വരങ്ങളാണ് ട്രാഫിക്കും ചാപ്പാക്കുരിശും സാള്‍ട്ട് ആന്‍ഡ് പെപ്പറും മേല്‍വിലാസവും എടുക്കാന്‍ അതിന്റെ സംവിധായകര്‍ക്ക് പ്രചോദനമായത്.

ട്രാഫിക്കും മറ്റും നേടിയ വിജയങ്ങള്‍ നല്‍കിയ ഊര്‍ജം ചെറുതല്ല. വ്യത്യസ്തവും അകൃത്രിമവുമായ കഥയും കഥാപാത്രങ്ങളും കണ്ടെത്താന്‍ എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും ആവേശമായി. കഥപറയുന്ന രീതി മാറ്റാന്‍, അവതരണത്തില്‍ പുതുമ കൊണ്ടുവരാന്‍ അവര്‍ തലപുകച്ചുകൊണ്ടിരിക്കുന്നു. ആദാമിന്റെ മകന്‍ അബു, പ്രണയം, ഇന്ത്യന്‍ റുപ്പി, ഓര്‍മ മാത്രം, വീട്ടിലേക്കുള്ള വഴി എന്നീ ചിത്രങ്ങളില്‍ താരങ്ങള്‍ പരിവേഷങ്ങള്‍ ഉപേക്ഷിച്ച് നടന്മാരായതും മാറുന്ന മലയാളസിനിമയുടെ നേരിയ ലക്ഷണമായി കാണാം.

സന്തോഷ് പണ്ഡിറ്റിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്


എല്ലാ സിനിമാജാഡകളുടെയും ശിരസ്സ് തകര്‍ക്കുന്ന പ്രകടനമായിരുന്നു സന്തോഷ് പണ്ഡിറ്റിന്റേത്. മാറുന്ന മലയാളസിനിമയുടെ മറ്റൊരു മുഖമായിരുന്നു അത്. സിനിമക്കാര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന മുഖവും അതുതന്നെ. ശരിക്കും ഒരു ഷോക്ക്. സിനിമാപൊങ്ങച്ചങ്ങളുടെ മുഖംമൂടി അഴിഞ്ഞുവീണതും 'ഇത്രയേയുള്ളു സിനിമാ നിര്‍മാണം' എന്ന് പണ്ഡിറ്റ് പറയാതെ പറഞ്ഞതും ചരിത്രത്തില്‍ ഇടം നേടും.

പണ്ഡിറ്റ് 'ഡിമിത്തിഫൈ' ചെയ്തത് കച്ചവട സിനിമയെ മൊത്തത്തിലാണ്. കോടികള്‍ മുടക്കി മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ എടുക്കുന്ന വമ്പന്‍ സിനിമാനിര്‍മാണ പ്രക്രിയയെന്ന പ്രചാരണമൊന്നും ഇനി പ്രേക്ഷകനെ സ്പര്‍ശിക്കില്ല. അതിന്റെ ലക്ഷണങ്ങളും അടുത്തകാലത്തെ വമ്പന്‍പരാജയങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മാറ്റത്തില്‍ പണ്ഡിറ്റിനും പങ്കുണ്ടെന്ന് ചുരുക്കം.

ശ്രീനിവാസന്റെ ഒറ്റമൂലി


എം.ടി. എഴുതുന്നു: 'സമൂഹത്തിന് വേട്ടക്കാരന്റെ മനസ്സാണ്. ഇര വീണാലേ തൃപ്തിയാവൂ. പിന്നെ ഒരാഘോഷമാണ്'. ഈ വാക്കുകള്‍ സിനിമയ്ക്കും ബാധകമാണ്.
 1 2 NEXT