പണയമായ് കിട്ടിയ പൂജാപാത്രം

 

പി.ടി.ബേബി

 

22 Jan 2012

 

'കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സംഗീതമത്സരം-1959, രണ്ടാം സ്ഥാനം- കെ.ജെ. യേശുദാസ്'. ഇങ്ങനെ ആലേഖനം ചെയ്ത ഒരു വെള്ളിത്തളിക അരനൂറ്റാണ്ടോളം മട്ടാഞ്ചേരിയില്‍ ഒരു വീട്ടിലെ പൂജാപാത്രമായിരുന്നു. തളികയില്‍ പുഷ്പങ്ങള്‍ നിവേദിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, അന്നത്തെ രണ്ടാം സ്ഥാനക്കാരന്‍ ഗന്ധര്‍വസംഗീതവുമായി കേരളം കീഴടക്കിക്കഴിഞ്ഞിരുന്നു. ഇത്തവണത്തെ യുവജനോത്സവ ഉദ്ഘാടനവേദിയില്‍, അന്നത്തെ മത്സരത്തെ യേശുദാസ് അനുസ്മരിച്ചിരുന്നു.

കാണാതായ ആ വെള്ളത്തളിക ഏറെക്കാലത്തിനു ശേഷമാണ് യേശുദാസിന് തിരികെ ലഭിച്ചത്. 53 വര്‍ഷം മുമ്പാണ്, അന്ന് 18 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന യേശുദാസ് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ മത്സരത്തില്‍ രണ്ടാമത്തെ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നന്നത്തെ അന്നത്തിന് വിഷമിച്ചിരുന്ന യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ് ആ വെള്ളിത്തളിക മട്ടാഞ്ചേരിയിലെ ഡി.എസ്. ഭട്ടിന്റെ സ്വര്‍ണക്കടയില്‍ പണയംവെക്കുകയായിരുന്നു.

ആ പണയ ഉരുപ്പടി തിരിച്ചെടുക്കപ്പെട്ടില്ല. അതിന്റെ മൂല്യമറിയാവുന്ന ഭട്ട് വീട്ടിലെ പൂജാപാത്രമായി അത് ഉപയോഗിച്ചു. ഭട്ടിന്റെ കാലശേഷം മകന്‍ സതീഷ് ഭട്ടും ആ പതിവ് മുടക്കിയില്ല. ഒടുവില്‍ അഞ്ച് വര്‍ഷം മുമ്പ് സംഭവം കേട്ടറിഞ്ഞ യേശുദാസ് ആ തളിക സതീഷ് ഭട്ടിന്റെ വീട്ടില്‍ ചെന്ന് കൈപ്പറ്റുകയായിരുന്നു. യേശുദാസിന്റേയും സതീഷ് ഭട്ടിന്റേയും സുഹൃത്തായ മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശി സി.എ. വിനയ റാമാണ് തളിക യേശുദാസിന് തിരികെ ലഭിക്കുന്നതിന് നിമിത്തമായത്.

2006ലെ അക്ഷരതൃതീയ ദിവസം. മട്ടാഞ്ചേരിയില്‍ വിട്ടോഭ അമ്പലത്തില്‍ വൈകുന്നേരത്തെ ഭജനയും കഴിഞ്ഞ് ആ സുഹൃത്തുക്കള്‍ ഒത്തുകൂടി. ഒരു ദക്ഷിണ തന്നാല്‍ ഒരു വലിയ രഹസ്യം വെളിപ്പെടുത്താമെന്ന് സതീഷ് ഭട്ട് പറഞ്ഞു. വര്‍ഷങ്ങളായി കൈവശം വെച്ചിരുന്ന, ഗുരുദേവന്റെ ചിത്രം ആലേഖനം ചെയ്ത അഞ്ചുരൂപ നാണയം വിനയ റാം ദക്ഷിണയായി നല്‍കി. അമൂല്യമായ ഒരു വസ്തു കാണിച്ചുതരാമെന്ന് പറഞ്ഞ് സതീഷ് ഭട്ട് വിനയ റാമിനെ ബൈക്കില്‍ കയറ്റി തന്റെ വീട്ടിലേക്ക് പോയി. വീടിന്റെ പൂമുഖത്ത് സുഹൃത്തിനെ ഇരുത്തി അകത്തേക്കു പോയ ഭട്ട് തിളങ്ങുന്ന ഒരു പാത്രവുമായാണ് മടങ്ങിവന്നത്.

യേശുദാസിന് 59ല്‍ കിട്ടിയ രണ്ടാം സമ്മാനമായിരുന്നു അത്. തക്ക പ്രതിഫലം തന്നാല്‍ ദാസേട്ടന് ഇത് തിരിച്ചുകൊടുക്കുമോ എന്ന് വിനയ റാം ചോദിച്ചു. പ്രതിഫലത്തിന് ഇത് കൊടുക്കില്ല, ദാസേട്ടന്‍ നേരിട്ടുവന്ന് ചോദിച്ചാല്‍ കൊടുക്കാം എന്നായിരുന്നു മറുപടി. വിനയ റാം ഉടന്‍ ആ തളികയുടെ ഫോട്ടോ എടുത്ത് സൂക്ഷിച്ചു. യേശുദാസിന്റെ സഹോദരിയെ വിളിച്ച് അറിയിക്കുകയും ചെയ്തു. പിറ്റേന്ന് യേശുദാസ് വിനയ റാമിനെ വിളിച്ചു. ആ തളിക താന്‍ ഓര്‍ക്കുന്നുണ്ടെന്നും എന്നാല്‍ തന്റെ ശേഖരത്തില്‍ ഇല്ലെന്നും യേശുദാസ് പറഞ്ഞു.

തൊട്ടുപിന്നാലെ സതീഷ് ഭട്ട് വിനയ റാമിനെ വിളിച്ചു. ''വിനയ റാം, ഈ തളിക അത്ര പെട്ടെന്ന് എനിക്ക് ദാസേട്ടന് തിരിച്ചുനല്‍കാനാവില്ല. കാരണം ഇത് എന്റെ അച്ഛന്റെ സമ്പാദ്യമാണ്. കുടുംബസ്വത്ത് ഭാഗംവെക്കുമ്പോള്‍ എനിക്ക് ഇതും ഭാഗംവെക്കേണ്ടതായി വരും. അതിനാല്‍ പകരം മറ്റൊരു തളിക ഇവിടെ വെക്കണം.''

അതോടെ വിനയ റാം ധര്‍മസങ്കടത്തിലായി. എങ്ങനെ വിവരം യേശുദാസിനോട് പറയും. രണ്ടുദിവസം കഴിഞ്ഞ് യേശുദാസ് ഭാര്യാസമേതം പാണ്ടിക്കുടിയിലെ വിനയറാമിന്റെ വീട്ടിലെത്തി. വിനയറാമിന്റെ അച്ഛന്‍ ഫ്രഞ്ച് ഷെവലിയാര്‍ സി.സി. രാംദാസുമായി യേശുദാസിന് അടുപ്പമുണ്ടായിരുന്നു. പിന്നീട് ഇവര്‍ സതീഷ് ഭട്ടിന്റെ വീട്ടിലെത്തി. സതീഷ് ഭട്ട് അകത്ത് പോയി വെള്ളിത്തളിക കൊണ്ടുവന്ന് യേശുദാസിന്റെ കൈയില്‍ കൊടുത്ത് പറഞ്ഞു- ''ദാസേട്ടാ, ഇന്നത്തെ പൂജ കഴിഞ്ഞ് കഴുകിവെച്ചിരിക്കുകയായിരുന്നു ഈ തളിക.

ദാസേട്ടന് ഇനിയിത് കൊണ്ടുപോകാം.'' ഇതുകേട്ട യേശുദാസ് പറഞ്ഞു- ''പൂജ കഴിഞ്ഞിരിക്കുന്ന തളികയാണോ, എങ്കില്‍ ഞാനിത് കൊണ്ടുപോകുന്നില്ല. കൊണ്ടുപോകുന്നെങ്കില്‍ പകരം മറ്റൊന്ന് തന്ന ശേഷം മാത്രം. നാളത്തെ പൂജ മുടങ്ങാന്‍ പാടില്ലല്ലോ.'' സതീഷ് ഭട്ടിന് സന്തോഷമായി. ''ഇത് എന്റെ അച്ഛന് കിട്ടിയ കാലം മുതല്‍ അദ്ദേഹം പൂജാകര്‍മങ്ങള്‍ ചെയ്തിരുന്നത് ഇതില്‍ പൂജാദ്രവ്യങ്ങള്‍ വെച്ചുകൊണ്ടായിരുന്നു. അച്ഛന്റെ കാലശേഷം ഞാനും അത് തുടര്‍ന്നു. ഞങ്ങള്‍ ബ്രാഹ്മണര്‍ക്ക് ഇത് പതിവുള്ളതാണല്ലോ.''

ആറു മാസത്തിനു ശേഷം തിളങ്ങുന്ന ഒരു വെള്ളിത്തളികയുമായി യേശുദാസ് ഭട്ടിന്റെ വീട്ടിലെത്തി. വിനയ റാമും രാംദാസും ഒപ്പമുണ്ടായിരുന്നു. പുതിയ തളിക നല്‍കി വിലപ്പെട്ട ആ സമ്മാനം യേശുദാസ് ഏറ്റുവാങ്ങി. മടങ്ങുംവഴി രാംദാസ് യേശുദാസിന്റെ അച്ഛനെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവെച്ചു.

ഫോര്‍ട്ടുകൊച്ചി സാന്റാക്രൂസ് കത്തീഡ്രല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ 'റോമിയോ ജൂലിയറ്റ്' നാടകത്തിലെ അഭിനയത്തിന് രാംദാസ് ബെസ്റ്റ് ആക്ടറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ നാടകം പഠിപ്പിച്ചത് യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫായിരുന്നു. വെള്ളിത്തളിക തിരിച്ചുനല്‍കി ഏതാനും മാസങ്ങള്‍ക്കകം സതീഷ് ഭട്ട് മരിച്ചു. എങ്കിലും യേശുദാസ് നല്‍കിയ ആ വെള്ളിത്തളിക ഇന്നും വിശേഷാവസരങ്ങളില്‍ പൂജയ്ക്ക് ഉപയോഗിക്കാറുണ്ടെന്ന് സതീഷ് ഭട്ടിന്റെ ഭാര്യ ഷൈല ഭട്ട് പറഞ്ഞു.