മടങ്ങിവരുമോ..നമ്മളെ ചിരിപ്പിച്ച ആ ചിരികള്‍

എസ്.എസ് സുമേഷ് കുമാര്‍

 

posted on:

10 Aug 2013

കളിയില്‍ തോറ്റ് നിരാശനായി പടിപ്പുരകടന്ന് വന്ന മകനേ നോക്കി നിര്‍ദ്ദോഷമായി ആ അച്ഛന്‍ വിളിച്ച് പറയേണ്ടത് ഇങ്ങനെ മാത്രം. ദേ വസുമതീ. തോറ്റ് തൊപ്പിയിട്ട് വന്നിരുക്കുന്നു നിന്റെ മോന്‍.. തീര്‍ത്തും സ്വാഭാവികമായ സംഭാഷണം. പക്ഷേ ഗൃഹനാഥന്‍ പറഞ്ഞു വന്നപ്പോഴേയ്ക്കും തൊണ്ടയില്‍ ഏമ്പക്കം കുടിയേറി. പുറത്ത് വന്നതിങ്ങനെ..വസുമതീ.. ദേ നിന്റെ മോ...ന്‍ന്‍... അന്നും ഇന്നും പരീക്ഷയായായാലും കളിയായാലും തോറ്റ് തൊപ്പിയിട്ട് വരുന്നവരേ കാണുമ്പോള്‍ അറിയാതെ മലയാളികളുടെ നാവില്‍ വരും.. ദേ തോറ്റ് തൊപ്പിയിട്ട് വന്നിരിക്കുന്നു.. നിന്റെ...

അത്ര ബുദ്ധിജീവിയൊന്നുമല്ലാത്ത സാദാ മലയാളിയ്ക്ക് അവന്റെ നിത്യജീവിതത്തില്‍ പലപ്പോഴും ഒരു ചൂണ്ട് പലകയാണ് സിനിമയിലെ ചിരി. വെടിവെട്ടങ്ങള്‍ക്കിടയ്ക്ക് ഓര്‍ത്ത് പറഞ്ഞ് ചിരിയ്ക്കാനുളള കുറേ ഒറ്റമൂലികള്‍. മുല്ലപ്പെരിയാല്‍ ഡാം തമിഴ്‌നാടിന്റെതാണെന്ന് ജയലളിത പറയുമ്പോള്‍ ഏത് മനുഷ്യനാണ് ചിന്തിച്ച് പോകാത്തത് തറവാട്ടിലേയ്ക്ക് കൊണ്ട് പോകുമ്പോഴേയ്ക്ക് രണ്ട് ബക്കറ്റ് വെളളം കൂടി മാറ്റി വച്ചേക്കണേ.. ഞങ്ങള്‍ അച്ഛനും മക്കള്‍ക്കും കുളിയ്ക്കാനുളളതാണെന്ന്.. (മേലേപ്പറമ്പില്‍ ആണ്‍വീട്). ശുദ്ധമായ സിനിമ ചിരിയേ നമ്മള്‍ ജീവിതവുമായി ചേര്‍ക്കുകയാണ്.

ഫെയ്‌സ് ബുക്കില്‍ കമന്റ്‌സുകള്‍ക്കിടയില്‍ മിക്കപ്പോഴും പേസ്റ്റ് ചെയ്യപ്പെടുന്നത് മറക്കാന്‍ കഴിയാത്ത സിനിമയുടെ നല്ല നിമിഷങ്ങളാണ്. കാലവും സൗഹൃദവും ഇഴകോര്‍ത്തപ്പോള്‍ വിരിഞ്ഞ നല്ലനേരമ്പോക്കുകള്‍ ..മള്‍ട്ടിപ്ലക്‌സുകളുടെ ശീതളിമയിലേയ്‌ക്കെത്തുന്നതിന് മുമ്പ് മൂട്ട കടിയുളള ഓലകൊട്ടകകളില്‍ പടര്‍ന്ന് പന്തലിച്ച നല്ല ചിരികള്‍.. എന്തൊരു കാലമായിരുന്നു അത്.ഗോപാലകൃഷ്ണനും ബാലകൃഷ്ണനും ദാസനും വിജയനും പവനായിയും ഗഫൂര്‍ കാ ദോസ്തും ഹംസക്കോയും മത്തായിച്ചനും കീലേരി അച്ചുവും ഗോവിന്ദന്‍കുട്ടിയും അപ്പുകുട്ടനും തോമസുകുട്ടിയുമൊക്കെ മേഞ്ഞ് നടന്ന കാലം...ഗര്‍വാസീസാശാന്റെ കാല്‍ തല്ലിയൊടിച്ചവനോട് എല്‍ദോയ്ക്ക് അങ്ങനെ പൊറുക്കാന്‍ കഴിയുമോ...ഇവരെയൊക്കെ ആര്‍ക്കാണ് മറക്കാന്‍ സാധിക്കുന്നത്.

എണ്‍പത് പിന്നിട്ട മലയാളസിനിമയുടെ മുഖത്ത് പുഞ്ചിരി വിടരാന്‍ തുടങ്ങിയിട്ട് കഷ്ടിച്ച് അമ്പത് വര്‍ഷത്തില്‍ മേലാകില്ല.അടൂര്‍ഭാസി, ബഹദൂര്‍ കാലഘട്ടമാവുമ്പോഴാണ് അത്തരമൊരു സാധ്യത സിനിമയില്‍ ഉരുത്തിരിയുന്നത്.
 1 2 3 NEXT