സംവിധായകന്‍ എന്ന പാഠശാല

മനോജ് ഭാരതി

 

posted on:

28 Oct 2012

നക്ഷത്രദൂരം 5

The screen is a magic medium. It has such power that it can retain interest as it conveys emotions and moods that no other art form can hope to tackle.-Stanley Kubrick (American Film Maker)


കാലം കാത്തുനിന്നില്ല എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പി എന്‍ മേനോന്റെ കളരിയിലേക്കെത്തുമ്പോഴേക്കും സംവിധാനശൈലിയുടെ മറ്റൊരു ഭാഷ്യമായിരുന്നു കമലിനു കാണാന്‍ കഴിഞ്ഞത്.വ്യത്യസ്തങ്ങളായ പരിശീലനങ്ങളും കാത്തിരിപ്പുകളും വേണ്ടിവന്ന ദിനങ്ങള്‍.ഒരു വൈകുന്നേരത്തെ പതിവു നടത്തത്തിനിടയിലാണ് ആര്‍ കെ ലാബില്‍ വച്ച് കമലിന്റെ ജീവിതത്തിലേക്ക്് പി എന്‍ മേനോന്‍ കടന്നു വന്നത്.ലാബ് ശങ്കരന്‍കുട്ടിക്കൊപ്പമെത്തിയ അദ്ദേഹം കാഴ്ചയില്‍ത്തന്നെ വിഭിന്നനായിരുന്നു.ആകര്‍ഷകമായ തൊപ്പിയും ഹോളിവുഡ് സ്‌റ്റൈലിലുള്ള വ്യൂഫൈന്‍ഡര്‍ കഴുത്തിലുമായി ഊര്‍ജ്ജസ്വലനായ ഒരു മനുഷ്യന്‍.ക്യാമറയിലൂടെ നോക്കാതെതന്നെ റേഞ്ച് ഫിക്‌സ് ചെയ്യാനുള്ള വ്യൂഫൈന്‍ഡര്‍ അന്ന് സത്യജിത്ത് റായി അടക്കമുള്ളവരുടെ ട്രേഡ്മാര്‍ക്കായിരുന്നു.വിവിധ റേഞ്ചുകളിലുള്ള മൂന്നുലെന്‍സുകള്‍ ഉള്‍പ്പെടുന്ന വ്യൂഫൈന്‍ഡര്‍ തൂക്കി ചടുലമായെന്തൊക്കെയോ പറഞ്ഞ് തിരക്കുഭാവിച്ച് മേനോന്‍ അകത്തേക്കുപോയി.


ശങ്കരന്‍കുട്ടിയെ മുന്‍പുതന്നെ കമലിനു പരിചയമുണ്ട്.ശാരദ സ്റ്റുഡിയോയില്‍ തമിഴ് പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍നിന്ന് കുറച്ച് റഷസ് കാണാന്‍ വേണ്ടി വന്നതാണ് പി എന്‍ മേനോനെന്ന് അദ്ദേഹം പറഞ്ഞു.ചിത്രത്തിന്റെ പ്രോസസിംഗ് നിശ്ചയിച്ചിട്ടുള്ളത് ആര്‍ കെ ലാബില്‍ വച്ചാണ്.പി എന്‍ മേനോനെ പരിചയപ്പെടാനുള്ള ആഗ്രഹം കമല്‍ അപ്പോള്‍ത്തന്നെ ശങ്കരന്‍കുട്ടിയെ അറിയിച്ചു.രണ്ടായിരം അടി റഷസ് പത്തുമിനുട്ടുകൊണ്ട് കണ്ട് മേനോന്‍ പ്രിവ്യൂ തീയേറ്ററില്‍ നിന്ന് തിരിച്ചിറങ്ങുമെന്ന് ശങ്കരന്‍കുട്ടി പറഞ്ഞു.

തനതുശൈലിയിയില്‍ ബീഡിപ്പുകവലയങ്ങള്‍ പൊതിഞ്ഞ മുഖത്തോടെ മേനോന്‍ പ്രിവ്യൂ തീയേറ്ററില്‍ നിന്നിറങ്ങിയപ്പോള്‍ ശങ്കരന്‍കുട്ടി അടുത്തെത്തി കമലിനെ പരിചയപ്പെടുത്തി.കൊടുങ്ങല്ലൂര്‍ സ്വദേശി ആണെന്നും ത്രാസം എന്ന പേരിലുള്ള സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നെന്നും പറഞ്ഞു.മേനോന്‍ ശ്രദ്ധയോടെ കേട്ടിരുന്നു.ശാരദാസ്റ്റുഡിയോയില്‍ അവരുടെ തന്നെ സിനിമയുടെ ജോലിയിലാണ് താനിപ്പോഴെന്ന് കമലിന്റെ അന്വേഷണങ്ങളോട് അദ്ദേഹം പ്രതികരിച്ചു.കമലിന് ഷൂട്ടിംഗ് സ്ഥലത്തേക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു.അദ്ദേഹം മടങ്ങിപ്പോയപ്പോള്‍ ശങ്കരന്‍കുട്ടിയും ഉപദേശിച്ചു;ഷൂട്ടിംഗ് സ്ഥലത്തുചെന്ന് മേനോനെ കണ്ടുസംസാരിക്കാന്‍.

എ ബി രാജിനോടൊപ്പമുള്ള ആദ്യചിത്രത്തിന്റെ ജോലികള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ സ്വന്തം സൃഷ്ടിപരതകള്‍ക്കുകൂടി സ്ഥാനമുള്ള സിനിമാസങ്കല്‍പ്പങ്ങളിലേക്കൊരു മാറ്റം കമല്‍ ലക്ഷ്യമിട്ടിരുന്നു.പി എന്‍ മേനോനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാലത് അത്തരം വഴിത്തിരിവുകള്‍ക്ക് അനുകൂലമായേക്കും.ആര്‍ കെ ലാബില്‍ നിന്നും മേനോനിറങ്ങി പതിനഞ്ചുമിനുട്ടുകഴിഞ്ഞപ്പോഴേക്കും കമല്‍ ശാരദാസ്റ്റുഡിയോയിലെത്തിച്ചേര്‍ന്നു.

'ഏതു പടം ചെയ്‌തെന്നാണ് പറഞ്ഞത്...?'
സെറ്റിലൊരു കസാലയില്‍ ശാന്തനായിരിക്കുകയായിരുന്നു അദ്ദേഹം.ഷൂട്ടിംഗിനുള്ള അന്നത്തെ തയ്യാറെടുപ്പുകള്‍ തുടങ്ങിവരുന്നതേയുള്ളു.

'ത്രാസം... അതിന്റെ സ്‌ക്രിപ്റ്റ് ഞാനായിരുന്നു.'

അഭിമുഖമിരിക്കുന്ന മെലിഞ്ഞ ചെറുപ്പക്കാരനെ തെല്ലുകൗതുകത്തോടെയാണപ്പോള്‍ മേനോന്‍ നോക്കിയത്.

'ഓഹോ ... നീ സ്‌ക്രിപ്‌റ്റൊക്കെ എഴുതുമോ...? അതിനുനിനക്കു സിനിമ വല്ലതുമറിയാമോ...? ഇതെക്കുറിച്ചൊക്കെ അറിയാതെ എങ്ങനെ സ്‌ക്രിപ്‌റ്റെഴുതും...ആര്‍ക്കും ചെയ്യാവുന്ന പണിയാണോ സിനിമ...'
ഒരു കൂട്ടം ചോദ്യങ്ങള്‍ പരീക്ഷിക്കാനെന്നപോലെ മേനോന്‍ ഉന്നയിച്ചു.

'അതല്ല സാര്‍... സിനിമയെപ്പറ്റി പഠിക്കാന്‍ കൂടിയാണ്...'

'സിനിമ എടുത്താണോ പഠിക്കുന്നത്.'

'അതല്ല സാര്‍ ഞാനുദ്ദേശിച്ചത്...എന്റെ അമ്മാവനാണതിന്റെ പ്രൊഡ്യൂസര്‍.'

'കൊള്ളാമല്ലോ...അമ്മാവന്റെ കാശെടുത്തുള്ള കളിയാണ് ;അല്ലേ.'

'അദ്ദേഹം തന്നെയാണുസാര്‍ അതിന്റെ ഡയറക്ടര്‍'

'അതുശരി . മൂപ്പരും സിനിമയെടുത്തുകളിക്കുകയാണോ.'

സൗഹാര്‍ദ്ദപരമായ സംഭാഷണത്തിനിടയില്‍ കുട്ടിക്കളിയല്ല സിനിമ എന്ന യാഥാര്‍ത്ഥ്യം കമലിന്റെ ഓര്‍മ്മയിലേക്കു കൊണ്ടുവരാനാണ് മേനോന്‍ ശ്രമിച്ചത്.ഇടക്ക് സംഭാഷണം മുറിച്ചുകൊണ്ട് ഷോട്ട് റഡിയായി. തമിഴ്‌നടന്‍ ശ്രീകാന്ത് ക്യാമറക്കുമുന്നിലെത്തി.ഷോട്ടുതീര്‍ത്ത് മേനോന്‍ തിരിച്ചുവരുന്നതുവരെ കമല്‍ കാത്തുനിന്നു.പക്ഷേ അദ്ദേഹം പോകാനുള്ള ധൃതിയിലായിരുന്നു.അടുത്ത ദിവസം ഷൂട്ടിംഗ് ഷെഡ്യൂള്‍ ചെയ്തിട്ടില്ല.അപ്പോള്‍പ്പിന്നെയെങ്ങനെ അദ്ദേഹത്തെ കാണാന്‍ കഴിയും.ഡയറക്ടേഴ്‌സ് കോളനിയിയാണ് താന്‍ താമസിക്കുന്നതെന്നും അടുത്ത ദിവസം അങ്ങോട്ടു വന്നുകൊള്ളാനും മേനോന്‍ പറഞ്ഞു.കമല്‍ അക്കാലത്ത് താമസിച്ചിരുന്ന ഉമാ ലോഡ്ജിനടുത്തായിരുന്നു ഡയറക്ടേഴ്‌സ് കോളനി

ചിത്രം റബേക്ക: സംവിധാനം ഹിച്ചകോക്ക്്


പിറ്റേന്നുതന്നെ ഡയറക്‌ടേഴ്‌സ് കോളനിയില്‍ കമലെത്തി.നിറനിലാവുപോലെ നിഷ്‌കളങ്കമായ ചിരിതൂകി സ്വീകരിച്ചത് പി എന്‍ മേനോന്റെ ഭാര്യ ഭാരതിയായിരുന്നു.. സ്വന്തം ഉമ്മയുടെ സാമീപ്യമാണ് കമലപ്പോള്‍ അനുഭവിച്ചത്.പാര്‍ശ്വഭാഗത്തുള്ള മുറിയില്‍ തലേദിവസത്തെ ലഹരിയുടെ പ്രകടമുഖഛായയോടെ മേനോനിരിക്കുന്നു.അഴിഞ്ഞുവീഴാറായ ലുങ്കിയും ചിതറിവീണ തലമുടിയും ഹാങ്ഓവറിന്റെ സൂചനകള്‍ ബാക്കിവച്ചു.വലിച്ചുവാരിയിട്ടിരിക്കുന്ന പേപ്പറുകളും പെയിന്റിംഗ്‌സുകളും കലാകാരന്റെ മുറിക്ക് ലക്ഷണങ്ങള്‍ തികച്ചു.കടലാസുകൂമ്പാരത്തിനിടയില്‍ അക്ഷമനായി എന്തോ തിരയുകയായിരുന്നു അദ്ദേഹം.ചുണ്ടിന്‍കോണിലെ കത്തുന്ന ബീഡിക്കൊപ്പം തല പൊന്തിച്ചുനോക്കിയ അദ്ദേഹം കമലിനെ തിരിച്ചറിഞ്ഞു.

'സാറെന്നോട് ഇന്നൊന്നു വരാന്‍ പറഞ്ഞിരുന്നു.'

'ശരി ശരി...ഇവിടെ വന്നൊന്നു തിരയാന്‍ സഹായിക്കൂ.'

'എന്താണുസാര്‍ കാണാനുള്ളത് ?'

'അതോ...കുറച്ചു പേപ്പര്‍ ഇവിടെ വച്ചിരുന്നതാണ് .നീയതൊന്നു നോക്കൂ...ഞാന്‍ പറയാം അതെന്താണെന്ന്.'

കാര്യമെന്തെന്ന് വ്യക്തമായില്ലെങ്കിലും കമലും ഒപ്പമിരുന്നു തിരച്ചില്‍ തുടങ്ങി.ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ പ്രശസ്തസിനിമ റബേക്കയുടെ എവിടെനിന്നോ ലഭിച്ച ഇംഗ്ലീഷ് സ്‌ക്രിപ്റ്റിന്റെ കോപ്പി കണ്ടുപിടിക്കാനുള്ള ശ്രമമായിരുന്നു അത്.രണ്ടുവര്‍ഷം മുന്‍പ് ആരോ മേനോനു കൊടുത്താണ്.അതിന്റെ പ്രചോദനത്തില്‍ പുതിയൊരു പടമെങ്ങനെ ചെയ്യാമെന്ന ആലോചന ശക്തമായപ്പോഴാണ് സ്‌ക്രിപ്റ്റ് അന്വേഷണം തുടങ്ങിയത്.ഏറെക്കഴിഞ്ഞ് ഇക്കാര്യം പറയുമ്പോഴും ഇടക്കിടെ കുത്തഴിയുന്ന മുണ്ടുപോലും ശ്രദ്ധിക്കാതെ അദ്ദേഹത്തിന്റെ കണ്ണുകള്‍ കടലാസുകൂമ്പാരത്തില്‍ ഓടിക്കളിക്കുന്നുണ്ടായിരുന്നു.പത്തുപതിനഞ്ചുവര്‍ഷം അടുപ്പമുള്ള ഒരാളെപ്പോലെയാണ് കമലിനോടപ്പോഴദ്ദേഹം പെരുമാറിയിരുന്നത്.പന്ത്രണ്ടു മണിയോടെ സ്‌ക്രിപ്റ്റ് കണ്ടെത്തി.കമലാണെങ്കില്‍ പഴയ പേപ്പറിലെ പൊടിയേറ്റ്് തുമ്മിത്തുടങ്ങി.
 1 2 3 NEXT