My three Ps: passion, patience, perseverance. You have to do this if you've got to be a filmmaker.
- Robert Wise (American film director)
ബാല്യത്തിന്റെ കുതൂഹലതകളാണ് പലപ്പോഴും അഭിരുചികളെ വിത്തെറിഞ്ഞുവളര്‍ത്തുന്നതും വ്യക്തിത്വത്തിന്റെ ഭാഗമാക്കുന്നതും.ഉപോല്‍ബലകമായി ചില മാതൃകകള്‍ കുടുംബത്തില്‍ തന്നെയുണ്ടാകുകയും സഹൃദയത്വം നിറഞ്ഞ പിന്തുണ ലഭിക്കുകയും ചെയ്യുന്നതോടെ വികസ്വരാവസ്ഥയിലുള്ള കലാഭിരുചികള്‍ക്ക് നേര്‍ദിശ നിശ്ചയിക്കപ്പെടും.കമലിന്റെ ഉമ്മ സുലൈഖ കൊടുങ്ങല്ലൂരിലെ പുരാതനമായ പടിയത്ത് കുടുംബത്തിലെ അംഗമായിരുന്നു. പല നാടുകളിലായി പടര്‍ന്നിട്ടുള്ള ശാഖോപശാഖകളില്‍പ്പെട്ടവര്‍ ഒത്തുചേരുമ്പോഴുള്ള അംഗബലം മാത്രം മതി ഇന്നും ആ കുടുംബത്തിന്റെ വ്യാപ്തിയും പ്രാധാന്യവും മനസ്സിലാക്കാന്‍.കുടുംബാംഗങ്ങളില്‍ ചിലര്‍ സിനിമയുടെ പ്രഭാമധ്യത്തില്‍ നിലകൊള്ളുകയും ചെയ്തിരുന്നു.നടന്‍ ബഹദൂറായിരുന്നു കൂട്ടത്തില്‍ പ്രധാനി
സിനിമയുടെ അതിവിദൂരമല്ലാത്ത ശൃംഖലകളിലൊന്ന് കുട്ടിക്കാലത്തുതന്നെ കമലിനെ ചുറ്റിപ്പിണഞ്ഞിരുന്നു.അതിനു പ്രേരകമായ ചങ്ങലക്കണ്ണികളിലൊരാളായിരുന്നു മൊയ്തു പടിയത്ത് കമലിന്റെ അമ്മാവനായ അദ്ദേഹം നോവലിസ്റ്റ് ,സിനിമതിരക്കഥാകാരന്‍ എന്നീ നിലകളിലെല്ലാം പേരെടുത്തിരുന്നു.കുട്ടിക്കുപ്പായം പോലെയുള്ള അന്നത്തെ സൂപ്പര്‍ഹിറ്റുചിത്രങ്ങളില്‍പ്പലതിന്റെയും രചയിതാവ് അദ്ദേഹമായിരുന്നു.ഈ വിജയചിത്രങ്ങളെല്ലാം ചെറുപ്പത്തില്‍ത്തന്നെ കമലിന്റെ മനസ്സില്‍ ഇടം നേടി.കുടുംബത്തിലെ സ്ത്രീകള്‍ നേര്‍ച്ചപോലെ കുട്ടിക്കുപ്പായമടക്കമുള്ള സിനിമകള്‍ കാണുകയും അതിലെ ഡയലോഗുകള്‍ പറയുകയും പാട്ടുകള്‍ പാടുകയും ചെയ്തിരുന്നു.സിനിമാരംഗത്ത് കുടുംബാംഗങ്ങള്‍ പതിപ്പിച്ച പാദമുദ്രകള്‍ മോഹിപ്പിച്ചതുകൊണ്ടാവാം ചെറുപ്പത്തില്‍ത്തന്നെ കമലിന്റെ ഭാവിസങ്കല്‍പ്പങ്ങളിലും അത്തരമൊരഭിനിവേശം രൂപപ്പെട്ടത്.
വഴിത്തിരിവില്‍ ബഹദൂറെന്ന തണല്‍മരം
ഡിഗ്രി കോഴ്‌സ് പൂര്‍ത്തിയാക്കി കോളജില്‍ നിന്നും പുറത്തുവരുമ്പോള്‍ കമലിന് അഭിമുഖീകരിക്കേണ്ടി വന്നത് വിഭിന്നങ്ങളായ രണ്ടുതരം താല്‍പ്പര്യങ്ങളെയാണ്.സിനിമയെന്ന മായികലോകത്തിന്റെ ഭൂമികയായ മദ്രാസിലേക്കു പോകാനുള്ള സ്വന്തം ആഗ്രഹം അതിലൊന്ന് .മറുവശത്ത് റിയാലുകളുടെയും ദിര്‍ഹത്തിന്റെയും ആകര്‍ഷണവലയമൊരുക്കി ഗള്‍ഫ്‌ജോലി തെരഞ്ഞെടുക്കാന്‍ പിതാവ് നല്‍കിയ കര്‍ശനനിര്‍ദ്ദേശം.സിനിമാലോകത്തേക്കുപോകാനുള്ള കമലിന്റെ താല്‍പ്പര്യത്തെ അബ്ദുള്‍ മജീദ് തീവ്രമായി് എതിര്‍ത്തു.മുന്‍പ് അഷ്‌റഫ് പടിയനുമായി ചേര്‍ന്ന് 'ത്രാസം' സിനിമക്കുവേണ്ടി പ്രവര്‍ത്തിച്ചതൊന്നും അദ്ദേഹത്തിനത്ര രസിച്ചിരുന്നില്ല.എത്രയും വേഗം പാസ്‌പോര്‍ട്ടിനപേക്ഷിക്കാനും ഗള്‍ഫില്‍ ജോലിക്കുപോകാനും അദ്ദേഹം ആവശ്യപ്പെട്ടു.കൊടുങ്ങല്ലൂര്‍പ്രദേശം അതിനകംതന്നെ ഗള്‍ഫ്ബൂമിന് അടിപ്പെട്ടുതുടങ്ങിയിരുന്നു.എന്നാല്‍ ഗള്‍ഫ് ജോലിക്കില്ലെന്ന നിലപാടില്‍ കമല്‍ ഉറച്ചുനിന്നു.
ആയിടക്കാണ് ബഹദൂര്‍ നാട്ടിലേക്കുവന്നത്.നല്ല അടുപ്പം മുന്‍നിര്‍ത്തി അബ്ദുള്‍മജീദിന് വേണമെങ്കില്‍ ബഹദൂറിനോട് മകനുവേണ്ടി ശുപാര്‍ശ ചെയ്യാമായിരുന്നു.എന്നാല്‍ കമലിന്റെ സിനിമാപ്രവേശത്തെ ആദ്യം മുതല്‍ എതിര്‍ത്തിരുന്ന അദ്ദേഹം അതിന് തയ്യാറായില്ല.അവിടെ സഹായഹസ്തവുമായെത്തിയത് അമ്മാവന്‍ യൂസഫ് പടിയത്താണ്.തികഞ്ഞ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ അദ്ദേഹം നല്ലൊരു കലാസ്‌നേഹിയുമായിരുന്നു.സ്‌കൂള്‍ അധ്യാപകന്‍,ഹോമിയോ ഡോക്ടര്‍ എന്നീ നിലകളിലുള്ള പ്രവര്‍ത്തനങ്ങള്‍...മത്തായി മാഞ്ഞൂരാനെപ്പോലെയുള്ള പ്രമുഖരുമായുള്ള അടുപ്പം...എല്ലാ രംഗത്തും സജീവമായിരുന്ന അദ്ദേഹം വിചാരിച്ചാല്‍ ബഹദൂറിനുമുന്നില്‍ തന്റെ ആഗ്രഹങ്ങള്‍ എത്തിക്കാനാവുമെന്ന് കമല്‍ കരുതി. മാത്രമല്ല , കമലിനോട് യൂസഫെപ്പോഴും ഒരടുപ്പവും വാത്സല്യവും പുലര്‍ത്തുകയും ചെയ്തിരുന്നു.'ത്രാസം' സിനിമയില്‍ കമലിന്റെ പങ്കാളിത്തം എന്തൊക്കെയാണെന്നും അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു.
സഹപാഠിയും അടുത്ത ബന്ധുവുമായ ബഹദൂറിന് അദ്ദേഹം കമലിനെ പരിചയപ്പെടുത്തി.
'എടാ കുഞ്ഞാലു...ഇതെന്റെ പെങ്ങടെ മകനാണ്.അവന് സിനിമയിലൊക്കെ ആഗ്രഹമുണ്ട് .മദ്രാസിലേക്ക് നീയവനെ കൊണ്ടുപോകണമെന്നാണ് പറയുന്നത്'