I am not afraid of death, I just don't want to be there when it happens
-Woody Allen (American Director) മരണത്തിനു ഗന്ധമുണ്ടോ? ചന്ദനത്തിരി കത്തുന്ന ഗന്ധം പലപ്പോഴും കമലിന്റെ ഓര്‍മ്മപ്പച്ചകളില്‍ വാരിനിറക്കാറുള്ളത് മരണത്തിന്റെ വിരല്‍ച്ചുറ്റുകളുള്ള ഹിതകരമല്ലാത്ത അനുഭവങ്ങളാണ്.പള്ളിപ്പറമ്പിലെ കബറുകളും മീസാന്‍കല്ലുകളും കണ്ടുണര്‍ന്നിരുന്ന ബാല്യം മുതല്‍ മരണവും അതിന്റെ പരുക്കന്‍ ചിഹ്നങ്ങളും പിന്‍തുടര്‍ന്നുകൊണ്ടേയിരുന്നു.തറവാട്ടിനുമുകളിലെ മച്ചില്‍ പഠിക്കാനിരുന്ന സായാഹ്നങ്ങളില്‍ നിലാവുവീണ മീസാന്‍ കല്ലുകളില്‍ മരണം തിളങ്ങി.ആഴ്ചയില്‍ ഒന്നും രണ്ടും മരണങ്ങളുണ്ടാവും.മയ്യത്തുകള്‍ കബറിലെത്തിക്കുന്ന ശോകമൂകമായ കാഴ്ച.പിന്നെ മലക്കുകള്‍ മയ്യത്തിനരികിലെത്തി പുണ്യപാപങ്ങളുടെ കണക്കെടുപ്പുനടത്തുന്നതിനെക്കുറിച്ചുള്ള മിത്തും ഫാന്റസിയും നിറം പകര്‍ന്ന വിശ്വാസങ്ങള്‍.
മറപ്പുരകെട്ടി മയ്യത്തുകുളിപ്പിച്ച് വീടുകളുടെ ഉമ്മറത്തുവച്ച് ചന്ദനത്തിരി കത്തിക്കുകയാണ് പതിവ്.കബറടക്കം കഴിഞ്ഞും ചന്ദനത്തിരി കത്തിക്കുന്ന പ്രവൃത്തി നാല്‍പ്പതുദിവസം തുടരും. പള്ളികളിലും ഇപ്രകാരം ചന്ദനത്തിരി കൊളുത്തിവക്കുന്നുണ്ടാവും. മരണത്തിന്റെ അദൃശ്യസ്പര്‍ശം അന്തരീക്ഷത്തിലെ ഗന്ധസാന്നിധ്യമായി സമരസപ്പെടുകയാണവിടെ. ആ ഗന്ധം ചന്ദനത്തിരിയുടേതുമാണ്.ഒരു സൈക്കോളജിക്കല്‍ സമസ്യയായി അതവശേഷിക്കുന്നതിന് തെളിവാണ് ചന്ദനത്തിരിയുടെ, മരണത്തിന്റെ , ഗന്ധമേറ്റാല്‍ ഇന്നും കമലിനെ തലവേദന പിടികൂടുന്നത്.മാതാപിതാക്കളുടേതടക്കം നിരവധി മരണങ്ങള്‍ക്ക് കമല്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട.്
എന്നാല്‍ അക്കൂട്ടത്തില്‍ ഭീതിദമാം വിധം മരണത്തെ അനുഭവിപ്പിച്ചത് യൂസഫ് എളേപ്പയായിരുന്നു.
ലഹരി പുരണ്ട ഗ്രാമഫോണ്‍ സംഗീതം
മദ്യവും സംഗീതവും ഒരുപോലെ ലഹരിയായിരുന്നു യൂസഫ് എളേപ്പക്ക്.സ്വത്തും സമ്പാദ്യങ്ങളുമെല്ലാം വിറ്റുകുടിച്ച് ജീവിതം ആഘോഷമാക്കുകയായിരുന്നു അദ്ദേഹം.ലഹരിയുടെ ആഘോഷക്കൂട്ടായ്മയില്‍ അദ്ദേഹത്തിനൊപ്പം വലിയൊരു സുഹൃദ്‌വലയം എപ്പോഴുമുണ്ടായിരുന്നു.അതില്‍ മതിലകത്തെ റൗഡിമാര്‍ പോലും പങ്കാളികളായി.ഇവര്‍ക്കൊക്കെ വേണ്ട മദ്യം വാങ്ങിക്കൊടുക്കുകയോ അതിനുള്ള പണം നല്‍കുകയോ ആണ് അദ്ദേഹം ചെയ്തത്്..സ്വന്തം അമ്പാസിഡര്‍കാറില്‍ ഒരഞ്ചാറുപേരെ കൂട്ടിയായിരിക്കും തൃശൂരിലെ പതിവുബാറിലേക്ക് സ്ഥിരമായി പോകുക.ഭാര്യക്കൊപ്പം മറ്റൊരു വീട്ടിലായിരുന്നു താമസമെങ്കിലും മദ്യപിച്ചാല്‍ പിന്നെ നിശ്ശബ്ദനായി വന്ന്് കമലിന്റെ വീടിന്റെ തട്ടിന്‍പുറത്തെ ഗ്രാമഫോണ്‍ സംഗീതത്തില്‍ മുഴുകുന്നതാണ് പതിവ്.ഗസലിന്റെയും മെലഡിയുടെയും ചേരുവ ലഹരിയുടെ വീര്യമേറ്റും.പഴയ ഹിന്ദി ഗാനങ്ങള്‍,മലയാളത്തിലെ നിത്യഹരിതഗാനങ്ങള്‍,യേശുദാസിന്റെ ഗാനങ്ങള്‍ ... അങ്ങനെ അദ്ദേഹം കൊണ്ടുവന്ന ഗ്രാമഫോണ്‍റിക്കോര്‍ഡുകള്‍ പാട്ടിനോടുള്ള കമലിന്റെ ആഭിമുഖ്യത്തിനു വിത്തുപാകി. തന്റെ വ്യതിത്വരൂപീകരണത്തില്‍ അതിവിദൂരമല്ലാത്തൊരു സാന്നിധ്യം യൂസഫ് എളേപ്പക്കുനല്‍കാന്‍ കമലിഷ്ടപ്പെടുന്നതും സംഗീതമടക്കമുള്ള കാര്യങ്ങളില്‍ അദ്ദേഹം ചെലുത്തിയ നിശ്ശബ്ദസ്വാധീനം കൊണ്ടായിരുന്നു.ഏതാണ്ടതേകാലത്താണ് അബ്ദുള്‍മജീദ് വീട്ടില്‍ റേഡിയോ വാങ്ങുന്നതും.ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കാനായി കമലിന്റെ കാത്തിരിപ്പു തുടങ്ങുന്നതും.
.
മിക്ക ദിവസവും മദ്യപിച്ചെത്തുന്നതില്‍ പ്രതിഷേധമറിയിച്ച് അബ്ദുള്‍മജീദ് ഇടക്കിടക്ക് അനുജന്‍ യൂസഫിനോടു വഴക്കിടുമായിരുന്നു.അതു കണക്കിലെടുക്കാതെ എളേപ്പ വീണ്ടും വരികയും തട്ടിന്‍പുറത്തുകിടന്ന് ഗസല്‍സംഗീതം കേള്‍ക്കുകയും ചെയ്തു.ഞായറാഴ്ചകളില്‍ മിക്കപ്പോഴും പകല്‍സമയത്തുതന്നെ അദ്ദേഹമെത്തി.ഉച്ചഭക്ഷണം കഴിക്കാനുള്ള കമലിന്റെ ഉമ്മയുടെ ക്ഷണം നിരസിച്ച് അവിടെയങ്ങനെ കിടക്കും.പിന്നീടെപ്പോഴെങ്കിലും ആരോടുമൊന്നും പറയാതെ എഴുനേറ്റുപോകുകയും ചെയ്യും.അപ്പോഴും അവശേഷിക്കുന്ന ഹാങ്ങ്ഓവര്‍ പോലെ ഗ്രാമഫോണ്‍ പാടിക്കൊണ്ടിരിക്കുന്നുണ്ടാവും.കമലായിരുന്നു അപ്പോഴെല്ലാം അതു നിര്‍ത്തിവച്ചത്.അങ്ങനെയങ്ങനെ ഒട്ടേറെ പ്രത്യേകതകളുള്ള കഥാപാത്രമായിരുന്നു യൂസഫ് എളേപ്പ.. അദ്ദേഹത്തിന് മക്കള്‍ ഉണ്ടായിരുന്നില്ല.അതുകൊണ്ടുതന്നെ കമലടക്കമുള്ള കുട്ടികളോട് പ്രത്യേകമമതയും വാത്സല്യവും പ്രകടിപ്പിച്ചിരുന്നു..അതേ സമയം ലഹരിയുടെയും കുസൃതിയുടെയും അതിര്‍വരമ്പൊന്നു തെറ്റുമ്പോള്‍ സാഡിസത്തിന്റെ നേര്‍ത്തൊരു നിഴലും തെളിഞ്ഞുമറഞ്ഞിരുന്നു.അത്തരം സന്ദര്‍ഭങ്ങളില്‍ കത്തുന്ന സിഗര്‍ട്ടുകൊണ്ട്് കുട്ടികളെ കുത്തിരസിക്കുന്നതില്‍ അദ്ദേഹം കൗതുകം കണ്ടെത്തി.കുട്ടികള്‍ കരയാന്‍ തുടങ്ങുമ്പൊഴേക്കും പോക്കറ്റില്‍ നിന്നദ്ദേഹം ഒരു കുത്തു മിഠായി വാരിയെടുത്തുകൊടുക്കും.അതായിരുന്നു യൂസഫ് എളേപ്പ..
ഏഴാംതരത്തിലേക്കു കമല്‍ പ്രവേശനം നേടിയ സമയത്താണ് അദ്ദേഹം മരിച്ചത്.മുപ്പത്തിമൂന്നാംവയസ്സില്‍ ലിവര്‍സിറോസിസ് വന്നുള്ള മരണം.