നിര്‍മ്മാതാവ് എം.രഞ്ജിത്ത് സംവിധായകനാകുന്നു

പി.എസ്.രാകേഷ്‌

 

posted on:

21 Jun 2012

22 വര്‍ഷത്തെ സിനിമാജീവിതം സമ്മാനിച്ച അനുഭവങ്ങളുടെ കരുത്തില്‍ സംവിധാനരംഗത്തേക്ക് കടക്കുകയാണ് നിര്‍മാതാവ് എം.രഞ്ജിത്ത്. 'ബ്ലാക്ക് ബട്ടര്‍ഫ്ലൈസ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥാരചന പൂര്‍ത്തിയായി. സാങ്കേതികപ്രവര്‍ത്തകരെയും നിശ്ചയിച്ചു. സെപ്തംബറില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന്റെ താരനിര്‍ണയത്തിന്റെ തിരക്കിലാണിപ്പോള്‍ സംവിധായകന്‍. പുതിയ സിനിമയെക്കുറിച്ചും സംവിധായകനാന്‍ തീരുമാനിച്ച സാഹചര്യങ്ങളെക്കുറിച്ചും രഞ്ജിത്ത് സംസാരിക്കുന്നു.

രാജുച്ചേട്ടന്‍ പകര്‍ന്ന ധൈര്യം

1990ല്‍ 'മുഖചിത്രം' നിര്‍മിച്ചുകൊണ്ടാണ് സിനിമാരംഗത്തേക്ക് വന്നത്. പിന്നീട് മുഖമുദ്ര, പൊന്നാരന്തോട്ടത്തെ രാജാവ് എന്നീ ചിത്രങ്ങള്‍ കൂടി നിര്‍മിച്ചു. വലിയ നഷ്ടം സംഭവിച്ചതോടെ നിര്‍മാണം ഉപേക്ഷിച്ച് മറ്റു സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ജോലി ചെയ്തു. കുറേക്കാലത്തിനുശേഷം സീരിയലുകളിലൂടെയാണ് നിര്‍മാണരംഗത്തേക്ക് തിരിച്ചെത്തുന്നത്. നിര്‍മിച്ച സീരിയലുകളെല്ലാം ലാഭം െകാണ്ടുവന്നതോടെ ഒരുവട്ടം കൂടി സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാമെന്നായി.

'ചിന്താമണി കൊലക്കേസ്' ആയിരുന്നു രണ്ടാംവരവില്‍ നിര്‍മിച്ച ആദ്യസിനിമ. ആ പടം വന്‍ഹിറ്റായി. റെഡ് ചില്ലീസ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങള്‍ കൂടി നിര്‍മിച്ചു. അപ്പോഴൊന്നും സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന മോഹം ഉണ്ടായിരുന്നില്ല. 'ബ്ലാക്ക് ബട്ടര്‍ഫ്ലൈസി'ന്റെ കഥ മുമ്പേ കേട്ടിട്ടുണ്ട്.

അതു സിനിമയാക്കാന്‍ പറ്റിയ സംവിധായകരെത്തേടി നടക്കുമ്പോഴാണ് ഒരുദിവസം മണിയന്‍പിള്ള രാജുച്ചേട്ടനോട് ഈ കഥ പറയുന്നത്. കഥ കേട്ട ശേഷം ഈ സിനിമ രഞ്ജിത്തിന് തന്നെ സംവിധാനം ചെയ്തുകൂടേ എന്ന് അദ്ദേഹം ചോദിച്ചു. ശരിയാകില്ലെന്നു പറഞ്ഞെങ്കിലും രാജുച്ചേട്ടന്‍ വിട്ടില്ല. 'ധൈര്യമായി ഈ പടം ചെയ്യൂ, ഞാനിത് നിര്‍മിക്കാം' എന്ന് അദ്ദേഹം വാക്കുതന്നപ്പോള്‍ രണ്ടും കല്‍പിച്ച് സമ്മതിച്ചു.

വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു എന്ന വലിയ മനുഷ്യന്‍ പകര്‍ന്ന ആത്മവിശ്വാസമാണ് എന്നെ സംവിധായകനാക്കുന്നത്. ഇതിനുമുമ്പ് സീരിയലുകളിലെ എപ്പിസോഡുകള്‍ ചെയ്ത മുന്‍പരിചയമേ സംവിധാനരംഗത്തുള്ളൂ. ചില സ്‌റ്റേജ് ഷോകളും ഒരുക്കിയിട്ടുണ്ട്. സിനിമ ചെയ്തുകൂടേ എന്നു പല കൂട്ടുകാരും മുമ്പ് ചോദിച്ചിരുന്നു. അന്നത് തമാശയായേ എടുത്തുള്ളൂ. ഇപ്പോഴാണ് സംവിധാനത്തിനുള്ള നിയോഗം ഒത്തുവന്നതെന്ന് തോന്നുന്നു.


ബട്ടര്‍ഫ്ലൈസിന്റെ ചന്തം

മലയാളസിനിമയില്‍ സംഭിച്ചുകൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ക്ക് ചുവടുപിടിച്ചുകൊണ്ടുള്ള പ്രേമകഥയാണ് സിനിമ പറയുന്നത്. രണ്ടു ജോഡികളുടെ പ്രണയാനുഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആധുനിക കാലത്തിന്റെ സംഭാവനകളായ ഇന്റര്‍നെറ്റും മൊബൈലും ചാറ്റിങുമൊക്കെ ഉപയോഗപ്പെടുത്തി പ്രേമം ആഘോഷിക്കുന്ന പയ്യനും പെണ്‍കുട്ടിയും. ഇതൊന്നുമില്ലാതെ കണ്ണുകള്‍ കൊണ്ടുമാത്രം പ്രണയം കൈമാറുന്ന നാട്ടിന്‍പുറത്തുകാരായ മറ്റൊരു കാമുകനും കാമുകിയും.

പ്രത്യേക സന്ദര്‍ഭത്തില്‍ ഇവര്‍ ഒരുമിച്ച് കണ്ടുമുട്ടുന്നിടത്താണ് സിനിമയുടെ കഥ വികസിക്കുന്നത്. തികച്ചും വ്യത്യസ്തമായ കഥയും കഥപറച്ചില്‍ രീതിയുമാണ് 'ബ്ലാക്ക് ബട്ടര്‍ഫ്ലൈസി'ന്റെ ചന്തം കൂട്ടുക. എന്താണ് 'ബഌക്ക് ബട്ടര്‍ഫ്ലൈസ്' എന്നു പേരിടാന്‍ കാരണമെന്ന് പലരും ചോദിച്ചു. വെറും വ്യത്യസ്തതയ്ക്ക് വേണ്ടിയല്ല ഇങ്ങനെയിട്ടത്. ചിത്രത്തിന്റെ ക്ലൈമാക്‌സുമായി ചെറിയൊരു ബന്ധം ഈ പേരിനുണ്ട്.
 1 2 NEXT