സരോജ്കുമാറിന് സംഭവിച്ചതെന്ത്?
പി.എസ്. രാകേഷ്
28 Jan 2012
മലയാളസിനിമയില്‍ വിവാദങ്ങളുടെ പുതിയ പോര്‍മുഖം തുറക്കുകയാണ് പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ എന്ന ചിത്രം. ശ്രീനിവാസനെ നായകനാക്കി സജിന്‍രാഘവന്‍ എന്ന പുതുമുഖസംവിധായകന്‍ ഒരുക്കിയ ഈ സിനിമ അതിലെ രൂക്ഷമേറിയ പരിഹാസശരങ്ങള്‍ കൊണ്ടാണ് വാര്‍ത്തകളിലിടം നേടിയത്. മോഹന്‍ലാലിനെ വ്യക്തിപരമായി ആക്ഷേപിക്കാനായി ശ്രീനിവാസന്‍ കരുതിക്കൂട്ടി ഒരുക്കൂട്ടിയ തിരക്കഥയാണ് സരോജ് കുമാറിന്റേത് എന്നതാണ് പ്രധാന ആരോപണം. സിനിമ തനിക്ക് വന്‍ബാധ്യത വരുത്തിവെച്ചുവെന്ന പരാതിയുമായി നിര്‍മാതാവ് വൈശാഖ് രാജനും രംഗത്തുവന്നുകഴിഞ്ഞു. നഷ്ടത്തിനു കാരണക്കാരായ സംവിധായകന്റെയും കാമറാമാന്‍ എസ്. കുമാറിന്റെയും പേരുകള്‍ സിനിമയുടെ പോസ്റ്ററുകളില്‍ നിന്ന് ഒഴിവാക്കുമെന്ന് നിര്‍മാതാവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സരോജ് കുമാര്‍ എന്ന സിനിമയ്ക്ക് സംഭവിച്ചതെന്താണെന്ന് തുറന്നുപറയുന്നു സംവിധായകന്‍ സജിന്‍ രാഘവന്‍. സജിനുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്
സിനിമയിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?
- ആദ്യസിനിമ ചെയ്യുന്നത് 2012ലാണെങ്കിലും ഇരുപതുവര്‍ഷമായി ഞാനീ രംഗത്തുണ്ട്. തൃപ്പുണിത്തറ ആര്‍.എല്‍.വി. കോളേജില്‍ നിന്ന് ചിത്രരചനാപഠനം പൂര്‍ത്തിയാക്കിയശേഷം പരസ്യമേഖലയിലായിരുന്നു ആദ്യം ജോലിചെയ്തത്. സംവിധായകന്‍ ജോസ് തോമസ് വഴി സിബിമലയിലിനെ പരിചയപ്പെടാന്‍ സാധിച്ചു. 91ല്‍ 'ഭരത'ത്തിനുവേണ്ടി ചില പോസ്റ്ററുകള്‍ രൂപകല്പന ചെയ്തുകൊണ്ട് സിനിമയിലേക്ക് കടന്നു. പിന്നീട് കുറേ സിനിമകളില്‍ കോസ്റ്റിയൂം ഡിസൈനറായും കലാസംവിധായകനുമായി. സ്വന്തമായി കോസ്റ്റിയൂം ചെയ്ത 'കാലാപാനി' 95ലെ സംസ്ഥാന അവാര്‍ഡ് നേടിത്തന്നു. മണിരത്‌നത്തിന്റെ ഇരുവര്‍ എന്ന സിനിമയിലെ ഫസ്റ്റ് ഷെഡ്യൂള്‍ കോസ്റ്റിയൂം ഡിസൈനറായിരുന്നു. അപ്പോഴേക്കും സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിത്തുടങ്ങി. കാര്യങ്ങള്‍ പഠിക്കാനായി സന്തോഷ് ശിവന്റെയും സംഗീത് ശിവന്റെയും അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. പ്രിയദര്‍ശന്റെ മേഘം, സിബി മലയിലിന്റെ പ്രണയവര്‍ണങ്ങള്‍ എന്നീ ചിത്രങ്ങളില്‍ സംവിധാനസഹായിയായി. ഷാജി കൈലാസിന്റെ ആറാം തമ്പുരാന്‍, നരസിംഹം, ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങളുടെ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായി പ്രവര്‍ത്തിച്ചു. സന്തോഷ് ശിവന്റെ മല്ലി, ഹലോ, ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ 'കഥ പറയുമ്പോള്‍' എന്നീ സിനിമകളുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യുസറുമായി. സ്വയംവരപ്പന്തല്‍, ഇംഗ്ലീഷ് മീഡിയം എന്നീ ചിത്രങ്ങളില്‍ കലാസംവിധായകനുമായി.
എങ്ങനെയാണ് പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ എന്ന സിനിമയുടെ ആശയത്തിലേക്കെത്തുന്നത്?
- സ്വന്തമായി സിനിമ എന്ന മോഹം തോന്നിയപ്പോള്‍ തന്നെ ആദ്യം മനസില്‍ തെളിഞ്ഞത് ശ്രീനിവാസന്റെ രൂപമാണ്. കാലാപാനിയുടെ സെറ്റില്‍ വെച്ചുതന്നെ ശ്രീനിയേട്ടനുമായി പരിചയമുണ്ടായിരുന്നു. ആദ്യം ചെയ്യുന്ന സിനിമയ്ക്ക് അദ്ദേഹത്തിന്റെ തിരക്കഥ കിട്ടണമെന്നതായിരുന്നു ആഗ്രഹം. ഞാന്‍ പറഞ്ഞൊരു കഥയ്ക്ക് ശ്രീനിയേട്ടന്‍ തിരക്കഥയൊരുക്കാം എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. അതു നടന്നില്ല. പിന്നീട് പല കഥകളും ചര്‍ച്ച ചെയ്‌തെങ്കിലും ഒന്നും ശരിയായി വന്നില്ല. അപ്പോഴാണ് 'ഉദയനാണ് താര'ത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് അദ്ദേഹം പറയുന്നത്. കേട്ടപ്പോള്‍ എനിക്കും നല്ലതായി തോന്നി. അങ്ങനെ ഈ പ്രൊജക്ടിന്റെ പിറവിയായി.
സംവിധായകന്‍ എന്ന നിലയ്ക്ക് സരോജ് കുമാറിലേക്ക് ആകര്‍ഷിച്ച ഘടകമെന്തായിരുന്നു?
- തെങ്ങുമൂട് രാജപ്പന്‍ എന്ന സരോജ്കുമാറിന് മാനസാന്തരം വരുന്നിടത്താണ് 'ഉദയനാണ് താരം' അവസാനിക്കുന്നത്. എന്നാല്‍ അങ്ങനെ പെട്ടെന്ന് സ്വഭാവം നന്നാകുന്ന പ്രകൃതമല്ല സരോജ് കുമാറിന്റേത് എന്ന് എല്ലാവര്‍ക്കുമറിയാം. വര്‍ഷങ്ങള്‍ കഴിയുന്നതോടെ മെഗാസ്റ്റാറായി അയാള്‍ മലയാളസിനിമ അടക്കിവാഴുന്നു. ഒരുനാള്‍ ഷൂട്ടിങ് സെറ്റിലെത്തിയ സരോജ് കുമാര്‍ ഒരു ചെറുപ്പക്കാരനെ കാണുമ്പോള്‍ ആകെ അസ്വസ്ഥനാകുകയാണ്. തന്റെ ഇമേജിനും സ്റ്റാറ്റസിനും പറ്റിയവരല്ലെന്ന് കരുതി പണ്ടെങ്ങോ ഉപേക്ഷിച്ച ഭാര്യയില്‍ തനിക്കുണ്ടായ മകനാണ് ഈ ചെറുപ്പക്കാരനെന്ന് സരോജ് കുമാര്‍ പിന്നീട് മനസിലാകുന്നു. ഇതായിരുന്നു ശ്രീനിയേട്ടന്‍ പറഞ്ഞ വണ്‍ലൈന്‍. സുന്ദരിയായ സിനിമാനടിയെയും വിവാഹംകഴിച്ച് സുഖമായി ജീവിക്കുന്ന സരോജ്കുമാറിന്റെ ജീവിതത്തിലേക്ക് പൊടുന്നനെ ആദ്യഭാര്യയിലെ മകന്‍ വരുമ്പോഴുണ്ടാകുന്ന സംഘര്‍ഷങ്ങളിലൂടെയാണ് സിനിമ പോകുന്നത്. ഇതാണെന്നെ ആകര്‍ഷിച്ച കാര്യം
പക്ഷേ, സിനിമയില്‍ ഈ ഭാഗങ്ങളൊന്നുമില്ലല്ലോ?
- വണ്‍ലൈന്‍ തിരക്കഥയിലേക്ക് മാറ്റുന്നതിനിടയ്ക്ക് പലതും ഒഴിവാക്കേണ്ടിവന്നു. പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സിനിമയുടെ വ്യാപാരവിജയത്തിനു വേണ്ടിയുളള വിട്ടുവീഴ്ചകളായിരുന്നു അതെല്ലാം. അതില്‍ തിരക്കഥാകൃത്തിനു മാത്രമല്ല സംവിധായകനായ എനിക്കും ഉത്തരവാദിത്തമുണ്ട്. അതില്‍ നിന്ന് ഞാന്‍ ഒളിച്ചോടുന്നില്ല.
പൂര്‍ണമായും നടന്‍ മോഹന്‍ലാലിനെ ആക്ഷേപിക്കുന്ന തരത്തിലായി എന്നതാണ് സിനിമയെക്കുറിച്ചുള്ള പ്രധാന ആരോപണം. ചിത്രീകരണവേളയില്‍ ഇക്കാര്യം തിരക്കഥാകൃത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നോ?
- മലയാളസിനിമയിലെ പൊങ്ങച്ചത്തരങ്ങളെ വിമര്‍ശിക്കുന്ന തരത്തിലുള്ള സറ്റയര്‍ ആകണം സിനിമ എന്നതായിരുന്നു എന്റെ സങ്കല്‍പം.