കൊച്ചിക്കു പറയാനുള്ളത്; ഡാനിക്കും

മനോജ് ഭാരതി

 

posted on:

25 Feb 2011

മമ്മൂട്ടി:ഭാഷയും ദേശവും- 6ഇത് ഡാനി. മുഴുവന്‍ പേര് ഡാനിയല്‍ തോംസണ്‍.1930 മാര്‍ച്ച് 12ന് ഗുജറാത്തില്‍ മഹാത്മാഗാന്ധി ഉപ്പുകുറുക്കുവാന്‍ ദണ്ഡിയാത്ര ആരംഭിച്ച ദിവസം കേരളത്തില്‍ ഒരു കടലോരഗ്രാമത്തില്‍ ഡാനി ജനിച്ചു.ആശുപത്രിയിലായിരുന്നു ജനനം.1932 മെയ് 21;ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ച വര്‍ഷം.ഡാനിയുടെ അമ്മ അര്‍ബുദം മൂലം മരിച്ചു.1934 സെപ് 13;തൃത്താലയില്‍ എം ആര്‍ ബി, ഉമാദേവി അന്തര്‍ജ്ജനത്തെ വേളി കഴിച്ചുകൊണ്ട് നമ്പൂതിരിസമുദായത്തിലെ ആദ്യത്തെ വിധവാവിവാഹം നടത്തിയ ദിവസം ഡാനിയുടെ അപ്പന്‍ തലയില്‍ തേങ്ങ വീണു മരിച്ചു. 1947 ജൂലായ് 25ന് തിരുവനന്തപുരത്ത് ദിവാന്‍ സര്‍ സി പി യെ കെ സി എസ് മണി വെട്ടിയ ദിവസം ഡാനിയുടെ ചേട്ടന്‍ സന്ധിയാവ് കടലില്‍ മുങ്ങിച്ചത്തു. 1956 നവംബര്‍ 1 കേരളം പിറന്നപ്പോള്‍ ഡാനിയുടെ വീട് കത്തിനശിച്ചതിനെത്തുടര്‍ന്ന് അയാളുടെ ചേച്ചി ലിസമ്മ വെന്തു മരിച്ചു. ഒരു പാടു മരണങ്ങള്‍ക്കിടയിലൂടെ വളര്‍ന്നു വന്ന ഡാനി അങ്ങനെയൊരു ചരമഗായകനായി - ഡാനി എന്ന സിനിമയുടെ ടൈറ്റിലുകള്‍ക്കൊപ്പം പശ്ചാത്തലത്തിലുയരുന്ന വിവരണമാണ് ഇത്.

ചുരുങ്ങിയ വാക്കുകളിലൂടെ കേരള ചരിത്രം പറഞ്ഞുപോകുമ്പോള്‍ ഡാനിയെന്ന പ്രതീകകഥാപാത്രത്തിനു ചുറ്റും വിപുലപ്പെട്ടിരുന്ന ഭൗതികസാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് കാലത്തിന് മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുകയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ ടി വി ചന്ദ്രന്‍.വികാരങ്ങള്‍ വിഴുങ്ങിജീവിച്ച് കേരളചരിത്രത്തിന് സാക്ഷിയാകേണ്ടി വന്ന ഡാനിയിലൂടെ മമ്മൂട്ടി ചൂണ്ടുപലകയായത് സ്വാതന്ത്ര്യത്തിന്റെ പൂര്‍വ്വാനന്തരകാലങ്ങളിലെ സാമൂഹികവും സാമ്പത്തികവും മതപരവും രാഷ്ട്രീയവുമായ പ്രാദേശിക സംഭവഗതികള്‍ക്ക് മാത്രമല്ല ആപേക്ഷികമായി മലയാളഭാഷക്ക് വിധേയമാകേണ്ടിവന്ന കൊണ്ടുകൊടുക്കലുകള്‍ക്കുകൂടിയായിരുന്നു.

'ലാറ്റിന്‍ കത്തോലിക്കര്‍ക്കിടയിലെ സംഭാഷണഭാഷയാണ് ഡാനിയിലേത്.അവര്‍ക്കിടയിലുള്ള എറണാകുളം ഭാഷ...കടപ്പുറവുമായി ബന്ധമുള്ളവരാണ് മിക്കവരും. ആദ്യം തന്നെ സിനിമയില്‍ ഞാനതു പറഞ്ഞിട്ടുണ്ട്.' ടി വി ചന്ദ്രന്‍ പറയുന്നു.

ഹിന്ദു,ക്രിസ്ത്യന്‍,മുസ്ലിം,ബുദ്ധ-ജൈനമതക്കാര്‍,സിക്കുകാര്‍,ജൂതന്‍മാര്‍ എന്നു തുടങ്ങി പ്രദേശവാസികളായ വിവിധവിഭാഗത്തില്‍പ്പെട്ട ചെറുസമൂഹങ്ങളുടെ ബോധപൂര്‍വ്വമോ അബോധമോ ആയ ഇടപെടലുകളുടെ ഫലമാണ് കൊച്ചിഭാഷ.മലയാളം,കൊങ്കണി,തമിഴ്,കുടുംബി,ഇംഗ്ലീഷ്,ഗുജറാത്തി എന്നിങ്ങനെ മാതൃഭാഷ സംസാരിക്കുന്ന ചെറുതും വലുതുമായ കൂട്ടായ്മകളാണ് ഈ സമൂഹങ്ങളെല്ലാംതന്നെ.സംസ്ഥാനത്ത് കൃസ്ത്യന്‍ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ലയാണ് എറണാകുളം.ജനസംഖ്യയുടെ അഞ്ചിലൊന്നോളം അതു വരും. ഇവര്‍ക്കിടയില്‍ സാക്ഷരതാശതമാനം പോലും മറ്റു വിഭാഗക്കാരെ അപേക്ഷിച്ച് കൂടുതലാണ്;ഏതാണ്ട് 94% .എറണാകുളത്തിന്റെ നഗരഭാഗങ്ങള്‍,മനുഷ്യനിര്‍മ്മിതമായ വെല്ലിംഗ്ടണ്‍ ഐലന്റ്,മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി,ലോകത്തു തന്നെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നായി കരുതപ്പെടുന്ന വൈപ്പിന്‍ ദ്വീപ സമൂഹം, ബോള്‍ഗാട്ടിപാലസ് എന്നിവയെല്ലാം ഈ ജില്ലയില്‍ ഉള്‍പ്പെടുന്നു.ചരിത്രപ്രാധാന്യമുള്ള അധിനിവേശങ്ങളും തൊഴിലടക്കമുള്ള ജീവിതസാഹചര്യങ്ങളും സാമുദായികാംശങ്ങളും ചേര്‍ന്ന് രൂപം കൊടുത്ത,മേല്‍പ്പറഞ്ഞ വിവിധ വിഭാഗങ്ങളുടെ സമ്മിശ്രസ്വാധീനമുള്ള പ്രാദേശികഭാഷാഭേദമാണ് കൊച്ചിയുടേത്. പ്രബലസമുദായമെന്ന നിലയില്‍ ലത്തീന്‍ കത്തോലിക്ക സമുദായക്കാര്‍ക്കിടയില്‍, പ്രത്യേകിച്ചും കടലോരമേഖലയില്‍, ഏറിയും കുറഞ്ഞും പ്രചാരത്തിലിരിക്കുന്ന ഭാഷയാണ് ഡാനി പറയുന്നത്.കൊച്ചി തട്ടകമായ മമ്മൂട്ടിയുടെ ഡാനിയും എടവനക്കാടുകാരന്‍ സിദ്ദിഖ് അവതരിപ്പിച്ച ഫ്രഡിയും തമ്മിലുള്ള സംഭാഷണസന്ദര്‍ഭങ്ങളിലൊന്ന് ഇങ്ങനെയാണ്.

ഫ്രഡി : നെനക്കീ ജമ്മത്തില് കിട്ടാവുന്നതിവച്ച് ഏറ്റവുംവല്യ ചാന്‍സാണ്.

ഡാനി : അങ്ങനെയാണാ നീ പറേണത്.

ഫ്രഡി : പിന്നല്ലാണ്ട്.എടാ ഈ ചൗരോന്‍ മൊതലാളീടെ മുഴുവന്‍ സൊത്തിനും അവകാശിയായ ഒരൊറ്റ മകളാ മാര്‍ഗരറ്റ്.അവളെക്കെട്ടുകാന്നു വച്ചാ നിസ്സാരകാര്യാണോ. നീ കോളടിച്ചൂന്നര്‍ത്ഥം.നിനക്കു സുഖമായിട്ട് ഒരല്ലലുമില്ലാതെ ജീവിക്കാം.എടാ ഒരുകോപ്പ കള്ളടിക്കാന്‍ വേണ്ടി നുമ്മ പെടുന്ന പങ്കപ്പാടു മുഴുക്കെ നിനക്കറിയാവല്ല.ഇനിയതിന്റെയൊന്നും ഒരാവശ്യോം നെനക്കുണ്ടാവില്ലെന്ന്.

ഡാനി : എന്നാലും വല്ലവന്റേം പൊറവെപോയി വയറ്റിലൊണ്ടായ പെണ്ണിനെ

ഫ്രഡി : എടാ നിന്നോടുഞാനൊരുകാര്യം ചോയിക്കട്ടെ. നീ നേരത്തെയൊരു കല്യാണം കഴിച്ചതല്ലേ.നെനക്കൊരു കൊച്ചുമൊണ്ട്. അവരിപ്പ എവിടെയാണന്നുപോലും നിനക്കറിഞ്ഞുകൂടാ. അല്ല അതു പോട്ടെ.നീ ക്ലാരേടെ കൂടെ ജീവിച്ചതുകൊണ്ടല്ലേ നെനക്കൊരു കൊച്ചൊണ്ടായത്.അതുപോലെ ഈ മാര്‍ഗരറ്റിനും കെട്ടൂന്നൊറപ്പൊള്ള ഒരാളടെ കൂടെ ജീവിച്ച് വയറ്റിലുണ്ടായി.അയാള് പെട്ടെന്ന് ചത്തും പോയി.അതിനീ മൊതലാളി എന്തുചെയ്യാനാ.

അതിശക്തമായ വികാരവ്യതിയാനങ്ങള്‍ വിങ്ങലുകളാകുമ്പോള്‍ അതേറ്റെടുക്കാനുള്ള ഉപായമാണ് ഡാനിക്ക് ഈ സിനിമയില്‍ ഭാഷ.അമിട്ടുപോലെ പൊട്ടിച്ചിതറുുന്ന ഡയലോഗുകളോ വാചകക്കസര്‍ത്തുകളോ ഡാനിക്കില്ല.വികാരത്തിനും വിചാരത്തിനുമിടയില്‍ അനിവാര്യമാകുന്ന ഉച്ചാരണമാണ് അയാള്‍ക്ക് ഭാഷ.ഈ വികാരത്തെയും വിചാരത്തെയും ഉച്ചാരണത്തെയും ഫലപ്രദമായി സംയോജിപ്പിക്കാന്‍ കഴിഞ്ഞതാണ് മമ്മൂട്ടി എന്ന നടന്റെ വിജയം.

'ഡാനി തന്നെ പറയുന്നുണ്ട് ഞാന്‍ പപ്പയല്ല;അതുകൊണ്ട് ഗ്രാന്റ് പപ്പയുമല്ലെന്ന് .ഇതൊക്കെയായി അഭിനയിക്കുകയാണ് ഡാനി.ആ ഡാനിയായി അഭിനയിക്കുകയാണ് മമ്മൂട്ടി. അങ്ങനെവേണം അതിനെ നോക്കിക്കാണാന്‍.അയാളാരോടും ഒന്നും ആര്‍ഗ്യൂ ചെയ്യുന്നില്ല.ആരെയും ജയിക്കാന്‍ ശ്രമിക്കുന്നില്ല.അംബിഷ്യസുമല്ല.സാധാരണക്കാരന്റെ ആവശ്യങ്ങളേ അയാള്‍ക്കുള്ളൂ.' ടി വി ചന്ദ്രന്‍ വിശദീകരിക്കുന്നു. 'ലാംഗേ്വജിന്റെ കാര്യത്തില്‍ ഞാന്‍ പ്രത്യേക സ്റ്റഡി നടത്തിയിട്ടില്ല.സംഭാഷണങ്ങള്‍ അത്തരത്തില്‍ മാറ്റിയെടുക്കുന്നതിന് മമ്മൂട്ടിയും സിദ്ദിഖും ഒരുപാടു സഹായിച്ചിട്ടുണ്ട്.എന്നെക്കാള്‍ നന്നായി ആ ഭാഷ കൈകാര്യം ചെയ്യുന്നവരാണവര്‍.സ്‌ക്രിപ്റ്റിനെ ആ രീതിയിലേക്ക് മാറ്റാന്‍ അവരാണ് വളരെയധികം സഹായിച്ചത്.'

ഡാനിയിലെ സംഭാഷണത്തിലെ പ്രാദേശികഭാഷാഭേദങ്ങള്‍ പടിഞ്ഞാറന്‍ കൊച്ചിയെ അധികരിച്ച് തെക്കോട്ടും വടക്കോട്ടും കുറേ ദൂരം വിപുലപ്പെട്ടിരിക്കുന്നു.ഒരു കടലോരമേഖലയും അതിന്റെ ആശ്രിതഭൂമികയുമാണ് ഇവിടം. കൊച്ചിയുടെ പടിഞ്ഞാറേ തീരത്തുള്ള പാരമ്പര്യം പുലര്‍ത്തുന്ന ലത്തീന്‍കത്തോലിക്കരുടെ ഭാഷാരീതിയാണ് ഡാനിക്ക് നിശ്ചയിച്ചിരുന്നത്.പ്രാദേശിക ഭാഷാഭേദത്തില്‍, പ്രത്യേകിച്ചും കൊച്ചി ഭാഷയില്‍, ലത്തീന്‍ സമുദായത്തിന്റെ സ്വാധീനം ചരിത്രപരമാണ്.

എ ഡി 52 ല്‍ തോമസ് പുണ്യവാളന്‍ അനുചരന്‍മാരോടൊപ്പം കേരളത്തിലെത്തിയതുമുതല്‍ ക്രിസ്തുമതം ഇവിടെ ഇതരസമുദായവുമായി ഇടപഴകിത്തുടങ്ങിയിരുന്നു.പോര്‍ട്ടുഗീസുകാരുടെ ആഗമനത്തോടെ ഉടലെടുത്ത സാമുദായിക ധ്രുവീകരണങ്ങള്‍ പിന്നീട് സഭാപരമായും അതുവഴി സംവേദനമാധ്യമത്തിലും മാറ്റങ്ങള്‍ക്ക് ഇടവരുത്തി.
 1 2 3 NEXT