ഹിറ്റ് മേക്കര്‍ വിശ്രമത്തിലാണ്‌

എസ്.ഡി. വേണുകുമാര്‍

 

posted on:

19 Oct 2013


നായകന് പ്രതിഫലം 5,000 രൂപ, നായികയ്ക്ക് 3,500, വില്ലന് 2,000, സംവിധായകന് 1,500. ഒന്നരലക്ഷം രൂപയുണ്ടെങ്കില്‍ സൂപ്പര്‍ സ്റ്റാറുകള്‍ അണി നിരക്കുന്ന സിനിമ നാലു പ്രിന്റ് സഹിതം റിലീസിന് തയ്യാര്‍. ഹിറ്റ്‌മേക്കറായിരുന്ന സംവിധായകന്‍ ശശികുമാര്‍ അറുപതുകളിലെ മലയാള സിനിമയിലേക്കൊന്നു തിരിഞ്ഞു നോക്കിയതാണ്. നസീറും ഷീലയും അഭിനയിക്കുന്ന അന്നത്തെ ബിഗ് ബജറ്റ് ചിത്രത്തിന്റെ കഥയാണിത് . സാധാരണ സിനിമയ്ക്ക് ഒരുലക്ഷം ധാരാളം. പുതിയ കാലത്തിന് ഇത് അത്ര എളുപ്പം വിശ്വസിക്കാനാവില്ല.

എന്‍.വി.ജോണ്‍ എന്ന വക്കച്ചന്‍ സിനിമയെപ്പറ്റി ഒന്നുമറിയാതെയാണ് സിനിമയിലെത്തിയത്. പിന്നെ സിനിമയുടെ എല്ലാമായി മാറിയ അദ്ദേഹത്തെ മലയാളം സംവിധായകന്‍ ശശികുമാര്‍ എന്നു വിളിച്ചു. എണ്‍പത്തിയേഴിലെത്തിയിട്ടും ഈ മനുഷ്യന് സിനിമയോടുള്ള അഭിനിവേശത്തിന് ഒട്ടും കുറവില്ല. 37 കൊല്ലം മലയാള സിനിമയുടെ നെടുംതൂണായിരുന്ന ഇദ്ദേഹം ആലപ്പുഴക്കാരനാണെന്നറിയുന്നവര്‍ ഇന്ന് ആലപ്പുഴയില്‍ തന്നെ കുറവ്.

ശശികുമാറിനതില്‍ പരിഭവമില്ല. തന്നെ അറിയുന്ന തന്റെ തലമുറയില്‍പ്പെട്ടവര്‍ പലരും 'പോയി'എന്നാണദ്ദേഹം പറയുന്നത്. കൂടെ പഠിച്ചവരില്‍ ആകെ ബന്ധപ്പെടുന്നത്് കല്ലേലി രാഘവന്‍പിള്ള മാത്രം. ഒപ്പമുള്ള പലരും മരിച്ചുവെന്നറിയുമ്പോള്‍ ദൈവവിളിക്ക് സമയമായി എന്ന് തിരിച്ചറിയുകയാണ് താനെന്നും അദ്ദേഹം പറയുന്നു.

ഒരു വര്‍ഷമായി എറണാകുളത്ത് സഹായികള്‍ക്കൊപ്പം താമസിക്കുകയാണ് ശശികുമാര്‍ . രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കിടയിലാണ് ആലപ്പുഴയിലെത്തുന്നത്. മനസ്സിലൂടെ പഴയകാലം ബ്‌ളാക് ആന്‍ഡ് വൈറ്റ് ഫ്രെയ്മുകളായി കടന്നുവന്നു.

ആലപ്പുഴ പൂന്തോപ്പിലായിരുന്നു വീട്. അപ്പന്റെ മില്ല് ആലപ്പുഴയില്‍. കുടുംബം പിന്നെ ആലപ്പുഴയ്ക്കുവന്നു. പഠനത്തിനൊപ്പം നാടകവും ഫുട്‌ബോളുമൊക്കെയുണ്ടായിരുന്നു. കോളേജ് വിദ്യാഭ്യാസത്തിനിടെ അമേച്വര്‍ നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു.
ആദ്യമായി സിനിമയിലെത്തുന്നത് ക്യാമറയ്ക്കു മുന്നിലായിരുന്നു. പിന്നെ പിന്നിലേക്കു പോയി. അതൊരു കഥയാണ്.

അതിനു പ്രേരിപ്പിച്ചതു നസീറും. വില്ലനായിട്ടായിരുന്നു അരങ്ങേറ്റം. നായകന്‍ പ്രേം നസീര്‍. ഉദയായുടെ വിശപ്പിന്റെ വിളിയായിരുന്നു സിനിമ. സിനിമ കഴിഞ്ഞതോടെ നസീറുമായി നല്ല സൗഹൃദമായി. അദ്ദേഹം പറഞ്ഞു -'നിങ്ങള്‍ക്ക് എഴുതാന്‍ നല്ല വാസനയുണ്ട്. അഭിനയിക്കാനറിയാം. ചെയ്യിക്കാനും കഴിയും. ക്യാമറയ്ക്കു പിന്നിലാണ് നിങ്ങള്‍ ശോഭിക്കുക'.

സംവിധായകനാകാനുള്ള പ്രേരണയിതായിരുന്നു. അവസാനം വരെ നസീറായിരുന്നു മാര്‍ഗ്ഗദര്‍ശി.1960-ല്‍ ഒരാള്‍ കൂടി കള്ളനായി എന്ന എസ്.എല്‍.പുരത്തിന്റെ കഥയാണ് ആദ്യം ചെയ്ത സിനിമ. പിന്നെ കുടുംബിനി. അത് '64-ല്‍. നസീര്‍ , ഷീല ജോടികളായിരുന്നു താരങ്ങള്‍. സിനിമ ഹിറ്റ്. പിന്നെ വിശ്രമം അറിഞ്ഞിട്ടില്ല.

നസീര്‍- ഷീല താര ജോടികള്‍ തന്റെ 67 സിനിമകളില്‍ അഭിനയിച്ചിരുന്നതായി മലയാള ചലച്ചിത്ര തറവാട്ടിലെ കാരണവര്‍ ഓര്‍ക്കുന്നു.
''എന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞതില്‍ കൂടുതല്‍ സമയം ഞാന്‍ നസീറിനൊപ്പം കഴിഞ്ഞിട്ടുണ്ട്. എന്റെ പല പടങ്ങളും അവസാനമായപ്പോള്‍ നസീറിനു വേണ്ടി കഥ എഴുതി ചെയ്യുകയായിരുന്നു''.

പക്വതയില്ലാത്ത കലാകാരനായിരുന്ന തന്നെ പ്രതീക്ഷിക്കാത്ത ഉയരങ്ങളിലെത്തിച്ചതു ദൈവത്തിന്റെ കരങ്ങളാണെന്ന് വിശ്വസിക്കാനാണ് ശശികുമാറിനിഷ്ടം. ദൈവ നിയോഗവും സാഹചര്യവും കൂടിയാണ് സംവിധായകനാക്കിയതെന്നും ഇദ്ദേഹം പറയും.
സിനിമാ ജീവിതത്തില്‍ വേദനിപ്പിക്കുന്ന ഓര്‍മയായി ശശികുമാറിന്റെ മനസ്സിലുള്ളത് പിക്‌നിക് എന്ന സിനിമയിലെ ഗാന ചിത്രീകരണമാണ്.

'കസ്തൂരി മണക്കുന്നല്ലോ... കാറ്റേ .. നീ വരുമ്പോള്‍ ...' എന്ന പാട്ടു കേള്‍ക്കുമ്പോള്‍ സംവിധായകന്‍ ശശികുമാറിനു ഇപ്പോഴും മനസ്സൊന്നു പിടയും. പുനലൂരിലെ ഉറുകുന്ന് മലയിലായിരുന്നു ഷൂട്ടിങ്. മലയുടെ മുകളില്‍ പാട്ടു ചിത്രീകരണത്തിന്റെ അവസാന ഷോട്ടിനു ഒരുക്കം നടക്കുന്നു. വെളിച്ച ക്കുറവുണ്ട്. ജനറേറ്റര്‍ വണ്ടിയുടെ കേബിള്‍ മല മുകളില്‍ വരെയെത്തില്ല. വണ്ടി മുകളിലേക്ക് തള്ളിക്കയറ്റാന്‍ തീരുമാനിച്ചു.

സൈമണ്‍ എന്നൊരു നാട്ടുകാരന്‍ ഉത്സാഹിയായി തുടക്കം മുതല്‍ ഒപ്പമുണ്ട്. വണ്ടി തള്ളിക്കയറ്റുന്നതിനിടെ അയ്യോ എന്നൊരു നിലവിളി കേട്ടു. നോക്കുമ്പോള്‍ വണ്ടി കാലിലൂടെ കയറി പിടയുകയാണ് സൈമണ്‍. ഉടനെ അയാളെ ആസ്പത്രിയിലാക്കിയാണ് ബാക്കി ഷൂട്ടു ചെയ്ത്. ഈ പാട്ടു കേള്‍ക്കുമ്പോള്‍ ഇപ്പോഴും തന്റെ കാതില്‍ അയ്യോ എന്ന നിലവിളിയാണ് മുഴങ്ങുകയെന്ന് പറയുന്നു ശശികുമാര്‍.
സംതൃപ്തനാണദ്ദേഹം. 150-ഓളം സിനിമകള്‍ ചെയ്തു. ജയഭാരതി, ജഗതി, വിന്‍സന്റ്, കുഞ്ചന്‍, വിജയശ്രീ, തുടങ്ങി നിരവധി പ്രതിഭകളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി.

നല്ല ആരോഗ്യവും ഓര്‍മയുമുള്ളത്ര കാലം സിനിമ ചെയ്തു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത് 'ഡോളര്‍' എന്ന ചിത്രം. ആലപ്പുഴക്കാരി കൂടിയായ പദ്മിനി അവസാനം അഭിനയിച്ച ഈ ചിത്രം പുറത്തിറങ്ങിയത് '95-ല്‍. പൂര്‍ത്തിയായ ഒരു ചിത്രം പെട്ടിയിലിരിപ്പുണ്ട്. ഉടമകള്‍ തമ്മിലുള്ള തര്‍ക്കമാണ് ഈ പടത്തിന്റെ റിലീസിനു തടസ്സമെന്നാണ് ശശികുമാര്‍ പറയുന്നത്. സോമന്‍, മുകേഷ്, ശ്രീവിദ്യ എന്നിവരൊക്കെയാണിതിലെ താരങ്ങള്‍. തീരത്തിനറിയുമോ തിരയുടെ വേദന എന്നാണ് സിനിമയുടെ പേര്.
ഇത് റിലീസ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടു വന്നാല്‍ ഏറെ സന്തോഷം.

57 വര്‍ഷത്തെ കോടമ്പാക്കം ജീവിതത്തിനവസാനം കുറിച്ച് എറണാകുളത്തു കൊണ്ടുവന്നു താമസിപ്പിച്ചത് ഇളയ മകള്‍ ഷീല റോബിനാണ്. കുവൈത്തില്‍ അധ്യാപികയാണവര്‍. മൂത്ത മകള്‍ ഡോ.ഉഷാ തോമസ് തിരുവനന്തപുരം ലയോള കോളേജ് റിട്ട.പ്രിന്‍സിപ്പല്‍. അമേരിക്കയിലായിരുന്ന മകന്‍ ഷാജി ജോണ്‍ മരിച്ചു.

കണ്ണും ചെവിയും നിര്‍ബ്ബന്ധിത വിരമിക്കല്‍ പ്രഖ്യാപിച്ചുവെന്നു പറയുന്ന ഈ കാരണവര്‍ സിനിമ കണ്ടിട്ട് 10 വര്‍ഷമായത്രേ. കണ്ണിന് ആയാസം പറ്റില്ല. വാര്‍ത്തകള്‍ മാത്രം ടി.വി.യില്‍ കാണും. വിശ്രമ ജീവിതത്തിന് കൂട്ട് പഴയ കാല ഓര്‍മകള്‍.