തമിഴ് നടനും സംവിധായകനുമായ മണിവണ്ണന്‍ അന്തരിച്ചു

posted on:

16 Jun 2013

ചെന്നൈ: പ്രമുഖ തമിഴ്‌നടനും തിരക്കഥാകൃത്തും സംവിധായകനുമായ ആര്‍. മണിവണ്ണന്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈ നെസപ്പാക്കത്തെ വസതിയില്‍ ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

സെങ്കമലമാണ് ഭാര്യ. രഘുവണ്ണന്‍, ജോതി എന്നിവര്‍ മക്കളാണ്. ശവസംസ്‌കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന് ചെന്നൈയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നെസപ്പാക്കത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ച ഭൗതികശരീരത്തില്‍ സിനിമാരംഗത്തുള്ളവരടക്കം നിരവധിപേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.

1954 ജൂലായ് 31-ന് കോയമ്പത്തൂരിനടുത്ത സുളൂരില്‍ ജനിച്ച മണിവണ്ണന്‍ പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ സംവിധാന സഹായിയായാണ് സിനിമയിലെത്തിയത്. നിഴല്‍കള്‍, അലൈകള്‍ ഓയ്‌വതില്ലൈ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി ഈ മേഖലയിലും ശ്രദ്ധിക്കപ്പെട്ടു. 1982-ല്‍ 'ഗോപുരങ്ങള്‍ സായ്‌വതില്ലൈ' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്രസംവിധായകനായത്. 50 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇളമൈ കാലങ്ങള്‍, എങ്കെയും ഒരു ഗംഗ, നൂറാവത് നാള്‍, പാലൈവന റോജാക്കള്‍, മുതല്‍ വസന്തം, ജല്ലിക്കട്ട്, ചിന്നതമ്പി പെരിയതമ്പി, അമൈദിപ്പടൈ, ആണ്ടാള്‍ അടിമൈ തുടങ്ങി മണിവണ്ണന്‍ സംവിധാനം ചെയ്ത പല ചിത്രങ്ങളും വന്‍ ഹിറ്റായിരുന്നു. 50-ാമത് ചിത്രമായ 'നാഗരാജ ചോളന്‍ എം.എ., എം.എല്‍.എ.' ഈ വര്‍ഷമാണ് റിലീസായത്. സത്യരാജായിരുന്നു നായകന്‍.

'നിഴല്‍കള്‍' എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചുകൊണ്ടാണ് നടന്‍ എന്ന നിലയില്‍ മണിവണ്ണന്‍ ആദ്യം കഴിവുതെളിയിച്ചത്. സൂപ്പര്‍താരങ്ങളായ രജനീകാന്തിന്റെയും കമലഹാസന്റെയും പല ചിത്രങ്ങളിലും ശ്രദ്ധേയവേഷങ്ങള്‍ ചെയ്തു. തമിഴ് ചിത്രങ്ങളില്‍ മാത്രമല്ല മലയാളം, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും മണിവണ്ണന്‍ അഭിനയമികവ് തെളിയിച്ചു. 400-ഓളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. സ്വഭാവനടനായും വില്ലനായും ഹാസ്യതാരമായും അദ്ദേഹം തിളങ്ങി. മലയാളത്തില്‍ മമ്മൂട്ടി നായകനായ 'ഫാന്‍റം' ഉള്‍പ്പെടെ ഏതാനും ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

വില്ലന്‍, തുള്ളാതമനവും തുള്ളും, കുരുവി, എങ്കള്‍ അണ്ണന്‍, പമ്മല്‍ കെ. സംബന്ധം, നാം ഇരുവര്‍ നമുക്ക് ഇരുവര്‍, പ്രിയമുടന്‍, മുഖം, നേര്‍ക്കുനേര്‍, ബൊമ്മലാട്ടം, നാളൈ നമതൈ, വേലായുധം, സൂറന്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമയ്‌ക്കൊപ്പം രാഷ്ട്രീയത്തിലും മണിവണ്ണന്‍ സാന്നിധ്യമറിയിച്ചു. വൈക്കോയുടെ നേതൃത്വത്തിലുള്ള എം.ഡി.എം.കെ.യില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് സംവിധായകന്‍ സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴര്‍ കക്ഷിയിലും പ്രവര്‍ത്തിച്ചു. ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം കത്തിപ്പുകഞ്ഞപ്പോള്‍ പല സമരവേദിയിലും മണിവണ്ണന്റെ സാന്നിധ്യമുണ്ടായിരുന്നു.

തമിഴ് സിനിമയിലെ ബഹുമുഖ കലാകാരന്‍


ചെന്നൈ: കഥാകൃത്ത്, സംഭാഷണ രചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍, നടന്‍.. മണിവണ്ണന്റെ കരിയര്‍ഗ്രാഫിന്റെ സൂചിക ഇതാണ്. ഇതിനൊക്കെ നിമിത്തമായിത്തീര്‍ന്നത് സംവിധായകന്‍ ഭാരതിരാജയും. കോയമ്പത്തൂര്‍ ഗവണ്‍മെന്‍റ് കോളേജില്‍ പ്രിഡിഗ്രിക്കു പഠിക്കുന്ന സമയത്ത് ഭാരതിരാജയുടെ 'കിഴക്കേ പോകും റെയില്‍.' എന്ന സിനിമ കണ്ട് അദ്ദേഹത്തിന് ദീര്‍ഘമായ ഒരു കത്തയച്ചിരുന്നു മണിവണ്ണന്‍. ആ കത്തിലെ ഉള്ളടക്കമെന്തെന്നറിയില്ല, പക്ഷെ ഭാരതിരാജ മണിവണ്ണനെ ചെന്നൈയിലേക്കു വിളിപ്പിച്ചു. സംവിധാന രംഗത്ത് മണിവണ്ണനെ അപ്രന്‍റീസായി നിര്‍ത്തുന്നു. അവിടെ തുടങ്ങുന്നു ഈ കലാകാരന്റെ വളര്‍ച്ച.

മണ്ണിന്റെ മണമുളള ചിത്രങ്ങള്‍ സംവിധാനം ചെയ്യാറുള്ള ഭാരതിരാജയോടൊപ്പം പ്രവര്‍ത്തിച്ചെങ്കിലും മണിവണ്ണന്‍ ഗുരുവിന്റെ പാതയില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ തയ്യാറായിരുന്നില്ല. ഏതു കഥയും, ഏതു രീതിയിലുള്ള ചിത്രവും സംവിധാനം ചെയ്യാന്‍ തനിക്കാവുമെന്ന് ചുരുങ്ങിയ കാലത്തിനുള്ളില്‍ അദ്ദേഹം തെളിയിച്ചു.
 1 2 NEXT 


 Other News In This Section
 1 2 3 NEXT