ഋഷിക് ഷാജ്: ഫ്രം കോളിവുഡ് ടു മോളിവുഡ്‌

posted on:

04 Apr 2013


തമിഴ് സിനിമയില്‍ സമീപകാലത്തുണ്ടായ ഗ്രാമീണ കഥാതരംഗം ക്യാമറയ്ക്കു മുന്നിലും പിന്നിലും ധാരാളം മലയാളികള്‍ക്കും അവസരം തുറന്നുകൊടുത്തിട്ടുണ്ട്. അമലാപോള്‍, ഓവിയ, ഇനിയ, മഹിമ നമ്പ്യാര്‍ എന്നിങ്ങനെ മലയാള സിനിമ വേണ്ടപരിഗണന നല്‍കാതിരുന്ന കുറെ പെണ്‍കുട്ടികള്‍ ഇപ്പോള്‍ കോളിവുഡിലൂടെ പേരും പ്രശസ്തിയും നേടിയെടുക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍, അത്രത്തോളം മാധ്യമശ്രദ്ധ നേടുന്നില്ലെങ്കിലും ചില ചെറുപ്പക്കാരുമുണ്ട്. അവര്‍ക്കിടയില്‍ പുതുതായി അണിചേര്‍ന്നിരിക്കുകയാണ് കണ്ണൂര്‍ക്കാരനായ ഋഷിക് ഷാജ്.
സത്യമൂര്‍ത്തി സംവിധാനം ചെയ്ത് റിലീസിനു തയ്യാറെടുക്കുന്ന 'ഇളയരാജ സൗണ്ട് സര്‍വീസ്' എന്ന ചിത്രത്തിലെ പ്രതിനായകവേഷം ചെയ്തുകൊണ്ടാണ് പാപ്പിനിശ്ശേരി സ്വദേശിയായ ഋഷിക് സിനിമയില്‍ അരങ്ങേറുന്നത്.

മധുര സ്വദേശിയായ സംവിധായകന്‍, തന്റെ നാട്ടില്‍നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ മെനഞ്ഞിരിക്കുന്നത്. ഇതിലെ വെളിയൂര്‍ പാണ്ടി എന്ന കരുത്തുറ്റ കഥാപാത്രമായാണ് ഋഷിക് വേഷമിട്ടിരിക്കുന്നത്.

നിരവധി സംഗീത ആല്‍ബങ്ങള്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള ഋഷികിന്റെ സിനിമാപ്രവേശം തികച്ചും യാദൃച്ഛികമായിരുന്നു. സുഹൃത്ത് അഭിനയിക്കുന്ന തമിഴ് സിനിമയുടെ സെറ്റില്‍ ചെന്നപ്പോള്‍, സംവിധായകന്‍ സത്യമൂര്‍ത്തി ഋഷികിനെ കാണുകയും ഫോട്ടോകള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. സ്റ്റണ്ട് മാസ്റ്റര്‍ സൂപ്പര്‍ സുബ്ബരായനാണ് റിഷാദ് എന്ന ശരിയായ പേര് ഋഷിക് എന്നാക്കിമാറ്റാന്‍ ഉപദേശിച്ചത്.

'ഇളയരാജ സൗണ്ട് സര്‍വീസി'നു ശേഷം, നാടകരംഗത്ത് പ്രശസ്തനായ മോഹന്‍ കടത്തനാടിന്റെ 'മഞ്ഞുപോലൊരു പ്രണയം' എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന ഋഷികിന് ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന മറ്റൊരു ചിത്രത്തിലേക്കുകൂടി ക്ഷണം ലഭിച്ചിട്ടുണ്ട്.