ആരാധകര്‍ക്കായി എല്ലാം

കെ.കെ. അജിത്കുമാര്‍

 

posted on:

24 Mar 2013


ആരാധകരെ മറന്നൊരു കളിയുമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് നടി നമിത. തെന്നിന്ത്യന്‍ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട കാലംമുതല്‍ ആരാധകരുടെ ഹൃദയമിടിപ്പ് വര്‍ധിപ്പിച്ചിട്ടുള്ള ഈ സൂറത്ത്‌സുന്ദരിക്ക് ഇപ്പോള്‍ കഷ്ടകാലമാണെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. നമിതയെ സിനിമകളില്‍ തീരേ കാണുന്നില്ലെന്നു ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അവര്‍ ഈ 'ക്രൂര'നിഗമനത്തിലെത്തിയിരിക്കുന്നത്. സിനിമകള്‍ കുറവാണെന്നതു ശരിതന്നെ. അതുകൊണ്ട് എല്ലാം കഴിഞ്ഞു എന്ന് അര്‍ഥമുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. കഴമ്പില്ലത്തവ ഒഴിവാക്കുന്നതിനാലാണ് സിനിമകളുടെ എണ്ണം കുറയുന്നതെന്നും അവര്‍ വാദിക്കുന്നു. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാന്‍ വിമര്‍ശകര്‍ തയ്യാറായിട്ടില്ല. പരസ്യചിത്രങ്ങളില്‍ നമിത അഭിനയിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകളല്ലാതെ, പുതിയ സിനിമകളെക്കുറിച്ചൊന്നും കേള്‍ക്കാനില്ലെന്നാണ് അവര്‍ പറയുന്നത്.

ഇത്തരം വിമര്‍ശങ്ങളൊന്നും താരത്തിന്റെ മനസ്സുമടുപ്പിക്കുന്നില്ല. ആരാധകരുമായി സംവദിക്കാനുള്ള ഒരവസരവും പാഴാക്കില്ലെന്ന പ്രഖ്യാപനത്തോടെ സോഷ്യല്‍ നെറ്റ്‌വര്‍കിങ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയാണ് നമിത. തന്നെ ഇഷ്ടപ്പെടുന്നവരുമായുള്ള സംവാദം പുതിയൊരുന്മേഷം നല്കുമെന്നാണ് അവര്‍ പറയുന്നത്. ആരാധകരുമായി സംവദിക്കാന്‍ എപ്പോഴും തയ്യാറാണെങ്കിലും പൊതുവേദികളില്‍ അതിന് പരിമിതികളുണ്ട്. സുരക്ഷാപ്രശ്‌നങ്ങള്‍തന്നെ പ്രധാനകാരണം. ഫേസ്ബുക്കും ട്വിറ്ററും വഴി ആരാധകരുമായി മുഴുവന്‍സമയം ഇടപഴകാന്‍ കഴിയുമെന്നാണ് നമിതയുടെ പ്രതീക്ഷ.

പുതിയതും മനോഹരവുമായ യാത്രയെന്നാണ് സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നതിനെ അവര്‍ വിശേഷിപ്പിക്കുന്നത്. ആരാധകര്‍ക്കും ഗുണകാംക്ഷികള്‍ക്കുമൊപ്പം ഓരോ നിമിഷവും പങ്കിടാന്‍ കഴിയുന്നതിന്റെ ആവേശം ചില്ലറയൊന്നുമല്ലെന്നും നമിത വ്യക്തമാക്കുന്നു. സിനിമയിലെ അവസരങ്ങളുടെ കാര്യമെന്തായാലും, ആരാധകരുടെ എണ്ണം കൂടുമെന്നകാര്യം ഉറപ്പ്.