ചെന്നൈ: വിശ്വരൂപം ചലച്ചിത്രത്തിന്റെ പ്രദര്‍ശനം വീണ്ടും തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിശ്വരൂപം സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ പുറപ്പെടുറവിച്ച വിജ്ഞാപനംസ്റ്റേ ചെയ്ത് പ്രദര്‍ശനാനുമതി നല്കിയ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് താത്കാലികമായി വീണ്ടും തടഞ്ഞത്. മുസ്ലിം സമുദായത്തിന് എതിരെയുള്ള പരാമര്‍ശം നീക്കം ചെയ്യാമെന്നും ചലച്ചിത്ര നടന് കമലഹാസന് കോടതിയില്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച മുസ്ലിം സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലും കമലഹാസന് വിശുദ്ധ ഖുറാന് എതിരായ ദൃശ്യങ്ങള്‍ മാറ്റുമെന്ന് ആവര്‍ത്തിച്ചിരുന്നു.
ആക്ടിങ് ചിഫ് ജസ്റ്റിസ് എലിപ്പ് ധര്‍മറാവു, ജസ്റ്റിസ് അരുണ ജഗദ്ദീശന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ചലച്ചിത്രത്തിന്റെ പ്രദര്‍ശനം താത്കാലികമായി തടഞ്ഞത്. മദ്രാസ് ഹൈക്കോടതി വിധിക്കെ തിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കമലഹാസന് കോടതി വിധിക്കുശേഷം പറഞ്ഞു.
പ്രദര്‍ശനത്തിന് സര്‍ക്കാര്‍ എര്‍പ്പെടുത്തിയ നിരോധനം സ്റ്റേ ചെയ്ത് പ്രദര്‍ശനാനുമതി നല്കി ചൊവ്വാഴ്ച രാത്രിയാണ് ജസ്റ്റിസ് വെങ്കിട്ടരാമന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിക്കവെയാണ് പ്രദര്‍ശനം വീണ്ടും സ്റ്റേ ചെയ്തത്. സര്‍ക്കാറിന്റെ എതിര്‍പ്പ് സംബന്ധിച്ച വാദങ്ങള്‍ എതിര് സത്യവാങ്മൂലത്തിലൂടെ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് വെങ്കിട്ടരാമന് മുമ്പാകെ തിങ്കളാഴ്ചയ്ക്ക് മുമ്പ് നല്‍കണം. ഹര്‍ജിയില്‍ ഫിബ്രവരി ആറിന് അന്തിമ വിധി പ്രഖ്യാപിക്കണമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് എലിപ്പ് ധര്‍മറാവു ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പ്രദര്‍ശനത്തോടനുബന്ധിച്ച് നിരവധി തിയേറ്ററുകള്‍ ആക്രമിക്കപ്പെട്ടു. രാമനാഥപുരത്ത് ഒരു തിയേറ്ററിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. സംഭവത്തില്‍ പോലീസ് ഒരാളെ പിടികൂടിയിട്ടുണ്ട്. തേനിയില്‍ ഒരു തിയേറ്ററില്‍ മുപ്പത് മിനിറ്റും ഈറോഡില്‍ ഒരു തിയേറ്ററില്‍ പത്ത് മിനിറ്റും ചലച്ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. നാഗപട്ടണത്തും സേലത്തും ചലച്ചിത്രം കാണാനെത്തിയവരെ പോലീസ് വിലക്കി.
വിശ്വരൂപം പൊളിഞ്ഞാല്‍ വീട് വില്‍ക്കേണ്ടിവരുമെന്ന് കമല്‍
ചെന്നൈ: വിശ്വരൂപം പൊളിഞ്ഞാല്‍ വീടടക്കമുള്ള സര്‍വസ്വത്തുക്കളും തനിക്ക് നഷ്ടപ്പെടുമെന്ന് നടന് കമലഹാസന് പറഞ്ഞു. ''ഈ വീടടക്കം എല്ലാ സ്വത്തുക്കളും പണയപ്പെടുത്തിയാണ് വിശ്വരൂപം എടുത്തിരിക്കുന്നത്. പടം വിജയിക്കുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്. പൊളിഞ്ഞാല്‍ ഈ വീടടക്കം എല്ലാം പോവും. ഇനിയൊരു പത്രസമ്മേളനം ഇവിടെ വെച്ച് നടത്താനാവുമോയെന്ന് അറിയില്ല.'' സങ്കടം കൊണ്ട് നിറഞ്ഞ കണ്ണുകളോടെ ഇടറിയ ശബ്ദത്തില്‍ കമല്‍ പറഞ്ഞു.
ചെന്നൈയില്‍ അല്വാര്പെട്ടിലുള്ള വീട് താനായിട്ട് വാങ്ങിയതാണെന്ന് കമല്‍ പറഞ്ഞു. സിനിമയില്‍ നിന്നുള്ള കാശുകൊണ്ട് വാങ്ങിയതാണിത്. രാശിയിലൊന്നും എനിക്ക് വിശ്വാസമില്ല. പക്ഷേ, എന്റെ അപ്പന് ഈ വീട് വലിയ ഇഷ്ടമായിരുന്നു. ഒരുപാട് ഓര്‍മകളുള്ള വീടാണിത്. എന്റെ സഹോദരനും സിനിമാ നിര്‍മാണത്തില്‍ പങ്കാളിയുമായ ചന്ദ്രഹാസന്റെ കൈയില്‍ പിടിച്ച് ഞാന്‍ നടന്നിട്ടുള്ള വീടാണിത്. 77-കാരനായ ചന്ദ്രഹാസന്‍ എന്നേക്കാള്‍ 18 വയസ്സ് കൂടുതലുണ്ട്. ശമ്പളമൊന്നും വാങ്ങിയല്ല അവര്‍ എന്റെ കൂടെ പ്രവര്‍ത്തിക്കുന്നത്.''
സാമ്പത്തിക തകര്‍ച്ച നേരിടുന്നത് ഇതാദ്യമല്ലെന്നും കമല്‍ പറഞ്ഞു.