വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്നതിന് സ്റ്റേ

posted on:

30 Jan 2013


ചെന്നൈ: കമലാഹസ്സന്റെ 'വിശ്വരൂപം' സിനിമയ്ക്ക് പ്രദര്‍ശാനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ ഉത്തരവ് . കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതിന് മുമ്പ് വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിനോടും കമലാഹസ്സനോടും ആവശ്യപ്പെട്ടു.

പ്രദര്‍ശനാമതി നിഷേധിച്ചുകൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. ഒരു വിഭാഗം മുസ്‌ലിം സംഘടനകള്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ ക്രമസമാധാനപ്രശ്‌നം ഉന്നയിച്ച് പ്രദര്‍ശനം സര്‍ക്കാര്‍ രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കുകയായിരുന്നു. ഇതിനിടെ വിശ്വരൂപം സിനിമയിലെ വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്ന് കമലാഹസ്സന്‍ അറിയിച്ചു. മുസ്‌ലിം സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

വിശ്വരൂപത്തിന് കര്‍ണാടകത്തില്‍ പ്രദര്‍ശനാനുമതി


ബാംഗ്ലൂര്‍:കമലഹാസന്റെ വിവാദ ചലച്ചിത്രം വിശ്വരൂപത്തിന് ബാംഗ്ലൂരില്‍ പ്രദര്‍ശനാനുമതി ലഭിച്ചു. സംസ്ഥാനത്തെ തിയേറ്ററുകളില്‍ പ്രത്യേക സുരക്ഷയോടെ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന സംസ്ഥാന പോലീസിന്റെ ഉറപ്പിനെത്തുടര്‍ന്നാണിത്.

സംസ്ഥാനത്തെ 40 തിയേറ്ററുകളിലാണ് ചിത്രം ചൊവ്വാഴ്ച റിലീസ് ചെയ്തത്. ഇതില്‍ 17 എണ്ണം ബാംഗ്ലൂരിലാണ്. നഗരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററിലും ചിത്രം ഹൗസ്ഫുള്ളാണെന്ന് ചിത്രത്തിന്റെ വിതരണക്കാര്‍ പറഞ്ഞു. എല്ലാ ഇസ്‌ലാംമത വിശ്വാസികളും തീവ്രവാദികളല്ലെന്ന് ചിത്രത്തില്‍ എഴുതിച്ചേര്‍ക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം പ്രതിനിധിസംഘം സിറ്റി പോലീസ് കമ്മീഷണര്‍ ജ്യോതിപ്രകാശ് മിര്‍ജിയെ കണ്ടിരുന്നു. എന്നാല്‍, ചിത്രം ഡിജിറ്റല്‍ പ്രൊഡക്ഷനായതിനാല്‍ വിവാദമായ വരികള്‍ ചിത്രത്തിന്റെ ക്രെഡിറ്റില്‍ നല്‍കാനാണ് വിതരണക്കാരുടെ തീരുമാനം.

മുസ്‌ലിംവിരുദ്ധ ഉള്ളടക്കമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ചിത്രം രണ്ടാഴ്ചത്തേക്ക് നിരോധിച്ചിരുന്നു. ലോകമൊട്ടാകെ ചിത്രം 25-ന് റിലീസ് ചെയ്തപ്പോള്‍ കര്‍ണാടകത്തിലും റിലീസ് റദ്ദാക്കി. ഭദ്രാവതിയില്‍, സിനിമാപ്രദര്‍ശനം നടത്തരുതെന്ന് ആവശ്യപ്പെട്ട് ഒരു സംഘമാളുകള്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

വിശ്വരൂപം എഡിറ്റ് ചെയ്യണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍


ചെന്നൈ: തമിഴ്‌നാട്ടില്‍ വിശ്വരൂപം പ്രദര്‍ശിപ്പിക്കണമെങ്കില്‍ ചിത്രം വീണ്ടും എഡിറ്റ് ചെയ്യണമെന്ന് സര്‍ക്കാര്‍ കമലഹാസന് നിര്‍ദ്ദേശം നല്‍കി. ചിത്രത്തിന്റെ താല്‍ക്കാലിക പ്രദര്‍ശനവിലയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധിപറയാനിക്കവെയാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് സമവായമുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് കമലഹാസനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് സര്‍ക്കാര്‍ പ്രതിനിധികളുമായി കമല്‍ഹാസന്‍ ചര്‍ച്ച നടത്തിയത്.

വിശ്വാസികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതായി ആരോപിച്ചാണ് ചില മുസ്‌ലിം സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയത്. തമിഴ്‌നാട്ടിലെ മുസ്‌ലിം സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ജയലളിത സര്‍ക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി രണ്ടാഴ്ചത്തേക്ക് തടഞ്ഞിരുന്നു.

ഇതിനെ ചോദ്യം ചെയ്ത കമലാഹാസന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച മദ്രാസ് ഹൈക്കേടതി ജഡ്ജി ജസ്റ്റിസ് കെ. വെങ്കിട്ടരാമനുവേണ്ടി ചെന്നൈയില്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇന്ന് വിധി പറയും.

വിശ്വരൂപം തമിഴ്‌നാട്ടില്‍ ജനവരി 25ന് റിലീസ് ചെയ്യേണ്ടതായിരുന്നു. ഫിബ്രവരി ഒന്ന്, രണ്ട് തീയതികളിലായി ഡി.ടി.എച്ച്. റിലീസും നിശ്ചയിച്ചിരുന്നതാണ്. താന്‍ എക്കാലവും മുസ്‌ലിം സമുദായത്തിന്റെ അഭ്യുദയകാംക്ഷിയാണെന്നും സത്യത്തിനും നീതിക്കുംവേണ്ടി ഒരു അഭിനേതാവിന്റെ പരിമിതികള്‍ മറികടന്നും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും തന്റെ സിനിമയ്‌ക്കെതിരെയുള്ള നീക്കം സാസ്‌കാരിക ഭീകരവാദമാണെന്നും ഇത് അവസാനിപ്പിക്കേണ്ടതാണെന്നും കമല്‍ പ്രതികരിച്ചിരുന്നു.