മതേതര ഇടമില്ലെങ്കില്‍ രാജ്യം വിടുമെന്ന് കമലാഹസ്സന്‍

posted on:

30 Jan 2013


ചെന്നൈ: ഇന്ത്യയില്‍ തനിക്ക് മതേതര ഇടമില്ലെങ്കില്‍ രാജ്യം വിടേണ്ടി വരുമെന്ന് കമലാഹസ്സന്‍. വിശ്വരൂപം സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെയാണ് കമലിന്റെ ഈ അഭിപ്രായപ്രകടനം. ഇങ്ങനെയാണെങ്കില്‍ എം.എഫ് ഹുസൈനെ പോലെ രാജ്യം വിടേണ്ടി വരും. ഇതുവരെ സമ്പാദിച്ചതെല്ലാം മുടക്കിയാണ് വിശ്വരൂപമെടുത്തത്. വിശ്വരൂപത്തിനെതിരെ വിധിയുണ്ടായാല്‍ തനിക്ക് തമിഴകം വിടേണ്ടി വരും. വിശ്വരൂപത്തിന് പ്രദര്‍ശനാമതി നിഷേധിച്ച തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിധിക്കെതിരെ സര്‍ക്കാര്‍ വീണ്ടും പുന:പരിശോധന ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് കമലാഹസ്സന്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. 'വിധിക്കായി കാത്തിരിക്കുകയാണ് താന്‍. വിധി എതിരാണെങ്കില്‍ തമിഴ്‌നാട് വിട്ട് കശ്മീര്‍ മുതല്‍ കേരളം വരെ തനിക്ക് ജീവിക്കാന്‍ ഒരു മതേതര ഇടം ലഭിക്കുമോയെന്ന് അന്വേഷിക്കും. മതത്തേക്കാളും തനിക്ക് പ്രധാനം മനുഷ്യന്‍ തന്നെയാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. വിശ്വരൂപം നിരോധിച്ചത് എന്തിനാണെന്ന് പോലും മനസ്സിലാകുന്നില്ല-കമലാഹസ്സന്‍ പറഞ്ഞു.