പൂസായതിന്റെ പേരിലുള്ള പുകിലുകള്‍

കെ.കെ. അജിത്കുമാര്‍

 

posted on:

26 Jan 2013സിനിമയില്‍ കഥാപാത്രങ്ങളായി വേഷമിടുമ്പോള്‍ പലതും ചെയ്യേണ്ടിവരുന്നത് സ്വാഭാവികം. കഥാപാത്രങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് അഭിപ്രായം പറയേണ്ട കാര്യമോ ന്യായീകരിക്കേണ്ട ബാധ്യതയോ താരങ്ങള്‍ക്കുണ്ടോ? ഒരേമട്ടിലാവില്ല ഇതിനുള്ള ഉത്തരം. ഏതായാലും കഥാപാത്രസ്വഭാവത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടനത്തിന്റെ പേരില്‍ വിവാദത്തിലായിരിക്കയാണ് തെന്നിന്ത്യന്‍ താരറാണി ത്രിഷ.
ത്രിഷ നായികയായ 'സമര്‍' എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായത്. തിരു സംവിധാനംചെയ്ത ഈ ത്രില്ലറില്‍ മായ എന്ന കഥാപാത്രമായാണ് ത്രിഷ വേഷമിടുന്നത്. വിശാലാണ് നായകന്‍. ശക്തി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം

അവതരിപ്പിക്കുന്നത്. നായകനോടുള്ള പ്രണയം വെളിപ്പെടുത്തുന്ന മുഹൂര്‍ത്തത്തില്‍ നായിക മദ്യപിക്കുന്ന രംഗമുണ്ട് ചിത്രത്തില്‍. ഒന്നോ രണ്ടോ പെഗ്ഗിലൊതുങ്ങുന്നില്ല മദ്യപാനം. അളവേറുംതോറും നായിക കൂടുതല്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. നന്നായി പൂസായ നായിക നായകനൊപ്പം യുഗ്മഗാനത്തിലേക്ക് പ്രവേശിക്കുന്നതോടെയാണ് സംഗതി സമാപിക്കുന്നത്.

സ്വാഭാവികമായും ഈ രംഗം വിമര്‍ശനത്തിനിരയായി. മദ്യപാനരംഗത്തെക്കുറിച്ചുള്ള ത്രിഷയുടെ അഭിപ്രായപ്രകടനമാണ് കൂടുതല്‍ പുകിലുണ്ടാക്കിയത്.''ഞാന്‍ അല്പം പൂസായി അഭിനയിക്കുന്ന സിനിമകള്‍ നന്നായി സ്വീകരിക്കപ്പെടാറുണ്ട്. അതുകൊണ്ടാണ് ഈ ചിത്രത്തിനുവേണ്ടിയും അങ്ങനെ അഭിനയിച്ചത്'' എന്നായിരുന്നു ത്രിഷയുടെ വാക്കുകള്‍.

നടിയുടെ നിലപാടിനെതിരെ തമിഴ്‌നാട്ടിലെമ്പാടും വലിയ രോഷമാണ് ഉയര്‍ന്നത്. യുവതലമുറയെ എങ്ങനെയെങ്കിലും മദ്യത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കാന്‍ എല്ലാവരും ശ്രമിക്കുമ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത് പ്രതിഷേധാര്‍ഹമാണെന്നാണ് വിമര്‍ശകരുടെ വാദം. ഹിന്ദുമക്കള്‍ കക്ഷി ഉള്‍പ്പെടെയുള്ള സംഘടനകളാണ് നടിക്കെതിരെ രംഗത്തിറങ്ങിയത്. അശ്ലീലരംഗങ്ങളില്‍ അഭിനയിക്കുന്നതും പ്രേക്ഷകര്‍ക്ക് രസിക്കുമെന്ന് കരുതി താരം അങ്ങനെചെയ്യുമോ എന്ന് അവര്‍ ചോദിക്കുന്നു. രജനീകാന്തിന്റെ സിനിമകളിലെ പുകവലിരംഗങ്ങള്‍ വളരെ പ്രസിദ്ധങ്ങളാണ്. എന്നാല്‍, അതിനെ ന്യായീകരിക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായിട്ടില്ല. മാത്രമല്ല, പുകവലിക്കും മദ്യപാനത്തിനുമെതിരായ നിലപാട് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്-ത്രിഷയ്‌ക്കെതിരെ രംഗത്തിറങ്ങിയവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ത്രിഷ മദ്യപാനത്തെ ന്യായീകരിച്ചിട്ടില്ലെന്ന് വാദിക്കുന്നവരും ഉണ്ട്. സിനിമയില്‍ അങ്ങനെ പെരുമാറുന്നത് പ്രേക്ഷകര്‍ക്ക് രസിക്കാറുണ്ട് എന്ന കാര്യം ചൂണ്ടിക്കാട്ടുകയാണ് അവര്‍ ചെയ്തത്. കഥാപാത്രത്തിന് രസികത്തവും വിശ്വാസ്യതയുമേകാന്‍ ഒരു അഭിനേത്രി അത്തരം രംഗങ്ങള്‍ സ്വീകരിക്കുന്നത് തെറ്റാണെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നാണ് പിന്തുണയുമായി എത്തിയവരുടെ ചോദ്യം. ഏതായാലും ഈ വിവാദത്തെത്തുടര്‍ന്ന് സിനിമ കൂടുതല്‍ പ്രശസ്തമായി.