വിശ്വരൂപം: മുസ്‌ലിം സഹോദരങ്ങള്‍ പുനര്‍ വിചിന്തനം നടത്തണമെന്ന് രജനീകാന്ത്

posted on:

26 Jan 2013

ചെന്നൈ: വിശ്വരൂപത്തിനെതിരെയുള്ള നിലപാട് മുസ്‌ലിം സമുദായാംഗങ്ങള്‍ പുനര്‍വിചിന്തനത്തിന് വിധേയമാക്കണമെന്ന് നടന്‍ രജനീകാന്ത് അഭിപ്രായപ്പെട്ടു. കമലഹാസനെ തനിക്ക് 40 വര്‍ഷമായി അടുത്തറിയാമെന്നും കമല്‍ ഒരിക്കലും മുസ്‌ലിങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതിന് കൂട്ടുനില്‍ക്കില്ലെന്നും രജനി പറഞ്ഞു.

നബിദിനമായ വെള്ളിയാഴ്ച ഈ വിഷയത്തില്‍ ഒരു പുനരാലോചന നടത്താന്‍ മുസ്‌ലിം സഹോദരങ്ങള്‍ തയ്യാറാവണമെന്ന് രജനി പറഞ്ഞു. കമലുമായി ചര്‍ച്ച നടത്തി ചലച്ചിത്രത്തിന്റെ കഥയെ ബാധിക്കാത്ത രീതിയില്‍ പ്രശ്‌നകാരണമായ സീനുകള്‍ ഒഴിവാക്കി ചിത്രം പ്രദര്‍ശനം നടത്തുന്നതിനുള്ള അവസരം ഒരുക്കണമെന്നും രജനി ആവശ്യപ്പെട്ടു.

വിശ്വരൂപം നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ തന്നെ വേദനിപ്പിക്കുന്നതായി രജനി ചൂണ്ടിക്കാട്ടി. ''നൂറുകോടിയോളം രൂപ മുതല്‍മുടക്കിയിട്ടുള്ള ഒരു ചിത്രത്തിനായി കമല്‍ എന്തുമാത്രം കഠിനാധ്വാനം നടത്തിയിട്ടുണ്ടെന്നത് നമുക്കാലോചിക്കാവുന്നതേയുള്ളു. തമിഴ് സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയിട്ടുള്ള നടനാണ് കമല്‍.''

വിശ്വരൂപത്തിന്റെ പ്രദര്‍ശനം നിരോധിച്ച തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ചോദ്യംചെയ്തുകൊണ്ട് നടനും സംവിധായകനുമായ കമലഹാസന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ മദ്രാസ് ഹൈക്കോടതി ജനവരി 28-ന് വിധി പറയാനിരിക്കുകയാണ്. അതുവരെ വിശ്വരൂപത്തിന് തമിഴ്‌നാട്ടിലുള്ള പ്രദര്‍ശനവിലക്ക് നിലനില്‍ക്കും. ജനവരി 26-ന് കോടതി വിശ്വരൂപം കാണും. ഈ കേസുമായി ബന്ധപ്പെട്ടവരുടെ പ്രതിനിധികളും കോടതിയില്‍ ഉണ്ടാവും. ഇതിനുശേഷമായിരിക്കും തീരുമാനമെടുക്കുകയെന്ന് ജസ്റ്റിസ് വെങ്കട്ടരാമന്‍ വ്യാഴാഴ്ച വൈകിട്ട് പറഞ്ഞു.

മുസ്‌ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ക്രമസമാധാനപ്രശ്‌നം ഉയര്‍ത്തിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വിശ്വരൂപത്തിന്റെ പ്രദര്‍ശനം 15 ദിവസത്തേക്ക് തടഞ്ഞത്. പുതുച്ചേരിയിലും കാരയ്ക്കലും വിശ്വരൂപത്തിന്റെ പ്രദര്‍ശനം തടഞ്ഞിട്ടുണ്ട്. അതിനിടെ പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ ബാംഗ്ലൂരിലും ഹൈദരാബാദിലും വിശ്വരൂപത്തിന്റെ പ്രദര്‍ശനം തടഞ്ഞുകൊണ്ട് ബന്ധപ്പെട്ട സര്‍ക്കാറുകള്‍ ഉത്തരവിറക്കി.

സിനിമ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തേണ്ടതായിരുന്നു. ഫിബ്രവരി ഒന്ന്, രണ്ട് തീയതികളിലായി ഡി.ടി.എച്ച്. റിലീസും നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍, ഒരു പറ്റം ആളുകള്‍ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി പ്രതിഷേധവുമായി രംഗത്ത് എത്തിയതാണ് ഇപ്പോള്‍ പ്രദര്‍ശനം തന്നെ നിരോധിക്കുന്നിടം വരെ എത്തിയിരിക്കുന്നത്. ഇത് വലിയകാര്യങ്ങള്‍ക്ക് എതിരായി നിന്ന് ശ്രദ്ധനേടാനുള്ള ശ്രമമാണെന്നും കമല്‍ ചൂണ്ടിക്കാട്ടി. സിനിമ മുസ്‌ലീം സുഹൃത്തുക്കള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നതാണ്. ഭേദചിന്തകള്‍ ഇല്ലാത്ത ദേശസ്‌നേഹികളായ മുസ്‌ലിങ്ങള്‍ക്ക് ഈ സിനിമ അഭിമാനകരമായി മാറുകയാണ് ചെയ്യുന്നത്.സിനിമ കണ്ടവര്‍ ഈ അനുഭവമാണ് പങ്കുവെച്ചത്. തന്റെ സിനിമയ്‌ക്കെതിരെയുള്ള നീക്കം സാംസ്‌കാരിക ഭീകരവാദമാണെന്നും ഇത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും കമല്‍ പറഞ്ഞു.