രജനിയുടെ കൊച്ചടയ്യാന്‍ ഏപ്രിലില്‍പ്രദര്‍ശനത്തിനെത്തും

posted on:

26 Jan 2013


ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ 'കൊച്ചടയ്യാന്‍' ഈ വര്‍ഷം ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും. രജനീകാന്തിന്റെ പിറന്നാള്‍ ദിനമായ 2012 ഡിസംബര്‍ 12 ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് പൊങ്കലിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ അവസാനഘട്ട ജോലികള്‍ പൂര്‍ത്തികരിക്കാന്‍ വൈകിയതിനാല്‍ തമിഴ് പുതുവര്‍ഷ ദിനമായ ഏപ്രില്‍ 14 ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ തീരുമാനം. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം.

കോടികള്‍ മുതല്‍മുടക്കി നിര്‍മിക്കുന്ന കൊച്ചടയ്യാന്റെ അവസാനഘട്ട എഡിറ്റിങ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. പശ്ചാത്തല സംഗീതം, സൗണ്ട് ഇഫക്ട്‌സ്, ഡബ്ബിങ് എന്നീ ജോലികള്‍ ഫിബ്രവരിയോടെ പൂര്‍ത്തിയാക്കാനാണ് നീക്കം. ഗ്രാഫിക്‌സിന് ചിത്രത്തില്‍ നല്ല പ്രാധാന്യമുണ്ടാകും. ചെന്നൈയിലെയും ലണ്ടനിലെയും സ്റ്റുഡിയോകളിലായാണ് ഗ്രാഫിക് ജോലികള്‍ പൂര്‍ത്തിയാക്കുക. കൊച്ചടയ്യാന്റെ ചിത്രീകരണം മുഴുവനായും നേരത്തെത്തന്നെ പൂര്‍ത്തിയായിരുന്നു. സാങ്കേതിക മികവിനായി മറ്റു ജോലികളൊക്കെ ഏറെ സമയമെടുത്താണ് ചെയ്യുന്നതെന്നാണ് അണിയറക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ചരിത്രത്തിന്റെ മേമ്പൊടിയുള്ള ഈ ചിത്രത്തില്‍ പാണ്ഡ്യരാജവാഴ്ചക്കാലത്തെ ചക്രവര്‍ത്തിയുടെ വേഷമാണ് രജനീകാന്ത് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രജനീകാന്തിന്റെ ജോഡിയായി അഭിനയിക്കുന്നത് പ്രശസ്ത ബോളിവുഡ് നടി ദീപിക പദ്‌കോണാണ്. ശരത്കുമാര്‍, ആദി, ശോഭന, രുഗ്മിണി വിജയകുമാര്‍, ജാക്കി ഷെറോഫ്, നാസര്‍ തുടങ്ങിയവരും മുഖ്യ വേഷത്തിലുണ്ട്. കെ.എസ്.രവികുമാര്‍ തിരക്കഥയൊരുക്കിയ ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാനാണ്. ത്രീ ഡി സാങ്കേതികതയില്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രം 'പെര്‍ഫോമന്‍സ് കാപ്ചര്‍ ടെക്‌നോളജി' എന്ന സാങ്കേതികത അവലംബിക്കുന്നുണ്ട്. 'അവതാര്‍' എന്ന ചിത്രത്തില്‍ ജയിംസ് കാമറൂണ്‍ അവലംബിച്ച ത്രീ ഡി സാങ്കേതികതയാണത്രേ കൊച്ചടയ്യാനിലും ഉപയോഗിക്കുന്നത്.

കെ.എസ്.രവികുമാര്‍ സംവിധാനം ചെയ്യുന്ന 'റാണ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പാതി വഴിയിലിരിക്കെയാണ് രജനീകാന്ത് മകളുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. 'റാണ'യുടെ ചിത്രീകരണം ആരംഭിച്ച 2011 ഏപ്രില്‍ 29 നാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രജനീകാന്തിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് മെയ് 28 ന് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. ജൂലായ് 13 ന് സിംഗപ്പൂരില്‍ നിന്ന് ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷമാണ് കൊച്ചടയ്യാനില്‍ അഭിനയിച്ചുതുടങ്ങിയത്.