വിശ്വരൂപം വിവാദം: കമലാഹസന് പിന്തുണയുമായി രജനികാന്ത്‌

posted on:

25 Jan 2013


ചെന്നൈ: വിശ്വരൂപം സിനിമയുമായി ബന്ധപ്പെട്ട് വിവാദം തുടരുന്നതിനിടെ ചിത്രത്തിന്റെ അമരക്കാരനായ കമലാഹസ്സന് പിന്തുണയുമായി സൂപ്പര്‍ താരം രജനീകാന്ത് രംഗത്തെത്തി. 'സുഹൃത്തെന്ന നിലയില്‍ കമലാഹസ്സനെ 40 വര്‍ഷമായി എനിക്കറിയാം. അദ്ദേഹം ആരുടെയും മനസ്സ് വേദനിപ്പിക്കുന്നയാളല്ല. 100 കോടിയോളം രൂപ ചിലവിട്ട് ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് വിശ്വരൂപം ഒരുക്കിയത്. ഒടുവില്‍ ചിത്രം അനാവശ്യവിവാദത്തില്‍ പെട്ടതില്‍ ദു:ഖമുണ്ടെന്നും രജനി പറഞ്ഞു.

കമല്‍ ഒരു സാധാരണ കലാകാരനല്ല. തമിഴ് സിനിമയെ ആഗോളതലത്തിലേക്ക് എത്തിച്ച വ്യക്തിയാണ്. സിനിമ നിരോധിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറണണെന്ന് എല്ലാ മുസ്‌ലിം സഹോദരന്മാരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്-രജനി പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രമാണ് വിശ്വരൂപം. പ്രശ്‌നങ്ങള്‍ കമല്‍ മടങ്ങിയെത്തിയ ശേഷം ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.