'തുപ്പാക്കി' സിനിമയ്‌ക്കെതിരെ പ്രതിഷേധം; വിജയിന്റെ വീടിന് സംരക്ഷണം

posted on:

15 Nov 2012

ചെന്നൈ: മുംബൈ സ്‌ഫോടനം ഇതിവൃത്തമാക്കി വിജയിനെ നായകനായി നിര്‍മിച്ച 'തുപ്പാക്കി' സിനിമയ്‌ക്കെതിരെ മുസ്‌ലിം സംഘടനകള്‍. മുസ്‌ലിം സമുദായാംഗങ്ങളെ ബോംബ്‌വെക്കുന്നവരായി ചിത്രീകരിക്കുന്ന സിനിമ മതമൈത്രി ഇല്ലാതാക്കുമെന്ന് മുസ്‌ലിം സംഘടനകള്‍ ആരോപിച്ചു. പ്രതിഷേധവുമായി നൂറുക്കണക്കിന് മുസ്‌ലിം സംഘടനാപ്രവര്‍ത്തകര്‍ നീലാങ്കരയിലെ നടന്‍ വിജയിന്റെ വീടിനുമുന്നില്‍ പ്രകടനം നടത്തി.

വീടിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. മുരുകദോസ് സംവിധാനംചെയ്ത ചിത്രം ദീപാവലിദിനത്തിലാണ് റിലീസായത്. അക്രമങ്ങള്‍ക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ഏതാനും ആളുകള്‍ മാത്രമാണ്. ചിലര്‍ ചെയ്യുന്ന സമൂഹവിരുദ്ധ പ്രവര്‍ത്തനത്തിന് ഒരു സമുദായത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് തെറ്റാണ്-മുസ്‌ലിം സംഘടനാനേതാക്കള്‍ പറഞ്ഞു.

ചലച്ചിത്രത്തില്‍ ചിത്രീകരിച്ച വിധ്വംസക പ്രവര്‍ത്തകര്‍ക്ക് മുസ്‌ലിം പേരുകള്‍ നല്‍കിയത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. തുപ്പാക്കി സംവിധാനംചെയ്ത മുരുകദോസിന്റെ വടപളനിയിലെ വീടിനും സംരക്ഷണം എര്‍പ്പെടുത്തിയിട്ടുണ്ട്. വിജയിന്റെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖറിന്റെ വീടിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.