പുരുഷന്മാര്‍ ടിഷ്യു പേപ്പര്‍ പോലെയെന്ന് നടി സോണ

posted on:

13 Nov 2012


ചെന്നൈ: പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ ഒന്നിച്ച് ജീവിക്കുന്നത് സഹിക്കാവുന്നതല്ലെന്നും പുരുഷന്മാരെ ടിഷ്യു പേപ്പര്‍ പോലെ ഉപയോഗിച്ച് കളയുകയാണ് വേണ്ടതെന്നും തമിഴ് നടി സോണ. തമിഴ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പുരുഷമാരെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടായത്. വാരിക ഇറങ്ങി എതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പുരുഷ സംരക്ഷണ സംഘം രംഗത്തുവന്നു.

പുരുഷന്മാരെ മൊത്തത്തില്‍ അപഹാസ്യപ്പെടുത്തുന്ന പ്രയോഗം ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ നടിയുടെ വീടിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും പുരുഷ സംരക്ഷണ സംഘം പ്രസിഡന്റ് അഡ്വ. അരുണ്‍ പറഞ്ഞു. അടുത്ത 19-ന് സോണയുടെ വീടിനുമുന്നില്‍ പ്രക്ഷോഭം നടത്താനാണ് തീരുമാനം. പ്രക്ഷോഭം നടത്താന്‍ അനുമതി ചോദിച്ച് സംഘടന സിറ്റി പോലീസ് കമ്മീഷണറെയും സമീപിച്ചിട്ടുണ്ട്.

പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഒരു സംഘമാളുകള്‍ സോണയുടെ തേനാംപേട്ടയിലെ വീട്ടിലും ഓഫീസിലുമെത്തിയിരുന്നു. എന്നാല്‍ വീട്ടില്‍ സോണയില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് സോണയുടെ ബസന്ത് നഗറിലെ വീട്ടിലും ഒരു വിഭാഗമാളുകള്‍ എത്തി. രണ്ടിടത്തും ശക്തമായ പോലീസ് സംരക്ഷണം എര്‍പ്പെടുത്തിയിട്ടുണ്ട്. പുരുഷന്മാര്‍ക്കെതിരെ മോശമായ പരാമര്‍ശം നടത്തിയ സോണയെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദുമക്കള്‍ കക്ഷി സെക്രട്ടറി കുമാര്‍ ആവശ്യപ്പെട്ടു. പുരുഷന്മാരെ മൊത്തത്തില്‍ അപഹാസ്യപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ച സോണയെ സ്ത്രീകളുടെ സംഘടനകളും തള്ളിപ്പറയണമെന്നും കുമാര്‍ അഭ്യര്‍ഥിച്ചു. സോണയ്‌ക്കെതിരായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പുരുഷസമൂഹത്തെ മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും അഭിപ്രായത്തെ വാരിക വളച്ചൊടിക്കുകയാണ് ചെയ്തതെന്നും സോണ പറഞ്ഞു. വിവാഹം വേണ്ടെന്നത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പുരുഷന്മാരെ ആദരത്തോടെയാണ് കാണുന്നതെന്നും സോണ പറഞ്ഞു.


 Other News In This Section
 1 2 3 NEXT