പോലീസ് സ്റ്റണ്ടുമായി നമിത തിരിച്ചെത്തുന്നു

കെ.കെ.അജിത്കുമാര്‍

 

posted on:

10 Nov 2012

നമിതയുടെ ആരാധകര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. കുറേക്കാലമായി സിനിമകളൊന്നുമില്ലാതിരുന്ന താരം തിരിച്ചുവരവിനൊരുങ്ങുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലൊരുക്കുന്ന ചിത്രത്തിലൂടെ അതിഗംഭീരമായ രണ്ടാംവരവാണ് ഉദ്ദേശിക്കുന്നത്. മൂന്നു ഭാഷകളിലൊരുങ്ങുന്ന 'ഇളമൈ ഊഞ്ചല്‍' എന്ന ചിത്രത്തില്‍ പോലീസ് ഓഫീസറായാണ് നമിത വേഷമിടുന്നത്. ഈ കഥാപാത്രത്തെ ഗംഭീരമാക്കാന്‍വേണ്ടി അപകടസാധ്യതയേറിയ ചില സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കാന്‍ താരം തയ്യാറായി.

ചിത്രത്തിനുവേണ്ടി തടി കുറയ്ക്കുകയും ചെയ്തു. 'ബില്ല'യില്‍ അജിത്തിനൊപ്പം അഭിനയിച്ച കാലത്തേതുപോലെയാകുകയാണ് നമിതയുടെ ലക്ഷ്യം. വൈകാതെ അതുസാധിക്കുമെന്ന് അവര്‍ അവകാശപ്പെടുന്നു. തടികൂടിയതിന്റെ പേരിലാണ് സിനിമകളില്‍ അവസരം കുറഞ്ഞതെന്ന വിശ്വാസത്തിലാണ് നമിത മെലിയാന്‍ ശ്രമം തുടങ്ങിയത്. പഴയ രൂപഭംഗി വീണ്ടെടുക്കുന്നതോടെ കൂടുതല്‍ സിനിമകളില്‍ അവസരം കിട്ടുമെന്നാണ് താരത്തിന്റെ വിശ്വാസം.

ഈയിടെ ജപ്പാനിലെ ഒരു ടെലിവിഷന്‍ചാനല്‍ നമിതയെ ഇന്ത്യന്‍സൗന്ദര്യത്തിന്റെ പ്രതീകമായി തിരഞ്ഞെടുത്തിരുന്നു. ടോക്കിയോ ബ്രോഡ്കാസ്റ്റിങ് സിസ്റ്റംസിന്റെ 'യാരിസുകി കോ-ജി' എന്ന പരിപാടിയിലാണ് അവരെ ഇന്ത്യന്‍സൗന്ദര്യപ്രതീകമായി അവതരിപ്പിച്ചത്. സിനിമകളില്‍ അവസരം കുറഞ്ഞിരിക്കുമ്പോള്‍ ജപ്പാനില്‍നിന്നുള്ള ഈ വാര്‍ത്ത നമിതയ്ക്ക് സന്തോഷമേകിയിരുന്നു. അതിനു പിന്നാലെയാണ് ത്രിഭാഷാചിത്രത്തിലൂടെ തിരിച്ചുവരവിന് സാധ്യത തെളിഞ്ഞത്. ഇനിയും നമിതയുഗം വരില്ലെന്ന് ആരുകണ്ടു?