ചെന്നൈ: കമലഹാസന്റെ 'വിശ്വരൂപം' താമസിയാതെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. 58-ാം പിറന്നാള്‍ദിനത്തില്‍ പുതിയ സിനിമയുടെ ട്രെയിലറുമായി മഹാനടന് മാധ്യമങ്ങളുടെ മുന്നിലെത്തി. ഒരേദിവസം രാജ്യത്ത് മുഴുവനുമായി 3000 തിയേറ്ററില്‍ 'വിശ്വരൂപം' റിലീസ്ചെയ്യുമെന്ന് കമലഹാസന് പറഞ്ഞു. കമലിന്റെ ജന്മദിനമായ നവംബര്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പിന്നീട് ഇതേ ദിവസം ഓഡിയോ റിലീസ് ഉണ്ടായേക്കും എന്ന പ്രഖ്യാപനമുണ്ടായി. ഇതുരണ്ടും നീണ്ടുപോയപ്പോഴാണ് കമലഹാസന് ട്രെയിലറുമായി ജന്മദിനത്തില് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
ഹോളിവുഡില്തന്നെ ഒരുതവണമാത്രം പ്രയോജനപ്പെടുത്തിയിട്ടുള്ള 11.1 ചാനല്‍ ഓറ ത്രീഡി ശബ്ദവിന്യാസമാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. അമേരിക്കയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലുമായാണ് ഈ ത്രിമാനചിത്രത്തിന്റെ മുഖ്യഭാഗങ്ങള്‍ ചിത്രീകരിച്ചത്. അഫ്ഗാന്യുദ്ധ പശ്ചാത്തലത്തിലാണ് കഥ. പൂജകുമാര്‍, ആന്‍ഡ്രിയ ജെര്‍മിയ, രാഹുല്‍ ബോസ്, ജയ്ദീപ് അഹ്ലാവത് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.