റിച്ച പോയി, ഹന്‍സികയും നീതുവും വന്നു

കെ.കെ. അജിത്കുമാര്‍

 

posted on:

03 Nov 2012


വെങ്കട്ട്പ്രഭുവിന്റെ 'ബിരിയാണി'ക്കു രുചികൂട്ടാന്‍ ഹന്‍സികയും നീതുചന്ദ്രയും. റിച്ച ഗംഗോപാധ്യായ പിന്മാറിയതിനുപിന്നാലെയാണ് പുതിയ നായികമാരെക്കുറിച്ചുള്ള വാര്‍ത്തവന്നത്.തമിഴ് പ്രേക്ഷകരുടെ ഇഷ്ടസംവിധായകനായ വെങ്കട്ട്പ്രഭു ഒരുക്കുന്ന 'ബിരിയാണി'യില്‍ കാര്‍ത്തിയാണ് നായകന്‍. ചിത്രത്തിന്റെ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. താരങ്ങളുടെ കാര്യത്തില്‍ തീരുമാനമായതോടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു. ഡിസംബറില്‍ പ്രേക്ഷകര്‍ക്ക് 'ബിരിയാണി'യുടെ രുചിയറിയാനാവുമെന്നാണ് പ്രതീക്ഷ.

ചിത്രത്തിലെ നായികയായി നിശ്ചയിച്ചിരുന്ന റിച്ച ഗംഗോപാധ്യായ പിന്മാറിയതിനെക്കുറിച്ച് ചില കിംവദന്തികള്‍ പ്രചരിച്ചിരുന്നു. സംവിധായകനും നടിയും തമ്മില്‍ തര്‍ക്കമായെന്നുവരെ ചിലര്‍ പറഞ്ഞുപരത്തി. എന്നാല്‍ അത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് നടിയുടെ വിശദീകരണം. കഥയില്‍ ചില മാറ്റങ്ങള്‍ വന്നതോടെയാണ് തത്കാലം സിനിമയില്‍നിന്നു പിന്മാറിയത്. അതുകൊണ്ട് പിണങ്ങിപ്പോവുകയാണെന്ന് അര്‍ഥമില്ല. സംവിധായകന്റെ സമ്മതത്തോടെയാണ് പിന്മാറ്റം. ഇനിയൊരവസരം കിട്ടിയാല്‍ സന്തോഷത്തോടെ വെങ്കട്ട്പ്രഭുവിന്റെ സിനിമയില്‍ അഭിനയിക്കുമെന്നും റിച്ച മൈക്രോബ്ലോഗിങ് പേജില്‍ വിശദീകരിക്കുന്നു.ഏതായാലും റിച്ചയുടെ പിന്മാറ്റംകാരണം കോളടിച്ചത് ഹന്‍സികയ്ക്കും നീതുചന്ദ്രയ്ക്കുമാണ്.

ഹന്‍സികയ്ക്ക് തമിഴില്‍ നിന്നുതിരിയാന്‍ നേരമില്ലാത്തമട്ടില്‍ സിനിമകളുണ്ടെങ്കിലും വെങ്കട്ട്പ്രഭുവിന്റെ സിനിമയാവുമ്പോള്‍ അതിനു പ്രാധാന്യമൊന്നു വേറെത്തന്നെ. 'സേട്ടൈ', 'വാല്', 'വേട്ടൈമന്നന്‍', 'സിങ്കം 2', 'ഇഷ്‌ക്' എന്നീ സിനിമകളുടെ ചിത്രീകരണത്തിരക്കിനിടയിലാണ് ഹന്‍സിക 'ബിരിയാണി'യിലേക്കു പ്രവേശിക്കുന്നത്. 'തീയാ വേലൈ സെയ്യണം കുമരു' എന്നൊരു ചിത്രംകൂടി ഇതോടൊപ്പം കരാറായിട്ടുണ്ട്. തമിഴകത്തെ പുതിയ താരറാണിയായി വിശേഷിപ്പിക്കപ്പെടുന്ന ഹന്‍സികയുടെ സാന്നിധ്യം 'ബിരിയാണി'യെ കൂടുതല്‍ രസകരമാക്കുമെന്നാണ് ആരാധകരുടെ വാദം.

മാധവനൊപ്പം 'യാവരും നലം' എന്ന ചിത്രത്തിലും വിശാലിനൊപ്പം 'തീരാത്ത വിളയാട്ടുപിള്ളൈ' എന്ന ചിത്രത്തിലും നായികയായെത്തിയ നീതുവിന് തമിഴ്‌പ്രേക്ഷകരില്‍നിന്ന് നല്ല സ്വീകരണമാണ് കിട്ടിയത്. അമീര്‍ സംവിധാനം ചെയ്യുന്ന 'ആദിഭഗവാന്‍' എന്ന ചിത്രത്തില്‍ ജയംരവിയുടെ നായികയായി അഭിനയിച്ചതിനു പിന്നാലെയാണ് നീതുവിന് 'ബിരിയാണി'യിലേക്ക് അവസരം ലഭിക്കുന്നത്. തന്റേടക്കാരിയായ നഗരപ്പെണ്‍കൊടിയുടെ അടിപൊളിവേഷമാണ് 'ബിരിയാണി'യില്‍ നീതുവിനെ കാത്തിരിക്കുന്നത്.

ഈയിടെ വിവാഹിതരായ പ്രസന്നയും സ്‌നേഹയും ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. പ്രേംജി അമരന്‍, ജയ്, വൈഭവ്, സമ്പത്ത് രാജ്, അരവിന്ദ് ആകാശ് എന്നിങ്ങനെ, വെങ്കട്ട് പ്രഭുവിന്റെ സിനിമകളിലെ പതിവുകാരില്‍ പലരെയും 'ബിരിയാണി'യിലും കാണാം. സംവിധായകന്‍ മിസ്‌കിന്‍ അഭിനയിക്കുന്നുവെന്നതാണ് മറ്റൊരു സംഗതി. സംഗീതസംവിധായകന്‍ യുവന്‍ശങ്കര്‍രാജയുടെ നൂറാമത്തെ ചിത്രമെന്ന വിശേഷവുമുണ്ട് 'ബിരിയാണി'ക്ക്.