നായകന് കാല്‍നൂറ്റാണ്ട്

പി.എസ്.കൃഷ്ണകുമാര്‍

 

posted on:

01 Nov 2012

വര്‍ഷം 25 കഴിഞ്ഞിട്ടും നായകന്‍ ഉയര്‍ത്തിവിട്ട അലകള്‍ ഒടുങ്ങുന്നില്ല. അന്ന് 'നായകനായി' ഒന്നിച്ചവരെല്ലാം ഇന്ന് ഏറെ വളര്‍ന്നു. പക്ഷെ 'നായകന്‍' ഇതിനൊക്കെ മേലെ നില്‍ക്കുന്നു. ഇവരുടെ കൂട്ടായ്മയുടെ ശക്തി വീണ്ടും വിളിച്ചോതിക്കോണ്ട്....

കാല്‍നൂറ്റാണ്ടു മുമ്പായിരുന്നു അത്. വ്യത്യസ്തമായ രീതിയില്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ താത്പര്യപ്പെടുന്ന ഒരുസംഘം ചെറുപ്പക്കാര്‍ ഒത്തുചേര്‍ന്നു. ആരുംപറയാത്ത, ആരുംകേള്‍ക്കാത്ത ഒരു കഥ പറയാനായി അവര്‍ വെമ്പുകയായിരുന്നു. ഒടുവില്‍ ഏറേ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍, ആസ്വാദകര്‍ ഇപ്പോഴും വിസ്മയത്തോടെ നോക്കിക്കാണുന്ന 'നായകന്‍' എന്ന ചിത്രം പിറന്നു-1987 ഒക്ടോബര്‍ 21-ന്. വ്യത്യസ്തതകള്‍ക്കായി ദാഹിച്ചിരുന്ന ആ സംഘത്തിലെ അംഗങ്ങളെ ഇപ്പോള്‍ നിങ്ങള്‍ക്ക് തിരിച്ചറിയാം.

നായകനായി അഭിനയിച്ച കമലഹാസന്‍, സംവിധായകന്‍ മണിരത്‌നം, കാമറാമാന്‍ പി.സി. ശ്രീറാം. കലാസംവിധായകന്‍ തോട്ടാതരണി ഇവര്‍ക്ക് താങ്ങും തണലുമായി നിന്ന നിര്‍മാതാവ് മുക്ത വി. ശ്രീനിവാസന്‍. കമലഹാസനുള്‍പ്പെടെയുള്ളവര്‍ ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം 25-ാം വര്‍ഷത്തിന്റെ ആഘോഷനിറവിലാണ്.

മുംബൈയെ കിടുകിടാവിറപ്പിച്ച അധോലോകനായകന്‍ വരദരാജ മുതലിയാരുടെ കഥ പറഞ്ഞ 'നായകന്‍' 25 വര്‍ഷം തികയ്ക്കുമ്പോഴും അതില്‍ പ്രതിപാദിക്കുന്ന പലകാര്യങ്ങള്‍ക്കും ഇന്നും പ്രസക്തി ഉണ്ടെന്നത് നമുക്ക് തിരിച്ചറിവാകുന്നു. വരദരാജ മുതലിയാര്‍മാരും ഛോട്ടാഷക്കീല്‍മാരും ദാവൂദ് ഇബ്രാഹിംമാരും ഇന്നും മുംബൈയില്‍ വിഹരിക്കുന്നുണ്ട്. രാജ്യം ഇന്നും അധോലോക ഭീഷണിക്ക് നടുവിലാണ്. അതുകൊണ്ടുതന്നെ 25 വര്‍ഷം പിന്നിട്ടിട്ടും 'നായകന്‍' എന്ന ഈ ചിത്രം ഇപ്പോഴും പ്രസക്തമായിത്തന്നെ നിലനില്‍ക്കുന്നു.

'നായകന്റെ' പശ്ചാത്തലത്തിലേക്ക്


''നായകന്‍ തുടങ്ങുമ്പോള്‍ ഇത് ലോകോത്തര സിനിമയാകുമെന്നുള്ള വിശ്വാസമേ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. സീസറിനെക്കുറിച്ചോ ഗാന്ധിയെക്കുറിച്ചോ ഒരു സിനിമവന്നാല്‍ അത് ചിലരെ ആകര്‍ഷിക്കും. ചിലര്‍ ശ്രദ്ധിക്കാതിരിക്കും. 'നായകനും' ഇതേ അവസ്ഥതന്നെയായിരിക്കാമെന്നാണ് ചിന്തിച്ചതെങ്കിലും എന്തെങ്കിലും വ്യത്യസ്തമായി ഉണ്ടാകണമെന്നാഗ്രഹിച്ചു. എന്നാല്‍, പ്രതികരണം മറ്റൊരുതലത്തിലായിരിന്നു. ചിത്രം വന്‍ ഹിറ്റായി.

അന്നത്തെ മികച്ച നൂറ് സിനിമകളിലൊന്നായി ടൈം മാഗസിന്‍ ചിത്രത്തെ തിരഞ്ഞെടുത്തു. ദേശീയ പുരസ്‌കാരങ്ങള്‍ ചിത്രം വാരിക്കൂട്ടി. 25 വര്‍ഷം കഴിഞ്ഞിട്ടും ഇതാ ഇപ്പോഴും പുതുതലമുറ ചിത്രത്തെ ഓര്‍ക്കുന്നു. വാഴ്ത്തുന്നു''- ഇത് നടന്‍ കമല്‍ഹാസന്റെ വാക്കുകളാണ്. 25-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് നടന്ന ചില അഭിമുഖങ്ങളില്‍ കമല്‍ വിശദമായിത്തന്നെ ഈ ചിത്രത്തിന്റെ പശ്ചാത്തലം പറയുന്നുണ്ട്.

''ഒരുകൂട്ടം രചയിതാക്കള്‍ക്കും ചിന്തകര്‍ക്കും നടുവിലായിരുന്നു എന്റെ ആദ്യഘട്ട സിനിമാജീവിതം. സിനിമാചര്‍ച്ചകളും അഭിമുഖങ്ങളും സജീവമായി നടന്നിരുന്ന കാലം. ഇക്കാലത്താണ് ഞാന്‍ മനസ്സുനിറയെ സിനിമാമോഹവുമായി നടക്കുന്ന സുബ്രഹ്മണ്യന്‍ എന്ന ആളെ പരിചയപ്പെടുന്നത്. ഞങ്ങള്‍ അയാളെ സുബ്ബു എന്ന് വിളിച്ചു. ഒടുവില്‍ സിനിമയ്ക്കായി അദ്ദേഹം സ്വീകരിച്ച പേരാണ് മണിരത്‌നം. ഞങ്ങളുടെ ചര്‍ച്ചകളിലെല്ലാം വ്യത്യസ്തമായ ഒരു ചിത്രം ചെയ്യണമെന്ന വികാരമുണ്ടായിരുന്നു.

നിശ്ശബ്ദ പ്രകൃതനെങ്കിലും സിനിമയിലുള്ള സുബ്ബുവിന്റെ ആഴത്തിലുള്ള അറിവ് എന്നെ ഏറേ വശീകരിച്ചു. 1980-ല്‍ ഞാന്‍ 'രാജപാര്‍വെ' എന്ന ചിത്രം എഴുതുന്ന സമയമായിരുന്നു അത്. മണി എന്റടുത്ത് വന്ന് കൂടെക്കൂടെ തിരക്കഥാരചനയുടെ മര്‍മങ്ങള്‍ ചോദിച്ചറിയുമായിരുന്നു. ഇംഗ്ലീഷ് നോവലുകള്‍ വായിക്കുന്നതില്‍ രസം കണ്ടെത്തിയിരുന്ന മണി ജോസഫ് ഹെയ്‌സിന്റെ 'ദി ലോങ് ഡാര്‍ക്ക് നൈറ്റ്' എന്ന നോവലിനെപ്പോലെ ഒരു തിരക്കഥ രചിക്കണമെന്ന് കൂടെക്കൂടെ പറയുമായിരുന്നു. ഒടുവില്‍ 'നായകന്‍' സംഭവിച്ചു. അത് ഞങ്ങള്‍ക്കെല്ലാം വഴിത്തിരിവായി.''

അട്ടഹസിക്കാത്ത; കഴുത്തില്‍ ഉറുമാല്‍കെട്ടാത്ത വില്ലന്‍


1986-ല്‍ 'വിക്രം' ചെയ്തു കഴിഞ്ഞശേഷം കമലഹാസന്‍ മണിരത്‌നത്തോട് പറഞ്ഞു. ''അധോലോകത്തിന്റെ കഥ പറയുന്ന പുതിയചിത്രമാണല്ലോ നമ്മള്‍ ചെയ്യാന്‍പോകുന്നത്. നിങ്ങള്‍ തന്നെ സംവിധാനം ചെയ്യണം. പക്ഷേ, വില്ലന്‍ സങ്കല്പം നമുക്ക് പൊളിച്ചെഴുതണം. കഴുത്തില്‍ ഉറുമാല്‍കെട്ടി, കണ്ണുചുവപ്പിച്ച് അട്ടഹസിക്കുന്ന പി.എസ്. വീരപ്പ, മനോഹര്‍ തുടങ്ങിയ വില്ലന്‍ വേഷങ്ങളുടെ തടവറയില്‍ നിന്ന് നമുക്ക് തമിഴ്‌സിനിമയെ മോചിപ്പിക്കണം. പ്രതിനായകന്‍ നായകനാകുന്ന വേളയില്‍ വില്ലന്‍ വ്യത്യസ്തനായിരിക്കണം''.

സംഭവിച്ചതും അതുതന്നെയാണ്. വിസ്മയകരമായ വേഷപ്പകര്‍ച്ചയോടെ നിറഞ്ഞാടിയ കമലിന്റെ വേഷം ആസ്വാദകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. 'നായകന്റെ ഹൈലൈറ്റ് കമലഹാസനാണ്. മുപ്പതിന്റെ ആദ്യപകുതി പിന്നിടുന്ന കമല്‍ കഥാപാത്രത്തിന്റെ വ്യത്യസ്തതയും സാധ്യതകളും കണ്ടറിഞ്ഞ് വാര്‍ധക്യവേഷം കെട്ടാന്‍ തയ്യാറായി. യുവാവായ വരദരാജ മുതലിയാരുടെവേഷം മുതല്‍ അദ്ദേഹത്തിന്റെ വാര്‍ധക്യകാലവും കമല്‍ കെട്ടിയാടി. അതിന്റെ ഫലവും ദേശീയ പുരസ്‌കാരത്തിന്റെ രൂപത്തില്‍ ആ ഉന്നതനടനുകിട്ടി.
 1 2 NEXT 


 Other News In This Section