അമല പോള്‍ ഇളയദളപതിയുടെ നായിക

posted on:

30 Oct 2012


തെന്നിന്ത്യന്‍ നായികമാരില്‍ തുടര്‍ച്ചയായി ഹിറ്റുകളുമായി മുന്നേറുന്ന അമലപോള്‍ ഇളയദളപതി വിജയിയുടെ നായികയാകുന്നു. തുപ്പാക്കിക്ക് ശേഷം വിജയിയെ നായകനാക്കി എല്‍.എല്‍ വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അമലയ്ക്ക് നായികവേഷം ലഭിച്ചിരിക്കുന്നത്. എല്‍.എല്‍ വിജയിയുടെ ദൈവതിരുമകളില്‍ അമല പോള്‍ വിക്രമിനൊപ്പം അഭിനയിച്ചിരുന്നു. ഇതിന് ശേഷം തമിഴകത്ത് നിന്ന് ലഭിക്കുന്ന മികച്ച അവസരമാകും വിജയ് ചിത്രം.

ചന്ദ്രപ്രകാശ് ജെയിന്‍ നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 23 ന് ആരംഭിക്കും. യാമി ഗൗതം, സാമന്ത, ഡയാന പെന്റി എന്നീ പേരുകള്‍ പരിഗണിച്ചാണ് ഒടുവില്‍ അമലയ്ക്ക് നറുക്ക് വീണത്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ റണ്‍ ബേബി റണ്ണിലെ പ്രകടനവും ഏറെ അഭിനയപ്രാധാന്യമുള്ള വിജയ് ചിത്രം ലഭിക്കുന്നതിന് സഹായമായി. റണ്‍ ബേബി റണ്‍ കണ്ട വിജയ് അമലയുടെ പ്രകടനത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു. പിറന്നാള്‍ സമ്മാനമെന്നാണ് വിജയിയുടെ നായികവേഷത്തെക്കുറിച്ച് അമല പ്രതികരിച്ചത്.

സമുദ്രക്കനി സംവിധാനം ചെയ്യുന്ന ജയംരവി നായകനായ നിമിര്‍ന്ത് നില്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചുവരുകയാണ് അമല ഇപ്പോള്‍.