തമിഴ്‌നാട്ടിലെ വില്ലുപുരംഗ്രാമം ഒരു താരോദയത്തിനുകൂടി കാതോര്‍ക്കുകയാണ്. ആറുപതിറ്റാണ്ടിനിടെ സെല്ലുലോയ്ഡിന്റെ വെള്ളിവെളിച്ചത്തിലേക്ക് രണ്ട് പ്രഗല്ഭരെ സംഭാവനചെയ്ത ഈഗ്രാമത്തിന്റെ കണ്ണിലുണ്ണികളായിരുന്നു മൂന്നര പതിറ്റാണ്ടോളം തമിഴകത്ത് നിറഞ്ഞുനിന്ന നടികര്‍ തിലകം ശിവാജിഗണേശനും മകന്‍ പ്രഭു ഗണേശന്‍ എന്ന പ്രഭുവും. കുടുംബത്തിലെ ഇളമുറക്കാരനും പ്രഭുവിന്റെ മകനുമായ വിക്രം പ്രഭു സിനിമാരംഗത്ത് അരങ്ങേറ്റംകുറിക്കുന്നു. വിക്രമിന്റെ ആദ്യചിത്രമായ 'കുംകി' അടുത്തുതന്നെ പ്രദര്‍ശനത്തിനെത്തും.
1952-മുതലാണ് ഈ ഗ്രാമം തമിഴ്‌സിനിമാരംഗത്ത് അറിയപ്പെട്ടുതുടങ്ങിയത്. 'പരാശക്തി' എന്ന ചിത്രത്തിലൂടെ ശിവാജിഗണേശന്‍ അരങ്ങേറ്റം കുറിച്ച വര്‍ഷമായിരുന്നു അത്. പ്രത്യേക ഈണത്തിലുള്ള സംഭാഷണ ശൈലിയും കവിതതുളുമ്പുന്ന ഉച്ചാരണ വൈദഗ്ധ്യവും മികച്ച അഭിനയശേഷിയുമുള്ള ആ നടനെ പ്രേക്ഷകര്‍ ഇരു കൈയുംനീട്ടി സ്വീകരിച്ചു. ഒരു പുതിയ അഭിനയ ശൈലിയുടെ തേരോട്ടം തുടങ്ങുകയായിരുന്നു. മുന്നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട് ഏറെ ഉയരങ്ങള്‍ കീഴടക്കിയാണ് ശിവാജിഗണേശന്‍ വിടപറഞ്ഞത്.
ശിവാജി എന്ന നടന്റെ പിറവിക്കുശേഷം കൃത്യം മുപ്പതുവര്‍ഷംകഴിഞ്ഞ് 1982-ല്‍ ശിവാജിയുടെ മകന്‍ പ്രഭു 'ശങ്കിലി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റംകുറിച്ചതോടെ ഈ ഗ്രാമവും ശിവാജിയുടെ വീട്ടുകാരും സിനിമാതാരങ്ങളെ സമ്മാനിച്ചവര്‍ എന്ന ബഹുമതി നേടുകയായിരുന്നു. ഇപ്പോഴും ഈ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പ്രഭു നൂറ്റിയമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. 'ചിന്നത്തമ്പി' എന്ന ചിത്രത്തിലൂടെ സൂപ്പര്‍താരമായി ഉയര്‍ന്ന പ്രഭു ഇപ്പോള്‍ സ്വഭാവനടന്റെ റോളുകളില്‍ മിന്നുകയാണ്. പ്രഭു അരങ്ങേറ്റംകുറിച്ച് കൃത്യം മുപ്പതുവര്‍ഷത്തിനുശേഷം 2012-ല്‍ അങ്ങനെ ശിവാജി കുടുംബത്തിലെ ഇളമുറക്കാരന്‍ എത്തുകയാണ്. വിക്രംപ്രഭു എന്ന യുവാവ് നടനായി അരങ്ങേറും മുമ്പുതന്നെ വാര്‍ത്തകളിലൂടെ ഹിറ്റായിക്കഴിഞ്ഞു.
ശിവാജി കുടുംബവും ആനകളും
''ആനകള്‍ എന്നും കുടുംബത്തിന്റെ ബലഹീനതയായിരുന്നു. എനിക്ക് ആനകളുമായി കുഞ്ഞുനാളിലേ ബന്ധമുണ്ട്. മുത്തച്ഛന്‍ ശിവാജി ഗണേശന്‍ ആനപ്രേമിയായിരുന്നു. ഭക്തിപൂര്‍വം ആനകളെ ക്ഷേത്രങ്ങളില്‍ അദ്ദേഹം നടയിരുത്താറുണ്ട്. തഞ്ചാവൂര്‍ ക്ഷേത്രത്തില്‍ അദ്ദേഹം നടയിരുത്തിയ ആന ഇത്തരത്തിലുള്ളതാണ്. ശൂരക്കോട്ടയിലെ ഞങ്ങളുടെ തറവാടുവീട്ടില്‍ ഞങ്ങള്‍ എത്തിയാല്‍ ഈ ആനയെ ദര്‍ശനത്തിനായി അവിടെ കൊണ്ടുവരാറുണ്ടായിരുന്നു''. ഇത് വിക്രം പ്രഭുവിന്റെ ഗൃഹാതുരത്വംനിറഞ്ഞ ഓര്‍മ. ആദ്യ ചിത്രമായ 'കുംകി' യില്‍ ആനപ്പാപ്പാന്റെ റോളിലാണ് വിക്രം എത്തുന്നത്. കുടുംബത്തിന് ആനകളോടുള്ളബന്ധത്തിന്റെ തുടര്‍ച്ചയായി ആദ്യചിത്രത്തില്‍ ആനപ്പാപ്പാന്റെ കഥാപാത്രം അവതരിപ്പിക്കാനായത് നിമിത്തസൂചനയാകാമെന്നാണ് വിക്രം കരുതുന്നത്. ശൂരക്കോട്ടയിലെ ബാല്യകാലദിനങ്ങളില്‍ ആനകള്‍ക്കൊപ്പം ചെലവിട്ടതിന്റെ മറ്റനേകം രസകരമായ ഓര്‍മകളും വിക്രമിനുണ്ട്. ''ചെന്നൈയിലെ ഞങ്ങളുടെ വീടിന്റെ അടുത്ത് ആനകള്‍ എത്തിയെന്നറിഞ്ഞാല്‍ ഞങ്ങള്‍ അവയെ വീട്ടിലേക്ക് സ്വാഗതംചെയ്യും. പിന്നെ അവര്‍ക്കൊപ്പം ഏറെസമയം ചെലവിടും. ആദ്യചിത്രത്തില്‍ ആനക്കാരനായിത്തന്നെ അഭിനയിക്കാനായത് ദൈവാനുഗ്രഹമായും കരുതുന്നു''- വിക്രം പറയുന്നു.
ഒറ്റപ്പാലം മനോഹരം; കേരളം അതിമനോഹരം
കേരളത്തിന്റെ മനോഹാരിതയെക്കുറിച്ച് എത്രവര്‍ണിച്ചാലും മതിയാകില്ലെന്ന് വിക്രം പറയുന്നു. ''ആനകളുടെയും പാപ്പാന്മാരുടെയും ജീവിതം കണ്ട്മനസ്സിലാക്കേണ്ടത് കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് അനിവാര്യമാണെന്ന നിലപാടിലായിരുന്നു. 'കുംകി' യുടെ സംവിധായകന്‍ പ്രഭു സോളനം. അദ്ദേഹത്തിന്റെ പ്രത്യേക നിര്‍ദേശാനുസരണമാണ് ഞാന്‍ കേരളത്തിലെ ഒറ്റപ്പാലത്തെത്തുന്നത്. ഇവിടത്തെ പ്രകൃതി മനോഹരം. കേരളം അതിമനോഹരമാണെന്നും ഞാന്‍ പറയും''- വിക്രം പ്രഭു പറയുന്നു. ഏറെ ഹോംവര്‍ക്കുകള്‍ക്കുശേഷമാണ് വിക്രം ഈ വേഷം ചെയ്തത്.
''അഭിനയത്തിന്റെ ആദ്യഘട്ടത്തില്‍ ആനയെ മെരുക്കാനും ആനപ്പുറത്ത് കയറാനും വിഷമംനേരിട്ടു. പക്ഷേ ഞാന്‍ ക്ഷമാപൂര്‍വം എല്ലാം പഠിച്ചെടുത്തു. സ്വതവേ പരുക്കന്‍ ശബ്ദമാണെനിക്ക്. പക്ഷേ ആനപ്പാപ്പാന്മാര്‍ ആനകളോടിടപഴകുമ്പോള്‍ പതിഞ്ഞ സ്വരത്തിലാണ് സംഭാഷണം നടത്താറുള്ളത്. അതിനാല്‍ കുറച്ച് വിഷമിച്ചാണെങ്കിലും ഞാനതും ഹൃദിസ്ഥമാക്കി'' ആസ്വദിച്ചുതന്നെയാണ് ഈ റോള്‍ ചെയ്തതും ചിത്രം പൂര്‍ത്തിയാക്കിയതും- വിക്രം പ്രഭു പറഞ്ഞു. 53 ദിവസമാണ് വിക്രം ആനയ്‌ക്കൊപ്പം ചെലവിട്ടത്. മാണിക്യം എന്നായിരുന്നു ആനയുടെ പേര്. മുത്തച്ഛനും അച്ഛനും ആനക്കാരായി വേഷമിട്ടത് വിക്രമിന്റെ ഓര്‍മയിലില്ല. ആ ഭാഗ്യം തനിക്കുമാത്രമെന്നാണ് വിക്രം പറയുന്നത്.