ചെന്നൈയില്‍ ഒരു നല്ലിരവ്: അനൂപ് മേനോന്‍ തമിഴിലും

posted on:

11 Aug 2012


അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം ലഭിച്ച സന്തോഷത്തിലാണ് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍. തമിഴകത്ത് നിന്ന് വന്ന ഓഫര്‍, അന്ധനായ ശ്രീലങ്കന്‍ അഭയാര്‍ഥിയുടെ റോള്‍ അനൂപ് മേനോന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് സമാനതകളില്ലാത്ത വേഷമാകും. കഥാപാത്രത്തിന്റെ അഭിനയസാധ്യത മനസ്സിലാക്കിയ താരം അതോടെ തമിഴ് സിനിമയിലേക്കുള്ള തന്റെ രംഗപ്രവേശവുംപ്രഖ്യാപിക്കുകയാണ്.

മീര കതിരവന്‍ സംവിധാനം ചെയ്യുന്ന 'ചെന്നൈയില്‍ ഒരു നല്ലിരവ്' എന്ന ചിത്രത്തിലാണ് അനൂപ് മേനോന്‍ നായകനാകുന്നത്. മകളെ നഷ്ടമായ അന്ധനായ ശ്രീലങ്കന്‍ അഭയാര്‍ഥി ചെന്നൈ നഗരത്തിലൂടെ നടത്തുന്ന തിരച്ചിലാണ് സിനിമയ്ക്ക് വിഷയം. ശാന്തന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ദൈവതിരുമകളിലൂടെ പ്രേക്ഷകരുടെ കൈയടി വാങ്ങിയ ബേബി സാറയാണ് ചിത്രത്തില്‍ അനൂപിന്റെ മകളുടെ വേഷം ചെയ്യുന്നത്. നവംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പ്ലാന്‍ ചെയ്തിരിക്കുന്നത്.