നായികയും സംവിധായകനും തമ്മിലെന്ത് ?

കെ.കെ. അജിത്കുമാര്‍

 

posted on:

11 Aug 2012


സംവിധായകന്‍ സുന്ദര്‍ സി.യും നടി അഞ്ജലിയും തമ്മില്‍ ആവശ്യത്തില്‍ കവിഞ്ഞ അടുപ്പമുണ്ടോ? അങ്ങനെയൊരുകഥ കോളിവുഡില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍. വിശാല്‍ നായകനായ 'മദഗജരാജ' എന്ന ചിത്രത്തിന്റെ സെറ്റില്‍നിന്നാണ് ഇക്കഥയുടെ തുടക്കം. അതിലെ നായികയാണ് അഞ്ജലി. ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദര്‍ സി.യാണ്. ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

'മദഗജരാജ'യുടെ സെറ്റില്‍ അഞ്ജലിയോട് സംവിധായകന്‍ അടുപ്പക്കൂടുതല്‍ കാണിക്കുന്നുവെന്നാണ് പരദൂഷണക്കാര്‍ പറഞ്ഞുപരത്തുന്നത്. 'അങ്ങാടിത്തെരു'വിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന താരം പക്ഷേ, ഈ കഥകള്‍ നിഷേധിക്കുകയാണ്. ''എന്നെക്കുറിച്ച് അടിസ്ഥാനമില്ലാത്ത കഥകള്‍ പ്രചരിപ്പിക്കുന്നത് ചിലരുടെ പതിവാണ്. അക്കൂട്ടത്തിലൊന്നെന്ന സ്ഥാനമേ ഇപ്പോഴത്തെ പ്രചാരണത്തിനുള്ളൂ''-അഞ്ജലി വ്യക്തമാക്കുന്നു.

'ആയുധം സെയ്‌വോം' എന്ന ചിത്രത്തിനുവേണ്ടിയാണ് സുന്ദര്‍ സി.യും അഞ്ജലിയും ആദ്യമായി ഒന്നിച്ചത്. അതില്‍ നായകനായിരുന്നു അദ്ദേഹം. തമിഴ് സിനിമയിലെ അഞ്ജലിയുടെ ആദ്യചിത്രങ്ങളിലൊന്നാണിത്. പതിവ് സുന്ദര്‍ സി.ചിത്രങ്ങള്‍പോലെ മേനിപ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കിയതായിരുന്നു അതും. എന്നാല്‍, ബോക്‌സ്ഓഫീസില്‍ തകര്‍ച്ചയായിരുന്നു ഫലം.
തുടര്‍ന്നാണ് അഞ്ജലി കുടുംബപ്രേക്ഷകരുടെ പ്രിയനായികയായി സ്വീകരിക്കപ്പെട്ടത്. 'അങ്ങാടിത്തെരു', 'എങ്കേയും എപ്പോതും' എന്നീ സിനിമകളാണ് താരത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചത്. എന്നാല്‍, അതിനുപിന്നാലെ വന്ന 'കലകലപ്പ്' എന്ന ചിത്രത്തില്‍ മേനിപ്രദര്‍ശനത്തിലൂടെ അഞ്ജലി വീണ്ടും കാണികളെ ഞെട്ടിച്ചു. സുന്ദര്‍ സി.യായിരുന്നു സംവിധായകന്‍.

കുലീനകുടുംബപ്പെണ്‍കൊടിയെന്ന പ്രതിച്ഛായ തകര്‍ക്കുംവിധമാണ് സുന്ദര്‍ സി.യുടെ സിനിമകളില്‍ അഞ്ജലി അഭിനയിക്കുന്നതെന്ന ആക്ഷേപമാണ് താരത്തിന്റെ ആരാധകര്‍ ഉയര്‍ത്തുന്നത്. നടിയെന്ന നിലയില്‍ എല്ലാത്തരം വേഷങ്ങളും അവതരിപ്പിക്കേണ്ടതുണ്ടെന്ന നിലപാടാണ് അഞ്ജലിയുടേത്. അതുകൊണ്ട്, ഗ്ലാമര്‍പ്രദര്‍ശനത്തെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ കാര്യമാക്കാതെ മുന്നേറാന്‍തന്നെയാണ് താരത്തിന്റെ തീരുമാനം. അപവാദങ്ങളെക്കുറിച്ചും അതേ നിലപാടുതന്നെ സ്വീകരിക്കുമെന്ന് അഞ്ജലി വിശദീകരിക്കുന്നു.