കുഞ്ഞനന്തന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍കുന്നതെന്ത്..

എസ് എസ് സുമേഷ്‌കുമാര്‍

 

posted on:

10 Sep 2013


ഭൂമി മലയാളത്തിന്റെ ച്ചിരി പിടിയോളം ഭാഗത്ത് അധിവസിക്കുന്ന ഒരു പ്രത്യേക വിഭാഗമുണ്ട്. ആധുനികഭാഷയില്‍ നമുക്ക് ഇവരെ വികസനവിരോധികള്‍ എന്ന ഒററവാക്കില്‍ ചുരുക്കാം. നാലുവരി റോഡ് വന്നാലും വിമാനത്താവളം ഐ ടി പാര്‍ക്ക് വന്നാലും ഇക്കൂട്ടര്‍ അവിടെ ഉണ്ടാവും. ഒരു കൊടിയും പൊക്കി പിടിച്ച്. പലദേശങ്ങളില്‍ പലകാലങ്ങളില്‍ പലരായി ഇവര്‍ എത്തുന്നു. വികസനവഴിയിലെ കുപ്പിചില്ലുകളെന്നും കാരമുളളുകളെന്നും ഒക്കെ വിശേഷിപ്പിക്കാം. ആളുകള്‍ മാറിയാലും ലക്ഷ്യം ഒന്ന് തന്നെയാണ്. വികസനം തടയുക അത്ര തന്നെ- ദന്തഗോപുരത്തിന്റെ മട്ടുപ്പാവില്‍ നിന്ന് ജനകീയ സമരങ്ങളുടെ ശരി തെറ്റുകള്‍ ഗണിക്കുന്ന ഒരാളില്‍ നിന്ന് കൃത്യമായി ലഭിയ്ക്കുന്ന മറുപടിയാണ് ഇത്. വാദം ശരിയോ തെറ്റോ.. സലീം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കട എങ്ങനെ വിലയിരുത്തപ്പെടുന്നു എന്നത് പ്രേക്ഷകന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നു. ഗൗരവമാര്‍ന്നതും കാലിക പ്രസക്തവും ഏറ്റവും കൂടുതല്‍ ചര്‍ച്ച നടന്നിട്ടുളളതുമായ പ്രമേയം ചര്‍ച്ചയ്ക്ക് വരുകയാണ് ഇവിടെ.

വോട്ടര്‍ എന്ന തിരഞ്ഞെടുപ്പ് ഉപകരണമെന്നതിനപ്പുറം രാഷ്ടീയഭൂപടത്തില്‍ ഒന്നും ചെയ്യാനില്ലാത്ത ഒരുപൗരന്റെ മനസ്സില്‍ ഡെമോക്ലസിന്റെ വാള്‍ പോലെ തൂങ്ങിയാടുന്ന ഒന്നുണ്ട്. ഏത് നിമിഷവും ഒരു കുടിയൊഴിപ്പിക്കലിന് അവന്‍ വിധേയനാക്കപ്പെട്ടേക്കാം എന്നതാണ് അത്. നമ്മുടെ വന്‍കിട പദ്ധതികളുടെയെല്ലാം രൂപരേഖ നീണ്ടു വരുന്നത് അവന്റെ അടുക്കളയുടേയോ കിണറിന്റെയോ വീടിന്റെ പിന്നാമ്പുറത്തോടോ ആണ്. എന്തുകൊണ്ട് അത് രാഷ്ടീയനേതാക്കളുടെ പറമ്പിലൂടെ കടന്നു വരുന്നില്ല എന്നത് ബാലിശമായ ചോദ്യം മാത്രമാണ്( അരാഷ്ട്രീയവാദവും). ദേശീയ പാതയുടെ ഒത്ത നടുവിനെ ചൂണ്ടി ഇന്നലെ ഞാന്‍ ഉണ്ടുറുങ്ങിയ മണ്ണാണ് എന്നു പറയുന്നതിലെ വൈകാരികതയല്ല ഒരുവനെ വികസനവിരോധിയും പിന്തിരിപ്പനുമാക്കുന്നത് അതിനേക്കാള്‍ നാളെ ഞാനെവിടെയായിരിക്കും എന്ന നിസാരമായ വാചകത്തിലെ അളവില്ലാത്ത അനിശ്ചിതത്വമാണ് അവനെ പിന്നോട്ടടിയ്ക്കുന്നത് പുനധിവാസം എന്നസര്‍ക്കാര്‍ തുറുപ്പ്ചീട്ടിന് അവന്റെ ആശങ്കകളേ മാറ്റാന്‍ കഴിയുന്നില്ല.

പരമാവധി അഞ്ചുവര്‍ഷത്തെ വാറന്റി മാത്രമായിരിക്കും അതിന് ഉണ്ടായിരിക്കുന്നത്. അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ അവരെ നിയന്ത്രണരേഖയില്‍ നിര്‍ത്താനായി മെനയുന്ന നടപ്പാക്കുവാന്‍ സാധ്യതയില്ലാത്ത പാക്കേജുകളുടെ ഭാരവും പേറി ഫയലുകള്‍ക്കിടയില്‍ ഉണങ്ങുന്ന കണ്ണീരായി കുടിയൊഴിക്കപ്പെട്ടവന്‍ മാറുന്നു. സംഭവങ്ങള്‍ പലതായിരിക്കും. പക്ഷേ ആത്യന്തികമായി വിധി ഒന്നാണ്. മൂലമ്പളളിയും ബ്രഹ്മപുരവും കിനാലൂരും ഒക്കെ വെറും സ്ഥലപ്പേര് മാത്രമാവാതെ നില്ക്കുകയും ചെയ്യുന്നതും അതുകൊണ്ടാണ്.

അത്തരമൊരു അവസ്ഥയില്‍ ഇരകള്‍ക്കായി പൊതുസമൂഹത്തിന് എന്തുചെയ്യാം. ഫെയ്‌സ്ബുക്കില്‍ നിക്ഷേപിക്കുന്ന ഒരു അനുകൂലകമന്റ്. അല്ലെങ്കില്‍ ഒരു ഡിസ്‌ലൈക്. അതുമല്ലെങ്കില്‍ ജര്‍മ്മന്‍ ജൂതന്റെ കഥയിലെ പോലെ ഒരിക്കലും തങ്ങളെ ബാധിക്കാന്‍ സാധ്യതയില്ലെന്ന് മനസ്സില്‍ ഉറപ്പിച്ച് ഊഴമെത്തുന്നത് വരെ കാത്തിരിക്കാം. അത്തരമൊരു നിര്‍വികാരതയുടെ വെളിച്ചത്തില്‍ നിന്നാണ് സലീം അഹമ്മദ് കുഞ്ഞനന്തന്റെ കട തുറക്കുന്നത്. ആദ്യപകുതിയില്‍ പ്രമേയം അര്‍ഹിക്കുന്ന ഗൗരവമായ പരിഗണന നല്കുവാന്‍ സംവിധായകന് സാധിക്കുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ സംവിധായകന്‍ കുഞ്ഞനന്തന്‍ ഒരു വലിയ തെറ്റാണ് എന്ന് സമര്‍ത്ഥിക്കുകയാണ്. . അതില്‍ പൂര്‍ണ്ണമായും വിജയിക്കുകയും ചെയ്യുന്നു.

വ്യക്തിയെന്ന നിലയിലും സമൂഹിക കാഴ്ചപ്പാടിലും കുടുംബനാഥനെന്ന നിലയിലും വെളിച്ചമെത്താത്ത ഭൂഖണ്ഡമായിരുന്നു അയാള്‍. ശരിയിലേയ്ക്കുളള അയാളുടെ വളരെ വൈകിയ യാത്രയെ അതിവേഗം ബഹുദൂരമെന്ന രീതിയില്‍ അവസാനിപ്പിക്കുകയാണ്. സുകു എന്ന എങ്ങുനിന്നോ വന്ന് തീവ്രവൈകാരികതയ്ക്ക് അടിമപ്പെട്ട് പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ മടങ്ങിയ ചെറുപ്പക്കാരന്റെ ഓര്‍മ്മകളിലേയ്ക്ക് സിനിമയുടെ അവസാനം കുഞ്ഞനന്തന്‍ തന്റെ വേഷം മാറിയ സൂപ്പര്‍മാര്‍ക്കറ്റിന് മുമ്പില്‍ നിന്ന് നോ്ക്കുന്ന നോട്ടമുണ്ട്. അനുതാപത്തില്‍ പൊതിഞ്ഞ ആ നോട്ടത്തിനെ ഇങ്ങനെ സംഗ്രഹിക്കാം. എടാ സുകൂ... നീ ഒരു വന്‍ പരാജയമായിരുന്നു.

എ ബിഗ് ബ്ലണ്ടര്‍. കടയുടെ സമൃദ്ധിയില്‍ വിരാജിച്ചിരുന്ന എലിയ്ക്ക് ഉയരങ്ങളില്‍ തന്റെ മാളം കണ്ടെത്താന്‍ വേണ്ടി വന്നത് മിനിറ്റുകള്‍ മാത്രമാണ്. മരത്തില്‍ നന്ദി പോലും പ്രകടിപ്പിക്കാതെ ഓടികയറുന്ന എലി ഒരു പ്രതീകം മാത്രമാവുന്നു. മാറ്റം അത് അനിവാര്യതയാണ്. അതിന് വഴിമാറി കൊടുക്കുകയെന്ന സന്ദേശമാണ് സിനിമ നല്കുന്നത്. തുടക്കത്തില്‍ റബ്ബര്‍ ചെരിപ്പില്‍ നിന്ന് കളിവണ്ടിയുണ്ടാക്കി ഉരുട്ടുന്ന കുട്ടി അവസാനമെത്തുമ്പോള്‍ സൈക്കിളിലേയ്ക്ക് കൂടുമാറുന്നു. സാമൂഹികമായ മാറ്റത്തിനുളള റബ്ബറൈസ്ഡ് വഴികള്‍ തെളിയുകയാണ് ഇങ്ങനെ. പാര്‍പ്പിടം എന്നത് വെറും വൈകാരികതയാണെന്നും വികസനമെന്നത് അനിവാര്യതയാണെന്നും പറഞ്ഞുവയ്ക്കുന്നു.

ഇത്രയും കുഞ്ഞനന്തനെപോലെ നാട്ടിന്‍പുറം നന്‍മകളാല്‍ സമൃദ്ധം എന്ന് വിശ്വസിക്കുന്ന വികസനവിരോധിയുടെ കാഴ്ചപാടില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്നതാണ്. എന്നാല്‍ മറുവശം നോക്കുമ്പോള്‍ തെളിയുന്ന യാഥാര്‍ത്ഥ്യങ്ങളുമുണ്ട്. എന്നാല്‍ സലീംഅഹമ്മദിന് പൂര്‍ണ്ണമായും സമര്‍ത്ഥിക്കാന്‍ കഴിഞ്ഞോ എന്ന സംശയം മാത്രം ബാക്കി. റോഡ് 4 വരി പാതയായാല്‍ അപകടങ്ങള്‍ കുറയുമെന്ന് പറഞ്ഞുവയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. സത്യത്തില്‍ അത് ഒരു തെറ്റിധാരണ മാത്രമല്ലേ.

റോഡിന്റെ വീതികുറവാണ് അപകടം കുറയ്ക്കുന്നതെങ്കില്‍ ദേശായപാതകളില്‍ അപകടം പകുതിയായി കുറയേണ്ടതല്ലേ. പി ഡബ്‌ള്യു ഡി എഞ്ചിനീയര്‍ കുഞ്ഞനന്തന്‍ എന്ന സാധാരണക്കാരന്റെ കട നഷ്ടത്തിന് കണക്കാക്കുന്നത് പ്രതിമാസം 2000 രൂപയാണ്. മൂന്ന് മാസത്തേയ്ക്ക് മാത്രമാണത്. ഏറെക്കുറേ യാഥാര്‍ഥ്യപൂര്‍ണ്ണമായ നിരീക്ഷണമായി അത് തോന്നാം. അത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി. എന്നാല്‍ അവസാനമാവുമ്പോഴേയ്ക്കും കുഞ്ഞനന്തനെ കടന്ന് മമ്മൂട്ടി എന്ന സൂപ്പര്‍താരത്തിന്റെ ഇമേജിലേയ്ക്ക് സലിംഅഹമ്മദ് ഒളിച്ചതുപോലെ തോന്നുന്നു. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് എല്ലാവരും സസുഖം വാഴുന്നുവെന്ന സന്ദേശം നല്കി കുഞ്ഞന്‍ വിടപറയുകയാണ്.. ഒന്ന് ചീഞ്ഞാല്‍ മാത്രമേ മറ്റൊന്നിന് വളമാകൂവെന്ന തിരിച്ചറിവോടെ.

വിയോജിപ്പുക്കകള്‍ക്കിടയില്‍ യോജിപ്പായി രണ്ട് പേരാണ് തെളിയുന്നത്. കാമറയുടേയും പശ്ചാത്തലസംഗീതത്തിന്റെയും കാര്യത്തില്‍. ഗ്രാമത്തെ പറിച്ചുവെച്ച അനുഭവം സമ്മാനിക്കുവാന്‍ മധു അമ്പാട്ടിന് കഴിയുന്നു. രാവും പകലും ഋതുഭേദങ്ങളുമെല്ലാം അതിമനോഹരമായി വരയ്ക്കുകയാണ്. റസൂല്‍പൂക്കുട്ടിയുടെ ശബ്ദലേഖനവും അതിമനോഹരം. പ്രതീകങ്ങളെ ഉപയോഗിച്ച് സലീംഅഹമ്മദിന്റെ കഥപറച്ചില്‍ രീതി സിനിമയെ പ്രേക്ഷകര്‍ക്കൊപ്പം തീയേറ്റിന് വെളിയിലേയ്ക്കും കൊണ്ടുവരുന്നുണ്ട്. തത്വചിന്താപരമായ വിശകലനങ്ങളും വ്യക്തികളുടെ സമീപനങ്ങളും എല്ലാം പൊലിപ്പിച്ചുവെന്ന തോന്നല്‍ ഉണ്ടാക്കുന്നില്ല.
 1 2 NEXT