ബന്ധങ്ങളുടെ 916

ഷാഹിന കെ റഫിക്

 

posted on:

18 Nov 2012


സ്വര്‍ണ്ണം പോലെ മാറ്റ് കുറയാത്ത ബന്ധങ്ങളെ കുറിച്ചാണ് എം മോഹനന്‍ സംവിധാനം നിര്‍വഹിച്ച 916 പറയാന്‍ ശ്രമിക്കുന്നത്. അച്ഛനും മകളും തമ്മില്‍, ഭാര്യയും ഭര്‍ത്താവും തമ്മില്‍, സുഹൃത്തുക്കള്‍ തമ്മില്‍ ഒക്കെയുള്ള 916 പരിശുദ്ധിയുള്ള, ജീവിതം നിലനിര്‍ത്തുന്ന പച്ചപ്പുകളെ കുറിച്ച്.

വളരെയധികം ശ്രദ്ധിക്കപ്പെട്ട കഥ പറയുമ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ മാണിക്യകല്ല് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹനന്‍ ഒരുക്കുന്ന ഈ സിനിമ വിഭാര്യനായ ഡോ. ഹരികൃഷ്ണന്റെയും (അനൂപ് മേനോന്‍) മകള്‍ മീരയുടെയേം (മാളവിക മേനോന്‍) സ്വച്ഛമായ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഗതി മാറ്റുന്നതിനെ കുറിച്ച് പറയുന്നു. പണം ഇച്ച്ചിക്കാതെ ആതുര സേവനം തപസ്യ ആക്കിയ വ്യക്തിയാണ് ഡോ ഹരികൃഷ്ണന്‍. ഹരിയുടെ സുഹൃത്തായ ഡോ രമേശ് (മുകേഷ്) ആവട്ടെ ഭാര്യ പറയുന്നതിനനുസരിച്ച് ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ് പണസമ്പാദനം എന്ന ലക്ഷ്യം മാത്രം മുന്‍പില്‍ കണ്ടു കൊണ്ട്.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മീരയുടെ ലോകം അച്ഛന് ചുറ്റുമാണ്, ഹരി ജീവിക്കുന്നതും മീരയ്ക്ക് വേണ്ടിയാണ്. ഇവരുടെ ഇടയിലേക്ക് പ്രശാന്ത് (അസിഫ് അലി) എന്ന ചെറുപ്പക്കാരന്‍ കടന്നു വരുന്നതോടെ ഉണ്ടാവുന്ന പൊട്ടിത്തെറികളും ഒരപ്രതീക്ഷിത ഫോണ്‍ കാള്‍ അവരുടെ ജീവിതം മാറ്റിമറിക്കുന്നതുമാണ് ഈ സിനിമയുടെ പ്രതിപാദ്യം.

സംഗതി ഒക്കെ കൊള്ളാമെങ്കിലും ഉരുക്കി വന്നപ്പോ 916 ന്റെ മാറ്റ് എത്രയെന്ന് പ്രേക്ഷകര്‍ തന്നെ വിലയിരുത്തട്ടെ. പ്രണയം, പണക്കാരി പെണ്ണിന് ഗ്രാമ്യ ജീവിതത്തോട് പൊരുത്തപ്പെടാനാവാത്തത്, ഗ്രാമ നന്മ, ഡോക്ടര്‍മാരുടെ പണത്തിനോടുള്ള ആര്‍ത്തി, പ്രവാസി അച്ഛനമ്മമാര്‍ നാട്ടില്‍ തനിച്ചാക്കി പോവുന്ന കുട്ടികളുടെ ഒറ്റപ്പെടല്‍, കൂട്ടുകെട്ടുകള്‍, ഇന്റര്‍നെറ്റ് കഫെ, മൊബൈല്‍ ഫോണ്‍ എന്നിവ വഴി തെറ്റിക്കുന്ന കൗമാരം, അച്ഛനും മകളും തമ്മില്‍ മകളും അമ്മയും തമ്മില്‍ ഉള്ള ബന്ധം എന്ന് തുടങ്ങി സിനിമ പറയാത്ത വിഷയങ്ങള്‍ ചുരുക്കം, അത് കൊണ്ട് തന്നെ എവിടെയും കൂടുതല്‍ സ്പര്‍ശിക്കാതെ സിനിമ പലപ്പോഴും ഉപരിവിപ്ലവമായും പോവുന്നു.

ഒരേ വീട്ടിലെ രണ്ടു പേര്‍ സംസാരിക്കുന്നതു രണ്ടു രീതിയിലാണ് ഈ സിനിമയില്‍, അച്ഛന്‍ സാധാരണ മലയാളം പറയുമ്പോള്‍ മകന്‍ തനി നാട്ടുഭാഷയിലാണ് സംസാരം, അതും കേരളത്തിന്റെ ഒരറ്റം തൊട്ടു മറ്റേ അറ്റം വരെയുള്ള പല ഭേദങ്ങളില്‍! (ഡോ ഹരി കേരളത്തിലുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്തിട്ടുണ്ടാവാം, അവിടെ നിന്ന് സ്വാംശീകരിച്ച്‌ചെടുതതാവം ഈ വൈവിധ്യം!) ഉപദേശിക്കാന്‍ മാത്രമായി ഒരു കഥാപാത്രത്തെ സൃഷ് ടിച്ച പോലെ തോന്നാം. അനാവശ്യ വീഡിയോകള്‍ കാണുന്നതിനെയും അത്തരം ക്ലിപ്പിങ്ങ്‌സ് അവര്‍ക്ക് കൊടുക്കുന്നവരെയും എല്ലാം ഘോര ഘോരം വിമര്‍ശിക്കുന്ന പ്രശാന്ത് തന്നെ മൊബൈല്‍ ഫോണ്‍ പെണ്‍കുട്ടിക്ക് സമ്മാനിക്കുന്നതില്‍ ഒരു അസ്വാഭാവികതയോ തെറ്റോ കാണുന്നുമില്ല! സ്ലീവ് ലെസ്സ് ബ്ലൌസ് ഇടുന്ന പെണ് തന്റെടിയും തന്നിഷ്ടക്കാരിയും ഭര്‍ത്താവിനെ ഭരിക്കുന്നവളും എന്ന പഴഞ്ചന്‍ സ്റ്റീരിയോടൊപ്പിങ് ഇതിലും കാണാം.

ഒരുപാട് അഭിനയ മുഹൂര്‍ത്തങ്ങള്‍ സിനിമയില്‍ ഇല്ലെങ്കിലും പുതുമുഖം മാളവിക നിരാശപ്പെടുത്തുന്നില്ല. പണം മുടക്കി ടിക്കറ്റ് എടുക്കുന്നവര്‍ സിനിമയ്ക്കുള്ളിലും പരസ്യം കാണണം! (നമ്മുടെ നികുതി പണം കൊണ്ട് മറഡോണയെ ആഘോഷിച്ച പോലെ!). ഇത്രയൊക്കെ ആവുമ്പോള്‍ 916 എന്ന സിനിമയാവുന്നു.